നഗരസഭയിൽ ചെയർമാൻ സ്ഥാനം മൂന്നുപേർക്ക്
എസ്. സതീഷ്കുമാർ
വൈക്കം: നഗരസഭയിൽ ചെയർമാൻ സ്ഥാനം മൂന്നുപേർക്ക്. ആദ്യം മൂന്നുവർഷം അബ്ദുൽസലാം റാവുത്തർ ചെയർമാൻ ആയിരിക്കും. അടുത്ത ഓരോ വർഷം ഇടവട്ടം ജയകുമാറും പി.ഡി. പ്രസാദും ചെയർമാൻ ആകും. ഇത് സംബന്ധിച്ച് ഇന്ന് ജില്ലാ നേതൃത്വത്തിൽ തീരുമാനമായതായാണ് വിവരം. എന്നാൽ ഔദ്യോഗിക തീരുമാനം പിന്നീടാണ് ഉണ്ടാവുക. നാളെ ചെയർമാനായി അബ്ദുൽസലാം റാവുത്തർ മത്സരിക്കും. വോട്ടെടുപ്പിന് നഗരസഭ കോൺഗ്രസ് അംഗങ്ങൾക്കുള്ള വിപ്പ് ജില്ലാ നേതൃത്വം കൈമാറിയതായിട്ടാണ് വിവരം. പതിനാറാം വാർഡ് തുരുത്തിക്കരയിൽ നിന്നാണ് അബ്ദുസ്സലാം റാവുത്തർ വിജയിച്ചത്. മൂന്നാം വാർഡായ കാരുവള്ളി യിൽ നിന്ന് വിജയിച്ച ആളാണ് ഇടവട്ടം ജയകുമാർ. ഇരുപത്തിയേഴാം വാർഡ് ആയ പോളശ്ശേരിയിൽ നിന്നാണ് പി.ഡി. പ്രസാദ് വിജയിച്ചത്. വൈസ് ചെയർമാൻ സ്ഥാനവും മൂന്നുപേർക്ക് വീതിക്കും എന്നാണ് സൂചന. മുരിയംകുളങ്ങര പന്ത്രണ്ടാം വാർഡിൽ നിന്നും ജയിച്ച രേണുക രതീഷിന് രണ്ടുവർഷവും പതിനാലാം കവരപ്പാടിയിൽ നിന്ന് ജയിച്ച വിജി മോൾക്കും ഇരുപത്തിനാലാം വാർഡായ ഇ.വി.ആറിൽ നിന്ന് ജയിച്ച സൗദാമിനി അഭിലാഷിനും ഒന്നര വർഷം വീതം നൽകുമെന്നുമാണ് ലഭിക്കുന്ന സൂചന. നാളെ ചെയർമാൻ വൈസ് ചെയർമാൻ തെരഞ്ഞെടുപ്പിന് മുമ്പായി കോൺഗ്രസ് പാർലമെൻററി പാർട്ടി വൈക്കത്ത് ചേരും. സ്ഥാനങ്ങളുടെ പാർട്ടി ടേം ധാരണ അടുത്ത ദിവസങ്ങളിൽ തീരുമാനിച്ചായിരിക്കും ഒപ്പിടുക. എന്നാൽ നിലവിലെ ധാരണയിൽ ചില മാറ്റങ്ങൾ വന്നേക്കുമെന്ന സൂചനയും ഉണ്ട്.