നഗരസഭ ചെയർമാനായി അബ്ദുൽ സലാം റാവുത്തർ ചുമതലയേറ്റു
എസ്. സതീഷ്കുമാർ
വൈക്കം: വൈക്കം നഗരസഭ ചെയർമാനായി വൈക്കത്തെ മുതിർന്ന കോൺഗ്രസ് നേതാവ് അബ്ദുൾ സലാം റാവുത്തറും വൈസ് ചെയർപേഴ്സണായി സൗദാമിനി അഭിലാഷും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാവിലെ പത്തരയോടെയാണ് തിരഞ്ഞെടുപ്പ് നടപടികൾ തുടങ്ങിയത്. പതിനൊന്ന് മണിക്ക് ശേഷം നടന്ന ചെയർമാൻ തെരഞ്ഞെടുപ്പിൽ 13 കോൺഗ്രസ് അംഗങ്ങളുടെ പിന്തുണയോടെയാണ് അബ്ദുൾ സലാം റാവുത്തർ 72-ാം വയസിൽ നഗരസഭാ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടത്. തുടർന്ന് ദൈവനാമത്തിലായിരുന്നു സത്യപ്രതിജ്ഞ. ലിങ്ക് റോഡ് വാർഡിലെ ബി.ജെ.പി പുതുമുഖ അംഗം അനീഷ് യോഗത്തിനെത്തിയില്ല. പങ്കെടുത്ത ബി.ജെ.പി അംഗങ്ങളായ എം.കെ. മഹേഷ്, വി. അമ്പിളി എന്നിവർ വോട്ടിംഗിൽ പങ്കെടുത്തില്ല. സ്വതന്ത്ര അംഗങ്ങളായ ഏ.സി. മണിയമ്മയും കെ.ബി. ഗിരിജാകുമാരിയും വിട്ടു നിന്നു. 27 അംഗ കൗൺസിൽ ചെയർമാൻ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് 13, എൽ.ഡി.എഫ് 9 എന്നിങ്ങനെയായിരുന്നു വോട്ട് നില. മൂന്ന് വർഷമാണ് നിലവിലെ പാർട്ടി തീരുമാനമനുസരിച്ച് അബ്ദുൾ സലാം റാവുത്തറുടെ ചെയർമാൻ കാലാവധി. പിന്നീട് ഒരു വർഷം പി.ഡി. പ്രസാദും അവസാന വർഷം ഇടവട്ടം ജയകുമാറും എന്ന ധാരണയാണ് പ്രദേശിക നേതൃത്വം പറയുന്നത്. എന്നാൽ ജില്ലാ നേതൃത്വത്തിൻ്റെ ഔദ്യോഗിക തീരുമാനമായിട്ടില്ല. മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് സോണി സണ്ണി കൂടി ചെയർമാൻ സ്ഥാനത്തിനായി
രംഗത്തുണ്ട്. അടുത്ത ദിവസം കോൺഗ്രസ് കോർ കമ്മറ്റി കൂടി അന്തിമ തീരുമാനം ജില്ലാ നേതൃത്വം അറിയിക്കുമ്പോൾ മാത്രമെ ഇത്തവണ ചെയർമാന്മാർ എത്രയെന്നും കാലാവധി വീതം വയ്പ് എങ്ങനെയെന്നും വ്യക്തമാകൂ.
ഉച്ചക്ക് ശേഷം നടന്ന തിരഞ്ഞെടുപ്പിൽ വൈസ് ചെയർപേഴ്സണായി സൗദാമിനി അഭിലാഷ് വിജയിച്ചു. തുടർന്ന് സത്യപ്രതിജ്ഞ നടന്നു. നിലവിലെ തീരുമാന പ്രകാരം ഒന്നര വർഷത്തെ കാലാവധിയാണ് സൗദാമിനിക്ക് ഉള്ളത്. തുടർന്ന് ഒന്നര വർഷം വിജിമോളും അവസാന രണ്ട് വർഷം രേണുക രതീഷും വൈസ് ചെയർപേഴ്സണാകും.
എന്നാൽ സ്ഥാന കാലാവധിയടക്കം ഇവരുടേയും കാര്യങ്ങൾ കോൺഗ്രസിൻ്റെ ഔദ്യോഗിക തീരുമാനം വന്നാൽ മാത്രമെ പറയാനാകു എന്നതാണ് സ്ഥിതി.
അബ്ദുൾ സലാം റാവുത്തർ

1969ൽ വൈക്കം ആശ്രമം സ്ക്കൂളിൽ കെ.എസ്.യു പ്രവർത്തകനായി രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച അബ്ദുൾ സലാം റാവുത്തർ ജില്ലയിലെ തന്നെ മുതിർന്ന കോൺഗ്രസ് നേതാക്കളിൽ ഒരാളാണ്. കെ.എസ്.യു താലൂക്ക് പ്രസിഡൻ്റ്, ജില്ലാ സെക്രട്ടറി, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻ്റ്, ജില്ലാ എക്സിക്യൂട്ടീവ് മെമ്പർ, കോൺഗ്രസ് വൈക്കം
നിയോജക മണ്ഡലം സെക്രട്ടറി,
കാർഷിക വികസന ബാങ്ക് പ്രസിഡൻ്റ്, എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ ഡി.സി.സി ജനറൽ സെക്രട്ടറിയും ഐ.എൻ.റ്റി.യു.സി നേതൃത്വത്തിലുള്ള വിവിധ യൂണിയനുകളുടെ പ്രസിഡൻ്റുമാണ്
വൈക്കം നഗരസഭയിലേക്ക് കായിപ്പുറം വാർഡിൽ നിന്നും 95 മുതൽ 4 തവണ തുടർച്ചയായി തെരഞ്ഞെടുക്കപ്പെട്ടു. 2010 -15 കാലഘട്ടത്തിൽ നഗരസഭ വൈസ് ചെയർമാനായിരുന്നു. ഇക്കുറി 16-ാം വാർഡിൽ (തുരുത്തിക്കര)
ഭാര്യ: സീന റാവുത്തർ,
മക്കൾ: സിനി. ആർ. റഫീക്ക്,
സിബിൻ കെ.എ.
സൗദാമിനി അഭിലാഷ്

നഗരസഭ 24 -ാം വാർഡിൽ (ഇ.വി.ആർ) നിന്നാണ് സൗദാമിനി അഭിലാഷ് തിരഞ്ഞെടുക്കപ്പെട്ടത്. 2015-20 ലെ നഗരസഭ കൗൺസിലിൽ അംഗമായിരുന്നു.
അതുൽ നിവാസിൽ അഭിലാഷാണ് ഭർത്താവ്. മക്കൾ: അതുൽ കൃഷ്ണ, അനന്തു കൃഷ്ണ.