മത്സ്യത്തൊഴിലാളികളുടെയും അനുബന്ധ തൊഴിലാളികളുടെയും ക്ഷേമം സംബന്ധിച്ച നിയമസഭ സമിതി റിപ്പോർട്ട് സമർപ്പിച്ചു
എസ്. സതീഷ്കുമാർ
വൈക്കം: മത്സ്യത്തൊഴിലാളികളുടെയും അനുബന്ധ തൊഴിലാളികളുടെയും ക്ഷേമം സംബന്ധിച്ച് പഠിക്കാൻ പി.പി. ചിത്തരഞ്ചൻ എം.എൽഎയുടെ നേതൃത്വത്തിലുള്ള നിയമസഭ സമിതി റിപ്പോർട്ട് സമർപ്പിച്ചു. ശക്തിയായ വേലിയേറ്റത്തിൽ നിന്ന് തീരമേഖലയെ സംരക്ഷിക്കാൻ കായൽ തീരം കല്ല് കെട്ടി സംരക്ഷിക്കണമെന്നും തണ്ണീർമുക്കം ബണ്ടിൻ്റെ പ്രവർത്തനം ശാസ്ത്രീയമാക്കണമെന്നും കൈമാറി കിട്ടുന്ന കമ്പവലകളുടെ ഉടമസ്ഥാവകാശം മത്സ്യതൊഴിലാളികക്ക് കിട്ടാൻ നിയമഭേദഗതി വേണമെന്നും സമിതി ശുപാർശ ചെയ്തു. വൈക്കം കോവികത്തും കടവ്മാർക്കറ്റിൽ നിന്ന് കായലിലേക്ക് മലിന്യം തള്ളുന്നതടക്കം തടഞ്ഞ് മാർക്കറ്റ് വൃത്തിയാക്കി പോരായ്മകൾ പരിഹരിക്കാൻ നഗരസഭ നടപടി എടുക്കണമെന്നും സമിതി റിപ്പോർട്ടിൽ ആവശ്യപ്പെട്ടു.
വൈക്കം മുനിസിപ്പാലിറ്റിയുടെ പരിധിയിൽ വരുന്നതും കേരള സ്റ്റേറ്റ് കോസ്റ്റൽ ഏരിയ ഡവലപ്മെൻ്റ് കോർപ്പറേഷൻ നിർമ്മിച്ച കോലത്തുകടവ് മാർക്കറ്റിൽ നിന്നും കായലിലേക്ക് മാലിന്യങ്ങൾ തള്ളുന്നുണ്ടെന്നും, മാർക്കറ്റിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനുള്ള സൗകര്യമോ, ആവശ്യത്തിന് വൈദ്യുത വിളക്കുകളോ, ഡ്രെയിനേജ് സൗകര്യമോ, മാലിന്യനിർമ്മാർജന പ്ലാൻറുകളോ ഇല്ലെന്നും മാർക്കറ്റ് എപ്പോഴും അഴുക്ക് പിടിച്ച അവസ്ഥയുമാണുള്ളതെന്നും മത്സ്യബന്ധന തുറമുഖ വകുപ്പ് അറിയിച്ചതായും വൈക്കം നഗരസഭ ഇതിന് നടപടിയെടുക്കണമെന്ന് സമിതി നിർദ്ദേശിക്കുന്നുണ്ട്. കായൽ മലിനീകരണം തടയാനുള്ള വിവിധ വകുപ്പുകളുടെ നടപടികൾ തൃപ്തികരമല്ല. കായൽ മലിനീകരണത്തിനെതിരെ തദ്ദേശസ്വരണ സ്ഥാപനങ്ങൾ ബോധവൽക്കരണ ക്ലാസുകൾ നടത്തണമെന്നും സമിതി ശുപാർശ ചെയ്തു. കായലിലേക്ക് അപകടകരമായി മലിന ജലം ഒഴുക്കുന്ന സ്ഥലം കണ്ടെത്തി അത് തടയാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ നടപടിയെടുക്കണമെന്നും ശുപാർശയിലുണ്ട്.
