നഗരസഭ ചെയർമാൻ തിരഞ്ഞെടുപ്പ് ഇന്ന്
എസ്. സതീഷ്കുമാർ
വൈക്കം: വൈക്കം നഗരസഭയിൽ ചെയർമാനായി അബ്ദുൾ സലാം റാവുത്തറും വൈസ് ചെയർമാൻ ആയി സൗദാമിനി അഭിലാഷും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ചെയർമാൻ സ്ഥാനവും വൈസ് ചെയർമാൻ സ്ഥാനവും മൂന്നുപേർ പേർക്ക് വീതമാണ് പാർട്ടി നൽകിയിരിക്കുന്നത്. അബ്ദുൾ സലാം റാവുത്തറിന് ആദ്യ മൂന്ന് വർഷമാണ് കാലാവധി. പോളശ്ശേരി 27-ാം വാർഡിൽ ജയിച്ച പി.ഡി പ്രസാദിനാണ് അത് കഴിഞ്ഞുള്ള ഒരു വർഷം. അവസാന ഒരു വർഷമാണ് ഇടവട്ടം ജയകുമാറിന് ചെയർമാൻ സ്ഥാനം നൽകുന്നത്.

ഇന്ന് സ്ഥാനമേൽക്കുന്ന സൗദാമിനി അഭിലാഷ് ആദ്യ ഒന്നരവർഷം വൈസ് ചെയർമാൻ ആയിരിക്കും .പിന്നീട് 14-ാം വാർഡായ കവരപാടിയിൽ ജയിച്ച വിജിമോൾ ആണ് ഒന്നര വർഷം വൈസ് ചെയർമാൻ ആവുന്നത്. അവസാന രണ്ട് വർഷമാണ് മുരിയൻകുളങ്ങര 12ാം വാർഡിൽ ജയിച്ച മുൻ ചെയർ പേഴ്സൻ കൂടിയായിരുന്ന രേണുക രതീഷിന് വൈസ് ചെയർമാൻ സ്ഥാനം നൽകുന്നത്. ഇന്ന് രാവിലെ പത്തരക്കാണ് ചെയർമാൻ തിരഞ്ഞെടുപ്പ് . ഉച്ചക്ക് ശേഷം വൈസ് ചെയർമാനെയും തിരഞ്ഞെടുക്കും. കോൺഗ്രസിനു നഗരസഭയിൽ 13 അംഗങ്ങളാണുള്ളത്. എൽ.ഡി.എഫിന് രണ്ട് സ്വതന്ത്രൻമാർ ഉൾപ്പടെ 9 അംഗങ്ങളുണ്ട്. ബി.ജെ.പിക്ക് മൂന്നും, രണ്ട് സ്വതന്ത്ര അംഗങ്ങളുമായി 27 ജനപ്രതിനിധികളാണ് നഗരസഭ കൗൺസിലിൽ ഉള്ളത്.