മുന്നറിയിപ്പില്ലാതെ ബണ്ട് തുറക്കുന്നതിനെതിരെ പരാതി
എസ്. സതീഷ് കുമാർ
വൈക്കം: തണ്ണീർമുക്കം ബണ്ടിൻ്റെ ഷട്ടറുകൾ താഴ്ത്തിയ ശേഷവും ഇടക്ക് തുറക്കുന്നത് തീരദേശവാസികൾക്ക് ദുരിതമാവുന്നു. മുന്നറിയിപ്പില്ലാതെ മൂന്നാം ബ്ലോക്കിലെ ഷട്ടറുകൾ വേലിയിറക്ക സമയത്ത് മുന്നറിയിപ്പ് ഇല്ലാതെ തുറക്കുന്നതിനാൽ മത്സ്യ തൊഴിലാളികളുടെ വലയും മറ്റ് ഉപകരണങ്ങൾക്കു കേട് വരുന്നതായും ഇവർ പരാതിപ്പെടുന്നു. ഷട്ടർ തുറക്കുമ്പോൾ അപ്രതീക്ഷിതമായി ഉണ്ടാകുന്ന ഒഴുക്ക് മത്സ്യ തൊഴിലാളികൾക്ക് അപകട കാരണമാവുന്നു.
തീരപ്രദേശത്തെ താഴ്ന്ന സ്ഥലങ്ങളിൽ വേലിയേറ്റ സമയത്ത് വെള്ളക്കെട്ടും രൂക്ഷമാവുകയാണ്. വീടുകളിലെ ശുചിമുറി ടാങ്കുകൾ പോലും വെള്ളക്കെട്ടിലാവുന്നതിനാൽ പ്രാഥമികാവശ്യങ്ങൾക്ക് പോലും കഴിയാതെ നിരവധി തീരദേശവാസികൾ ദുരിതത്തിലുമാണ്. കാർഷിക മേഖലയിൽ ഉപ്പുവെള്ളം തടയാനാണ് ഡിസംബർ പകുതിയോടെ ബണ്ട് അടക്കുന്നത്. എന്നാൽ ഓരു വെള്ളം കയറാതെ വരുന്നത് കക്കയുടെ ഉത്പാദനത്തെ ബാധിക്കുന്നതായും കക്കാ തൊഴിലാളികൾ പറയുന്നു. ഡിസംബർ പകുതിമുതൽ മാർച്ച് മാസം വരെയാണ് ബണ്ട് അടച്ചിടുന്നത്. എന്നാൽ കാർഷിക കലണ്ടർ ഏകീകരിച്ച് പരിഷ്ക്കരിച്ച ശേഷം ബണ്ട് പരീക്ഷണാടിസ്ഥാനത്തിൽ ഒരു വർഷം തുറന്നിട്ട് പഠനം നടത്തി പ്രശ്ന പരിഹാരം വേണമെന്നാണ് മത്സ്യ- കക്കാ തൊഴിലാളികളുടെ ആവശ്യം.