കൃഷിയിടങ്ങളിൽ നിന്ന് വ്യാപകമായി കായലിൽ രാസമാലിന്യങ്ങൾ എത്തുന്നതായും സമിതിയുടെ കണ്ടെത്തലിലുണ്ട്. വേമ്പനാട് കായലുമായി അനുബന്ധിച്ച് നടപ്പിലാക്കുന്ന ഏതൊരു പദ്ധതിയും തദ്ദേശവാസികളുടെ അഭിപ്രായം തേടി നടപ്പാക്കണം. ഹൗസ് ബോട്ടുകൾക്ക് സമയവും സഞ്ചാര പാതയും നിശ്ചയിക്കണമെന്നും നിയമസഭ സമിതി ആവശ്യപ്പെടുന്നു. വേമ്പനാട്ടുകായലിന്റെ ആഴം കൂട്ടാനുള്ള നടപടികൾ എത്രയും വേഗം നടപ്പാക്കണം. കുട്ടനാട്ടിലെ നെൽകൃഷി സംരക്ഷിക്കുന്നതിനായി സ്ഥാപിക്കപ്പെട്ടിട്ടുള്ള തണ്ണീർമുക്കം ബണ്ട് നിശ്ചയിക്കപ്പെട്ടിട്ടുള്ള കാർഷിക കലണ്ടറിന് വിരുദ്ധമായി അടയ്ക്കുകയും തുറക്കുകയും ചെയ്യുന്നതുമൂലം കുട്ടനാട് മലീനീകരിക്കപ്പെടുകയും മത്സ്യം എന്നിവയുടെ ഉൽപ്പാദനം വല്ലാതെ കുറഞ്ഞു. പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി തണ്ണീർമുക്കം ബണ്ട് കാർഷിക കലണ്ടർ പ്രകാരം ചെയ്യുന്നുണ്ടെങ്കിലും ബണ്ടിലെ മൺചിറ നീക്കാൻ, നിലവിൽ കോടതിയിലുള്ള കേസ് തീർപ്പാക്കി നടപടി സ്വീകരിക്കണമെന്ന് സമിതി ശിപാർശ ചെയ്തു. ബണ്ടിലെ ഷട്ടറുകൾ പൂർണ്ണമായും അടയ്ക്കുന്ന ഡിസംബർ മുതൽ മാർച്ച് വരെയുള്ള മാസങ്ങളിൽ ലോക്ക് ഗേറ്റുകൾ രാവിലെ 5.30 മുതൽ രാത്രി 9.30 വരെയാണ് പ്രവർത്തിപ്പിക്കാറുള്ളത്. ബണ്ടിൻ്റെ ലോക്കിൻ്റെ പ്രവർത്തനം ദൂരസ്ഥലങ്ങളിൽ മത്സ്യബന്ധനം നടത്തുന്നവർക്ക് തടസ്സം സൃഷ്ടിക്കുന്നതായും പ്രസ്തുത ലോക്ക് ഗേറ്റുകൾ 24 മണിക്കൂറും പ്രവർത്തിപ്പിക്കുവാൻ ജീവനക്കാരുടെ അപര്യാപ്തതയുള്ളത് പരിഹരിക്കണമെന്നും സമിതി ആവശ്യപ്പെട്ടു.
