|
Loading Weather...
Follow Us:
BREAKING

മൂലേക്കടവ് പാലം നിർമ്മാണത്തിനിടെ പുഴയുടെ തീരം ഇടിഞ്ഞു താഴ്ന്നു

മൂലേക്കടവ് പാലം നിർമ്മാണത്തിനിടെ പുഴയുടെ തീരം ഇടിഞ്ഞു താഴ്ന്നു
ഇടിഞ്ഞു താഴ്ന്ന സ്ഥലം പഞ്ചായത്ത് അംഗങ്ങൾ സന്ദർശിക്കുന്നു

എസ്. സതീഷ്കുമാർ

വൈക്കം: മൂവറ്റുപുഴയാറിൽ മൂലേക്കടവ് പാലം നിർമ്മാണത്തിനിടെ പുഴയുടെ തീരം ഇടിഞ്ഞു താഴ്ന്നു. ബുധനാഴ്ച വൈകിട്ടാണ് മറവൻതുരുത്ത് വാളമ്പള്ളി പടിഞ്ഞാറെ നമ്പ്യാട്ടിൽ എൻ.പി. കാർത്തികേയൻ്റെ വീടിരിക്കുന്ന പുരയിടത്തിന്റെ ഒരു ഭാഗം പുഴയിലേക്ക് പതിച്ചത്. ഇവിടെ പൈലിംഗ് ജോലികൾ ആരംഭിച്ച ഘട്ടത്തിൽ തന്നെ സമീപത്തെ തീരപ്രദേശം ഇടിയാൻ തുടങ്ങിയിരുന്നതായി പരാതി ഉയർന്നിരുന്നു. അന്ന് പാലത്തിൻ്റെ പണികൾ ആരംഭിച്ച ഘട്ടത്തിൽ
ഒരു മീറ്റർ വീതിയിലും 15 മീറ്റർ നീളത്തിലുമാണ് അന്ന് തീരം ഇടിഞ്ഞു പോയതായാണ് നാട്ടുകാർ പറയുന്നത്.


മറവൻതുരുത്ത്-ചെമ്പ് പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിച്ചു മൂവാറ്റുപുഴയാറിന് കുറുകെ നിർമ്മിക്കുന്ന മൂലേക്കടവ് പാലത്തിൻ്റെ നിർമ്മാണം 2023 ലാണ് ആരംഭിച്ചത്. 210 മീറ്റർ നീളത്തിലും 11 മീറ്റർ വീതിയിലും കിഫ്ബിയിൽ നിന്നുള്ള 25 കോടി രൂപ ചിലവിലാണ് പാലം നിർമ്മിക്കുന്നത്. നിലവിൽ പുഴയുടെ തീരം വഴി ഉണ്ടായിരുന്ന നടപ്പാത പൂർണമായും പുഴയിൽ ഒലിച്ചുപോയതായി പ്രദേശവാസികൾ പറഞ്ഞു. പാലം നിർമ്മാണവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിക്കുകയും തീരം ഇടിയാതിരിക്കാൻ താൽക്കാലികമായി ഏരികൾ താഴ്ത്തി സുരക്ഷിതമാക്കുമെന്നും പിന്നീട് ഇവരുടെ വീടിരിക്കുന്ന പുഴയുടെ തീരം കരിങ്കല്ല് കെട്ടി സംരക്ഷിച്ചു നൽകുമെന്നും പറഞ്ഞിരുന്നു. ഇതൊന്നും നടപ്പിലാകാതെ വന്നതോടെ സ്ഥലം എം.എൽ.എയ്ക്കും, റവന്യൂ മന്ത്രി കെ രാജനും, നവകേരള സദസ്സിലും കുടുംബം പരാതിയും നൽകി. ഉദ്യോഗസ്ഥർ വന്ന് പരിശോധന നടത്തി പോയതല്ലാതെ യാതൊരുവിധ നടപടിയും സ്വീകരിച്ചില്ല എന്നാണ് വീട്ടുടമ കാർത്തികേയൻ പറയുന്നത്. ഇവരുടെ 25 മീറ്ററോളം നീളത്തിൽ പല സമയങ്ങളിലായി തീരം ഇടിഞ്ഞു പോയിട്ടുണ്ട്. 56 സെൻ്റ്പുരയിടം നിലവിൽ 25 സെൻ്റ് മാത്രമായി ചുരുങ്ങി. വീടിരിക്കുന്ന സ്ഥലം കൂടി നഷ്ടപ്പെടുമെന്ന ആശങ്കയിലാണ് കാർത്തികേയനും കുടുംബവും. നഷ്ടപ്പെട്ടുപോയ ഭൂമി കല്ലുകെട്ടി സംരക്ഷിച്ചു മണ്ണിട്ട് നികത്തി നൽകണമെന്നാണ് ഇവരുടെ ആവശ്യം. പഞ്ചായത്തംഗം ബിന്ദു സുനിലും ബ്ലോക്കു പഞ്ചായത്തംഗം സുകന്യ സുകുമാരനും സ്ഥലം സന്ദർശിച്ചു.