മഹാദേവ ക്ഷേത്രത്തിന് സമീപം ശുചിമുറി മലിനജലവും പൊടിയും
എസ്. സതീഷ്കുമാർ
വൈക്കം: മഹാദേവക്ഷേത്രത്തിന് സമീപത്തെ ദേവസ്വം ശുചിമുറി സമുച്ചയത്തിലെ മലിനജലവും പാർക്കിംഗ് ഗ്രൗണ്ടിലെ പൊടിയും ദുരിതമാവുന്നു. ശബരിമല തീർത്ഥാടന കാലത്താണ് ദേവസ്വം ബോർഡിൻ്റെ അനാസ്ഥ തീർത്ഥാടകർക്കടക്കം ദുരിതമായി മാറുന്നത്. ശുചിമുറി സമുച്ചയത്തിൻ്റെ മുൻഭാഗമൊഴികെ കുളിമുറിയിലേയും ശുചിമാലിന്യം കലർന്നതടക്കവുമുള്ള മലിനജലം കെട്ടിക്കിടക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി. ദിവസം ആറ് ടാങ്കറുകളിലായി ശബരിമല സീസൺ തുടങ്ങിയ ശേഷം 85 ടൺ ശുചിമുറി മാലിന്യം കരാറുകാരൻ നീക്കിയിട്ടുണ്ട് എന്ന് പറയുന്നു. എന്നാൽ ശുചിമുറി മാലിന്യം നീക്കേണ്ടത് നടത്തിപ്പ് കരാറുകാരനാണെങ്കിലും പാർക്കിംഗ് ഗ്രൗണ്ടിന് സമീപത്ത് കെട്ടിടത്തോട് ചേർന്ന് കിടക്കുന്ന മലിനജലം നീക്കേണ്ടത് ദേവസ്വത്തിൻ്റെ ചുമതലയാണ്. എന്നാൽ മലിനജലം കെട്ടിക്കിടക്കുന്നതിന് സമീപം ശുചിമുറി ടാങ്കുകളുടെ വെള്ളം നിറയുന്ന അറകളെല്ലാം തുറന്നിട്ടിരിക്കുകയാണ്. ദുർഗന്ധം കൊണ്ട് അസഹനീയ അവസ്ഥയിലാണ് മാസങ്ങളായി ഇവിടം. ഒരു ദിവസം ശുചിമുറികളിൽ നിന്ന് പതിനാറായിരം ലിറ്റർ മലിനജലമാണ് ഇവിടെ ഒഴുക്കുന്നത്. ഇത് ശുചിയാക്കാനോ ഫിൽറ്റർ ചെയ്ത് വീണ്ടും ടോയ്ലറ്റുകളിൽ ഉപയോഗിക്കാനോ ഉള്ള നടപടി വേണമെന്നാണ് ആവശ്യം.

നിലവിൽ ദുർഗന്ധം മൂലം ഇവിടെ മാത്രമല്ല, സമീപത്തെ ഭക്ഷണ വിതരണ കേന്ദ്രങ്ങളിലും കടകളിലും നിൽക്കാൻ കഴിയാത്ത സ്ഥിതിയാണ്. ശബരിമല കാലം തുടങ്ങിയപ്പോൾ കഴിഞ്ഞ മാസം മലിനജലം ശുദ്ധീകരിക്കാനുള്ള രണ്ട് വാഹനങ്ങൾ കൊണ്ടുവന്നിട്ടിട്ടുണ്ട് ദേവസ്വം ബോർഡ്. എന്നാൽ ഇത് വേണ്ട രീതിയിൽ പ്രവർത്തിപ്പിക്കുന്നില്ലെന്നാണ് പരാതി.

അഷ്ടമിക്ക് മുന്നോടിയായി പാർക്കിംഗ് ഗ്രൗണ്ടിൽ ദേവസ്വം ബോർഡ് നടത്തിയ പണികളും ഇപ്പോൾ ഇവിടെ ദുരിതമായി മാറിയിരിക്കുകയാണ്. ഗ്രൗണ്ട് പൊളിച്ച് പാറപൊടി ഇട്ട് ഉറപ്പിച്ചത് മഴയിൽ കുറെ ഒലിച്ചു പോയി. വെയിലായപ്പോൾ പൊടിശല്യം മൂലം നിൽക്കാൻ കഴിയാത്ത സ്ഥിതിയും. വാഹനങ്ങൾ കയറി ഇറങ്ങുമ്പോൾ സമീപത്താകെ ഗ്രൗണ്ടിലെ പാറപ്പൊടി ഉയർന്ന് പൊങ്ങും. പാർക്കിംഗ് ഗ്രൗണ്ടിന് പുറമെ ശുചി മുറിയാകെയും പൊടി നിറയുന്നതിനാൽ ഇവിടെ എത്തുന്നവർക്കും ദുർഗന്ധത്തിന് പുറമെ പൊടിയും വിഷമം സൃഷ്ടിക്കുന്ന സ്ഥിതിയാണ്. എത്ര പ്രാവശ്യം ശുചീകരിച്ചാലും ശുചിമുറി കെട്ടിടത്തിൻ്റെ തറയിൽ പൊടിയും വെള്ളവും കുഴഞ്ഞ് കിടക്കുന്നതും പതിവാണ്. ദേവസ്വം ഓഫീസിൻ്റെയും സംസ്ഥാന പൊതുമരാമത്ത് വകുപ്പ് ഓഫീസിൻ്റെയും മുന്നിലാണ് മാസങ്ങളായി ഈ ദുരവസ്ഥ തുടരുന്നത്. അറ്റകുറ്റപ്പണിയുടെ പേരിൽ ലക്ഷങ്ങൾ പാഴാക്കുന്ന ദേവസ്വം അധികൃതരുടെ അനാസ്ഥക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.