ഏകദേശം 3000 ടണ്ണോളം മൈക്രോ പ്ലാസ്റ്റിക് ജലത്തിന്റെ അടിയിൽ അടിഞ്ഞുകൂടി കായലുകൾ മാലിന്യ കൂമ്പാരങ്ങൾ ആയി മാറി. ഇത് വേമ്പനാട് കായലിൻ്റെ ജലസംഭരണശേഷി ഗണ്യമായി കുറയ്ക്കുന്നു. മലിനീകരണം കായലിലെ ജലത്തിലെ ഓക്‌സിജൻ്റെ അളവ് കുറയ്ക്കുകയും ഇതിലൂടെ കായലിലെ മത്സ്യസമ്പത്തിനെ ഇല്ലാത്താക്കുകയും ചെയ്യുന്നു. കുഫോസ് 2023 ൽ നടത്തിയ പഠനമനുസരിച്ച് നാൽപത്തിരണ്ട് വർഷത്തിനിടെ 60 ഓളം ഇനം മീനുകൾ വേമ്പനാട് കായലിൽ നിന്ന് അപ്രത്യക്ഷമായെന്നും ഇത് കായലിനെ ആശ്രയിച്ചു ജീവിക്കുന്ന മത്സ്യത്തൊഴിലാളികളെ പ്രതിസന്ധിയിലാക്കി. പാടശേഖരങ്ങളിൽ ഉപയോഗിക്കുന്ന കീടനാശിനികൾ അടങ്ങിയ മലിനജലം പൊതു ജലാശയങ്ങളിലേക്ക് ഒഴുക്കുന്നത് മത്സ്യസമ്പത്തിനേയും ഉത് പാദനത്തെയും വളരെയേറെ ദോഷകരമായി ബാധിക്കുന്നുണ്ട്. കൈനകരി പോലുള്ള സ്ഥലങ്ങളിൽ പ്രദേശവാസികൾ പ്രാഥമിക ആവശ്യങ്ങൾക്കായി വേമ്പനാട് കായലിലെ വെള്ളമാണ് ഉപയോഗിക്കുന്നത് ഇത് മാരകരോഗങ്ങൾക്ക് കാരണമാകുന്നു. പീലിംഗ് ഷെഡുകളിൽ നിന്നും മത്സ്യ സംസ്കരണ പ്ലാൻ്റിൽ നിന്നും മലിനജലം കായലിലേക്ക് പുറന്തള്ളുന്നത് മത്സ്യസമ്പത്തിനെ ബാധിക്കുന്നുവെന്നും സമിതി കണ്ടെത്തി. കണ്ടൽകാടുകൾക്ക് ഉണ്ടായ നാശം മത്സ്യസമ്പത്തിനെയും മത്സ്യപ്രജനനത്തെയും ദോഷകരമായി ബാധിക്കുന്നതായും സമിതിയുടെ റ്റിപ്പോർട്ടിൽ പറയുന്നു.
വേമ്പനാട് കായലിൻ്റെ സമീപ പ്രദേശങ്ങളിൽ താമസിക്കുന്ന വീടുകളിൽ നിന്നുള്ള ടോയ്ലറ്റ് ഔട്ട് ലെറ്റുകൾ കായലിലേയ്ക്കാണ് തുറന്ന് വച്ചിരിക്കുന്നുണ്ട്. ആശുപത്രികളിൽ നിന്നുള്ള മാലിന്യങ്ങൾ, വിവിധ ഫാക്ടറികളിൽ നിന്നുള്ള കെമിക്കൽ അവശിഷ്ടങ്ങൾ, പീലിംഗ് ഷെഡുകളിൽ നിന്നുളള അവശിഷ്ടങ്ങൾ എന്നിവ കായലിലേയ്ക്ക് നേരിട്ട് ഒഴുക്കി വിടുന്ന പ്രവണത കായലിനെ മാലിന്യകുമ്പരമാക്കി മാറ്റുന്നു. ഇത്തരം മാലിന്യങ്ങളുടെ അതിപ്രസരം മുഖാന്തിരം ജലത്തിലെ ഓക്‌സിജൻ്റെ അളവ് ക്രമാതീതമായി കുറയുകയും അത് മത്സ്യശോഷണത്തിനും അതോടൊപ്പം തന്നെ മത്സ്യങ്ങളിൽ കാഡ്മിയം, ലെഡ് എന്നീ മൂലകങ്ങളുടെ സാന്നിധ്യത്തിനും കാരണമാകുന്നു. വിനോദസഞ്ചാര മേഖലയെ പരിപോഷിക്കുന്ന ഹൗസ് ബോട്ടുകളിൽ നിന്നും മാലിന്യങ്ങൾ കായലിലേക്ക് എത്തുന്നുണ്ട്. നിലവിൽ ഹൗസ് ബോട്ടുകളുടെ ബാഹുല്യം കായൽ പരിസ്ഥിതിക്ക് താങ്ങാവുന്നതിലും അപ്പുറമാണെന്ന് സമിതി മനസ്സിലാക്കുന്നു. 1512 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുള്ള വേമ്പനാട് കായലിൽ ഏകദ്ദേശം 2000-ത്തോളം ഹൗസ് ബോട്ടുകൾ പ്രവർത്തിക്കുന്നുണ്ട്. എന്നാൽ ഹൗസ് ബോട്ടുകളിൽ നിന്നുള്ള മാലിന്യ സംസ്കരണത്തിന് ആലപ്പുഴ ജില്ലയിൽ ഒരു സ്വീവേജ് ട്രീറ്റ് മെന്റ് പ്ലാൻ്റില്ല. ഹൗസ് ബോട്ടുകളിൽ ബയോ ടാങ്കുകളുള്ളതിനാൽ മൂന്ന് മാസത്തിലൊരിക്കൽ ഹൗസ് ബോട്ടുകളിൽ നിന്നുള്ള സ്വീവേജ് മാലിന്യം കോട്ടയം ഡി.ടി.പി.സിക്ക് കീഴിൽ കുമരകത്ത് 10 സെൻ്റ് സ്ഥലത്ത് പ്രവർത്തിക്കുന്ന 100 കെ.എൽ.ഡിയുടെ സ്വീവേജ് ട്രീറ്റ് മെൻ്റ് പ്ലാൻ്റിലേയ്ക്ക് എത്തിച്ച് സംസ്കരിക്കുകയാണ് നിലവിൽ ചെയ്തിരുന്നത്. എന്നാൽ പ്രസ്തുത സ്വീവേജ് ട്രീറ്റ്‌മെൻ്റ് പ്ലാൻ്റ് നിലവിൽ പ്രവർത്തനക്ഷമമല്ലെന്ന് സമിതിയ്ക്ക് കോട്ടയം ജില്ലാ സന്ദർശന വേളയിൽ ബോധ്യപ്പെട്ടതായും പറയുന്നു. ഹൗസ് ബോട്ടുകളിൽ നിന്നുള്ള മാലിന്യങ്ങൾ കായലിലേയ്ക്ക് തള്ളുന്നുണ്ടെന്ന നിരവധി പരാതികൾ സമിതി മുമ്പാകെ എത്തി. കായലിൽ പ്രവർത്തിക്കുന്ന 2000-ത്തോളം ഹൗസ് ബോട്ടുകൾക്ക് ഒരു സീവേജ് ട്രീറ്റ്മെൻ്റ് പ്ലാൻ്റ് പര്യാപ്തമല്ല. ഇതിന് ഫല പ്രദമായ നടപടികൾ സ്വീകരിക്കണമെന്ന് റിപ്പോർട്ടിൽ പറയുന്നു.
