മള്ളിയൂർ ഗണേശ പുരസ്കാരം തിരുവിഴ ജയശങ്കറിന്
കോട്ടയം: മള്ളിയൂർ ഗണേശ പുരസ്കാരം തിരുവിഴ ജയശങ്കറിന്. ഇക്കൊല്ലത്തെ മള്ളിയൂർ ഗണേശ പുരസ്കാരം പ്രശസ്ത നാഗസ്വര വിദ്വാൻ തിരുവിഴാ ജയശങ്കറിന് നൽകും. ഭാഗവതഹംസം മള്ളിയൂർ ശങ്കരൻ നമ്പൂതിരിയുടെ ജയന്തി ദിനമായ ഫെബ്രുവരി രണ്ടിന് ക്ഷേത്രാങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കുമെന്ന് മള്ളിയൂർ പരമേശ്വരൻ നമ്പൂതിരിയും ദിവാകരൻ നമ്പൂതിരിയും അറിയിച്ചു. ഒരു പുരുഷായുസ്സ് മുഴുവന്‍ നാഗസ്വരത്തിനായ സമര്‍പ്പിച്ച അനുപമ പ്രതിഭയാണ് തിരുവിഴ ജയശങ്കർ. ഏഴുപതിറ്റാണ്ടിലേറെയായി ദക്ഷിണേന്ത്യന്‍ സംഗീതശാഖക്ക് വിലമതിക്കാനാവാത്ത സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. ആലപ്പുഴ ജില്ലയില്‍ ചേര്‍ത്തലക്കടുത്ത തിരുവിഴയില്‍ നാഗസ്വര വിദ്വാനായിരുന്ന തിരുവിഴ രാഘവപ്പണിക്കരുടേയും കമലമ്മയുടേയും മകനായാണ് ജയശങ്കറിന്റെ ജനനം. കുട്ടിക്കാലം മുതല്‍ സംഗീതത്തിലും ചിത്രരചനയിലും ഏറെ തല്‍പ്പരനായിരുന്നു. മുത്തശ്ശനായ തിരുവിഴ ശങ്കുപ്പണിക്കര്‍, പിതാവ് രാഘവപ്പണിക്കര്‍ എന്നിവരില്‍ നിന്നാണ് നാദസ്വരത്തിന്റെ ബാലപാഠങ്ങള്‍ അഭ്യസിച്ചത്.1956 ല്‍ കായംകുളം പത്തിയൂര്‍ ദേവീ ക്ഷേത്രസന്നിധിയില്‍ പതിനാറാമത്തെ വയസ്സിലായിരുന്നു അരങ്ങേററം. 18 വയസ്സില്‍ ആകാശവാണി നടത്തിയ സംഗീത മത്സരത്തില്‍ അന്ന് രാഷ്‌ട്രപതിയായിരുന്ന ഡോ. രാജേന്ദ്രപ്രസാദില്‍ നിന്ന് സുവര്‍ണമെഡല്‍ കരസ്ഥമാക്കി. 1958 ല്‍ തൃപ്പൂണിത്തുറ ആര്‍.എല്‍.വി സംഗീത കോളേജില്‍നിന്ന് വായ്‌പ്പാട്ടില്‍ ഗാനഭൂഷണം പാസ്സായി. ഗാനഗന്ധര്‍വന്‍ കെ.ജെ. യേശുദാസിൻ്റെ സഹപാഠിയാണ്. ചിറ്റൂര്‍ ഗവ.കോളേജില്‍ നിന്നാണ് ബിരുദം നേടിയത്. തിരുവനന്തപുരം സ്വാതിതിരുന്നാള്‍ സംഗീത കോളേജില്‍ സംഗീത കുലപതി ശെമ്മാങ്കുടി ശ്രീനിവാസയ്യരുടെ കീഴില്‍ ഒരു വര്‍ഷം ഗാനപ്രവീണ കോഴ്‌സ് അഭ്യസിച്ചു. മൂന്ന് പതിറ്റാണ്ടുകാലം തിരുവനന്തപുരം ആകാശവാണി നിലയത്തില്‍ സ്റ്റാഫ് ആര്‍ട്ടിസ്റ്റായിരുന്നു തിരുവിഴ ജയശങ്കർ. അതേസമയം മള്ളിയൂർ ശങ്കരസ്മൃതി പുരസ്കാരം ഫെബ്രുവരി 1ന് പ്രഖ്യാപിക്കും.