|
Loading Weather...
Follow Us:
BREAKING

നേരേകടവ്-മാക്കേക്കടവ് പാലം നിര്‍മാണം അവസാന ഘട്ടത്തിലേക്ക്

നേരേകടവ്-മാക്കേക്കടവ് പാലം നിര്‍മാണം അവസാന ഘട്ടത്തിലേക്ക്
നേരേകടവ്-മാക്കേകടവ് പാലത്തിന്റെ അവസാന ഗര്‍ഡറിന്റെ കോണ്‍ക്രീറ്റിങ് പൂര്‍ത്തീകരിച്ചപ്പോള

വൈക്കം: ആലപ്പുഴ ജില്ലയിലെ തൈക്കാട്ടുശ്ശേരി ഗ്രാമപഞ്ചായത്തിനെയും കോട്ടയം ജില്ലയിലെ ഉദയനാപുരം ഗ്രാമപഞ്ചായത്തിനയും തമ്മില്‍ ബന്ധിപ്പിക്കുന്ന നേരേകടവ്-മാക്കേക്കടവ് പാലം നിര്‍മാണം അവസാനഘട്ടത്തിൽ. നിര്‍മാണത്തിനാവശ്യമായ 80 ഗര്‍ഡറുകളും പൂര്‍ത്തിയായി. ആകെയുള്ള 800 മീറ്ററില്‍ 610 മീറ്റര്‍ നിര്‍മാണം പൂര്‍ണമായും പൂര്‍ത്തിയായി കഴിഞ്ഞു. അവസാനത്തെ ഗര്‍ഡറിന്റെ കോണ്‍ക്രീറ്റിങ് ജോലികളാണ് ഇന്നലെ പൂര്‍ത്തീകരിച്ചത്. ഗര്‍ഡറുകളെല്ലാം മാക്കേക്കടവില്‍ കരയില്‍ നിര്‍മിച്ച ശേഷമാണ് കായലിനു മുകളില്‍ സ്ഥാപിക്കുന്നത്. ആകെയുള്ള 22 സ്പാനുകളില്‍ മാക്കേകടവ് ഭാഗത്തു നിന്നുള്ള 19 സ്പാനുകളിലെ മുഴുവന്‍ ഗര്‍ഡറുകളും സ്ഥാപിച്ചു. ഇതില്‍ 18-ാം സ്പാനിന്റെ മേല്‍തട്ട് കോണ്‍ക്രീറ്റിങ്ങിനുള്ള ജോലികള്‍ പുരോഗമിക്കുന്നതിനൊപ്പം നേരേകടവ് ഭാഗത്ത് 150 മീറ്റര്‍ നീളത്തില്‍ നിര്‍മിക്കുന്ന അപ്രോച്ച് റോഡിന്റെ സംരക്ഷണ ഭിത്തി കെട്ടുന്നതിനുമുള്ള പ്രാഥമിക നടപടികളും തുടങ്ങിയിട്ടുണ്ട്. ഗര്‍ഡറുകള്‍ പൂര്‍ണമായി നിര്‍മിച്ചു സ്ഥാപിച്ച ശേഷമേ മാക്കേക്കടവിലെ അപ്രോച്ച് റോഡിന്റെ നിര്‍മാണനടപടികള്‍ തുടങ്ങുകയുള്ളു. പാലത്തിന്റെ കൈവരികള്‍ നിര്‍മിക്കുന്ന ജോലികള്‍ മാക്കേക്കടവിലെ യാഡിലും പുരോഗമിക്കുന്നുണ്ട്. 2026 ആദ്യഘട്ടത്തില്‍ പൂര്‍ത്തിയാക്കുക എന്ന ലക്ഷ്യത്തിലാണ് നിര്‍മാണ പ്രവൃത്തികള്‍ മുന്നോട്ടു പോകുന്നത്. സംസ്ഥാന പൊതുമരാമത്ത് 98.09 കോടി രൂപ ചെലവഴിച്ചു 11.23 മീറ്റര്‍ വീതിയിലാണ് നേരേകടവ്-മാക്കേകടവ് പാലം നിര്‍മിക്കുന്നത്. വര്‍ഷങ്ങള്‍ നീണ്ട കേസുകളും തര്‍ക്കങ്ങളുമായി നിലച്ച നിര്‍മാണം 2024 മാര്‍ച്ച് മാസമാണ് പുനരാരംഭിച്ചത്. പ്രതീക്ഷിച്ചിതലും വേഗതയിലാന്ന് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് പോകുന്നത്.