|
Loading Weather...
Follow Us:
BREAKING

മാത്താനം പാടശേഖരം ഇനി പച്ചപ്പണിയുമോ?

മാത്താനം പാടശേഖരം ഇനി പച്ചപ്പണിയുമോ?

സുഭാഷ് ഗോപി

തലയോലപ്പറമ്പ്: ഗ്രാമപഞ്ചായത്തിന്റെ പ്രധാന നെല്ലറകളില്‍ ഒന്നായ മാത്താനം പാടശേഖരത്തില്‍ നെല്‍കൃഷി ഓര്‍മയാകുന്നു. കാലങ്ങള്‍ക്ക് മുമ്പുവരെ പഞ്ചായത്തിലെ നെല്‍കൃഷിയുടെ കേന്ദ്രമായിരുന്നു ഈ പാടശേഖരം. 40 ഏക്കറോളം വരുന്ന പാടശേഖരത്തില്‍ ഇപ്പോള്‍ വിരലിലെണ്ണാവുന്നവര്‍ കൃഷി നടത്തുന്നുണ്ട്. ഇവര്‍ പാടശേഖരത്തോട് ചേര്‍ന്നുള്ള കരഭൂമിയിലാണ് നെല്‍കൃഷി നടത്തുന്നത്. 10 വര്‍ഷമായി പാടശേഖരത്തില്‍ കൃഷി നടത്തുന്നില്ല. ഇത്തവണ കൃഷിയിറക്കാന്‍ പതിനായിരങ്ങള്‍ മുടക്കി പലരും മുന്നൊരുക്കങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ സ്വകാര്യവ്യക്തി പാടശേഖരത്തിലേക്കുള്ള നീരൊഴുക്ക് തടസ്സപ്പെടുത്തി വെച്ചിരിക്കുകയാണ്. ഈ പ്രശ്‌നത്തിന് പരിഹാരം ഉണ്ടായാല്‍ ഒരുപരിധിവരെ കൃഷി നടത്തുന്നതിലുള്ള തടസ്സം മാറിക്കിട്ടും. അതുപോലെ പാടശേഖരത്തിലെ കൃഷി നടത്തിപ്പിന് അടിസ്ഥാനസൗകര്യങ്ങളൊരുക്കുവാന്‍ സര്‍ക്കാര്‍ സംവിധാനങ്ങളും ഉണരണം. കൃഷിക്ക് വാരിക്കോരി ഫണ്ടുകള്‍ അനുവദിക്കുമ്പോള്‍ ഇവിടെ ഇതൊരു ചോദ്യചിഹ്നമായി അവശേഷിക്കുന്നു. അതുപോലെ പാടശേഖരത്തെ കവര്‍ന്നെടുക്കാന്‍ ഭൂമാഫിയയും രംഗത്തുണ്ട്. പാടം കരഭൂമിയാക്കി വ്യാജരേഖയുണ്ടാക്കി വില്‍പന നടത്താനാണ് അണിയറയില്‍ നീക്കങ്ങള്‍ നടക്കുന്നത്. എന്നാല്‍ കൃഷിയെ സ്‌നേഹിക്കുന്ന ഒരുപറ്റം കര്‍ഷകര്‍ ഇവിടെ ശക്തമായി അണിനിരക്കുന്നുണ്ട്. പാടശേഖരത്തെ പച്ചപ്പണിയിക്കുക എന്നതുതന്നെയാണ് ഇവരുടെ ലക്ഷ്യം.