മഹാദേവരുടെ പ്രൗഢിയാർന്ന എഴുന്നള്ളിപ്പുകൾക്ക് തുടക്കം
ആർ. സുരേഷ്ബാബു
വൈക്കം: വൈക്കം മഹാദേവരുടെ പ്രൗഢഗംഭീര എഴുന്നള്ളിപ്പുകൾക്ക് കൊട്ടിപ്പാടി സേവയോടെ തുടക്കം. വൈക്കത്തഷ്ടമി മൂന്നാം ദിനം മുതലാണ് പ്രധാന എഴുന്നള്ളിപ്പുകൾ തുടങ്ങുക. ചട്ടം ഉപയോഗിച്ചുള്ള ശ്രീബലി എഴുന്നള്ളത്ത് കിഴക്കേ ആനപ്പന്തലിൽ ആരംഭിക്കുന്നതും മൂന്നാം നാളിലാണ്. എഴുന്നള്ളിപ്പ് കിഴക്കേ ആനപ്പന്തലിൽ എത്തിയതോടെ കൊട്ടിപ്പാടി സേവ തുടങ്ങി. വൈക്കത്തപ്പന്റെ ധ്യാനവും കീർത്തനങ്ങളുമാണ് ഇടയ്ക്ക, ചേങ്കില എന്നിവയോടെ കൊട്ടിപ്പാടി സേവയിൽ ആലപിക്കുന്നത്. വെച്ചൂർ രാജേഷ്, വൈക്കം ജയൻ, കലാപീഠം ഷൈമോൻ എന്നിവരാണ് കൊട്ടിപ്പാടി സേവ അവതരിപ്പിച്ചത്. ഉഷപൂജ, എതൃത്ത പൂജ, പന്തീരടി പൂജ എന്നിവയ്ക്ക് ശേഷം ഭഗവാന്റെ തിടമ്പ് പുറത്തേക്ക് എഴുന്നള്ളിച്ചു. ഗജവീരൻ മുണ്ടയ്ക്കൽ ശിവനന്ദൻ തിടമ്പേറ്റി. എഴുന്നള്ളിപ്പിന് വിവിധ വാദ്യമേളങ്ങൾ അകമ്പടിയായി.