നഗരം തിരഞ്ഞെടുപ്പ് ചൂടിലേക്ക്
അനഘ സുനിൽ
വൈക്കം: വൈക്കത്ത് പോരാട്ടം മുറുകുന്നു; പി. പ്രദീപ് എൽ.ഡി.എഫിനായി ഇറങ്ങുമ്പോൾ അജിത്തിലൂടെ അട്ടിമറി ലക്ഷ്യമിട്ട് എൻ.ഡി.എ. നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, പ്രമുഖ മുന്നണികൾ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതോടെ വൈക്കം മണ്ഡലം ആവേശത്തിന്റെ കൊടുമുടിയിൽ. എൽ.ഡി.എഫിനായി സി.പി.ഐയുടെ പി. പ്രദീപ് മത്സരരംഗത്തിറങ്ങുമ്പോൾ, മുൻ എം.എൽ.എ കെ. അജിത്തിനെ കളത്തിലിറക്കി എൻ.ഡി.എ ശക്തമായ വെല്ലുവിളിയാണ് ഉയർത്തുന്നത്.
ഇടത് കോട്ട കാക്കാൻ പി. പ്രദീപ്

സി.പി.ഐയുടെ ഉറച്ച കോട്ടയായ വൈക്കം നിലനിർത്തുക എന്ന വലിയ ഉത്തരവാദിത്തവുമായാണ് പി. പ്രദീപ് ജനവിധി തേടുന്നത്. കഴിഞ്ഞ രണ്ട് തവണയും സി.കെ. ആശയിലൂടെ വലിയ ഭൂരിപക്ഷത്തിൽ വിജയിച്ച മണ്ഡലത്തിൽ ഭരണത്തുടർച്ച ഉറപ്പാക്കാനാണ് എൽ.ഡി.എഫ് ലക്ഷ്യമിടുന്നത്. കക്ഷി, രാഷ്ട്രീയ ഭേദമില്ലാതെ വിപുലമായ സൗഹൃദങ്ങളും പാർട്ടിയുടെ മികച്ച സംഘാടകൻ എന്ന നിലയിലുള്ള പ്രദീപിന്റെ സ്വാധീനവും വോട്ടായി മാറുമെന്ന ആത്മവിശ്വാസത്തിലാണ് ഇടതുമുന്നണി.
അജിത്തിലൂടെ അട്ടിമറിക്ക് എൻ.ഡി.എ.

വൈക്കത്ത് മുമ്പ് രണ്ടു ടേം എം.എൽ.എ ആയിരുന്ന കെ. അജിത്ത് എൻ.ഡി.എ സ്ഥാനാർത്ഥിയായി എത്തിയത് ഇത്തവണത്തെ തിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ രാഷ്ട്രീയ മാറ്റമാണ്. അടുത്തിടെ ബി.ജെ.പിയിൽ ചേർന്ന അജിത്തിന് മണ്ഡലത്തിലുള്ള വ്യക്തിപരമായ സ്വാധീനവും പരിചിതത്വവും വഴി മികച്ച മുന്നേറ്റം നടത്താമെന്ന് എൻ.ഡി.എ കണക്കുകൂട്ടുന്നു. മണ്ഡലത്തിലെ വോട്ട് വിഹിതം വലിയ തോതിൽ ഉയർത്തുക എന്നതിനപ്പുറം ഒരു അട്ടിമറി വിജയമാണ് ബി.ജെ.പി ക്യാമ്പ് പ്രതീക്ഷിക്കുന്നത്.
യു.ഡി.എഫ് നീക്കം
മറ്റ് രണ്ട് മുന്നണികളും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതോടെ യു.ഡി.എഫ് ക്യാമ്പും സജീവമായിട്ടുണ്ട്. ശക്തനായ ഒരു സ്ഥാനാർത്ഥിയെ തന്നെ രംഗത്തിറക്കി മണ്ഡലം പിടിക്കാനാണ് യു.ഡി.എഫ് ആലോചന.
Comments ()