മഹാദേവക്ഷേത്രത്തിൽ മാലിന്യ കൂമ്പാരം
ആർ. സുരേഷ്ബാബു
വൈക്കം: വൈക്കം മഹാദേവ ക്ഷേത്രത്തിലെ നാലു ഗോപുര നടകളിലും ഉപേക്ഷിച്ച പാദരക്ഷകൾ കൂടി കിടക്കുന്നത് ക്ഷേത്രത്തിൽ ദർശനത്തിനെത്തുന്ന ഭക്തർക്ക് ബുദ്ധിമുട്ടാകുന്നു. ക്ഷേത്രത്തിന്റെ പവിത്രതയ്ക്ക് കളങ്കം വരുത്തുന്ന രീതിയിൽ കൂട്ടിയിട്ടിരിക്കുന്ന പാദരക്ഷകൾ മാറ്റണമെന്ന് ഭക്തരുടെ കൂട്ടായ്മ ആവശ്യപ്പെട്ടു. കഴിഞ്ഞ അഷ്ടമിക്കാലത്ത് ദർശനത്തിയ ഭക്തർ ഉപേക്ഷിച്ച പാദരക്ഷകളാണിത്. തെക്കെ ഗോപുര നട ഒഴികെ മൂന്ന് ഗോപുര നടകളിലും പാദരക്ഷ സൂക്ഷിപ്പു കേന്ദ്രമുണ്ടങ്കിലും പടിഞ്ഞാറെ നടയിലേയും കിഴക്കേ ഗോപുരനടയിലും സൂക്ഷിപ്പു കേന്ദ്രങ്ങൾ നോക്കുകുത്തിയായി നിൽക്കുന്നു.

ക്ഷേത്രത്തിലെ മതിൽക്കെട്ടിനുള്ളിൽ പടിഞ്ഞാറ് ഭാഗത്ത് മാലിന്യ കൂമ്പാരമാണ്. അഷ്ടമിക്ക് ക്ഷേത്രത്തിലെത്തിയ ആനയുടെ തീറ്റാവശിഷ്ടങ്ങളും വിസർജ്യ വസ്തുക്കളും കുന്നുകൂടി കിടക്കുകയാണ്. ക്ഷേത്രത്തിലെ കലാമണ്ഡപത്തോട് ചേർന്ന് മതിലിന് പുറത്തും ചപ്പുചവറുകൾ കൂട്ടിയിട്ടുണ്ട്. ക്ഷേത്രത്തിൽ ഒരുക്കിയ താൽക്കാലിക പന്തലിന്റെ അവശിഷ്ടങ്ങളും ക്ഷേത്രവളപ്പിൽ അവിടവിടെയായി കൂട്ടിയിട്ടിട്ടുണ്ട്. അഷ്ടമി കഴിഞ്ഞിട്ട് ആഴ്ചകളായങ്കിലും പാദരക്ഷകൾ ഉൾപ്പടെയുള്ള മാലിന്യങ്ങൾ നീക്കം ചെയ്യാത്തതിൽ ഭക്തർ പ്രതിഷേധിച്ചു.