വേമ്പനാട് കായലിൽ പ്രവർത്തിക്കുന്ന നിരവധി ഹൗസ് ബോട്ടുകൾ സമയക്രമം പാലിക്കാതെ രാത്രികാലങ്ങളിലും പ്രവർത്തിക്കുന്നതായി പരാതികൾ ഉണ്ട്. സമയക്രമം പാലിക്കാതെയുള്ള ഹൗസ് ബോട്ടുകൾ ഓടുന്നത് മൂലം മത്സ്യബന്ധന ഉപകരണങ്ങൾക്ക് കേടുപാടുകൾ ഉണ്ടാവുന്നു. ഹൗസ് ബോട്ടുകൾക്ക് സമയ ക്രമീകരണവും സഞ്ചാര പാതയും നിശ്ചയിച്ച് നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് സമിതി ശിപാർശ ചെയ്തു. കായലോരത്തെ സ്ഥാപനങ്ങൾ. മലിനീകരണ പ്ലാൻറ് പ്രവർത്തിപ്പിക്കുന്നതിന് ഉപയോഗിക്കുന്ന വൈദ്യുതിയുടെ അളവ് വളരെ കൂടുതലായതിനാൽ മലിനീകരണ പ്ലാൻറ് നിർമ്മാണം പൂർത്തിയായി ലൈസൻസ് ലഭ്യമായതിനുശേഷവും പ്ലാൻ്റ് പ്രവർത്തിപ്പിക്കാതെ കായലിലേക്ക് മാലിന്യങ്ങൾ പുറംതള്ളുന്ന സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കണമെന്നു സമിതി ശിപാർശ ചെയ്തു.
വേമ്പനാട്ട് കായൽ വൃത്തിയാക്കൽ, ഡ്രഡ്‌ജിങ്, ശുചീകരണ പ്രക്രിയകളുടെ അഭാവം എന്നിവ വേമ്പനാട്ടുകായൽ മേഖലയിലെ സസ്യജാലങ്ങളെയും മൃഗങ്ങളെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. കായൽ വൃത്തിയാക്കി മത്സ്യങ്ങളുടെ ആവാസ വ്യവസ്ഥ സംരക്ഷിക്കപ്പെടുന്നതിലൂടെ മത്സ്യപ്രജനനത്തിന് അനുയോജ്യമായ സാഹചര്യങ്ങൾ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ വേമ്പനാട് കായൽ പരിസ്ഥിതി വീണ്ടെടുക്കൽ യജ്ഞം എന്ന പദ്ധതി ആവിഷ്കരിച്ചത് ഫലപ്രദമല്ലെന്നും മുഹമ്മ, വയലാർ, നെടുമുടി, മണ്ണഞ്ചേരി, വെളിയനാട്, അരൂർ, തുറവൂർ, തൈക്കാട്ടുശ്ശേരി പഞ്ചായത്തുകളിലെ കായലുമായി ബന്ധപ്പെട്ട് കിടക്കുന്ന തോടുകളിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ കായലിലെ പോള നീക്കാൻ പണം നൽകി മൂന്ന് ഘട്ടങ്ങളിലായി ജോലി നടന്നതായും തുക അപര്യാപ്തമാണെന്നും സമിതി പറയുന്നു. അതിനാൽ സ്വാഭാവിക ആവാസവ്യവസ്ഥ പുനഃസ്ഥാപിക്കുന്ന പ്രവൃത്തി, ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി സംസ്ഥാന ഗവൺമെൻ്റിൻ്റെ വിഹിതവും ചേർത്ത് ത്രിതല പഞ്ചായത്തുകളുടെ പദ്ധതിയാക്കി വർഷം തോറും നടപ്പിലാക്കണമെന്നാണ് ശിപാർശ. കായൽ തീരത്തെ ചെറുകിട ചെമ്മീൻ പീലിംഗ് ഷെഡുകൾ മുതൽ വൻകിട സീഫുഡ് എക്സ്‌സ് സ്പോർട്ടിംഗ് യൂണിറ്റുകൾ ഉൾപ്പെടെയുള്ള മത്സ്യ സംസ്കരണ ശാലകളുടെ പ്രവർത്തനം മൂലമുണ്ടാകുന്ന മലിന ജലത്തിൻ്റെ അളവ് വളരെ കൂടുതലാണ്. എഫ്ലുവൻ്റ് ടീറ്റ്‌മെൻറ് പ്ലാൻ്റ് സ്ഥാപിച്ച് മലിനജലം പ്രസ്തുത പ്ലാൻറിൽ ശുദ്ധീകരിച്ച് മാത്രം പുറത്ത് വിടണം.