പോളിംഗ് സാമഗ്രികളുടെ വിതരണം പൂർത്തിയായി
എസ്. സതീഷ്കുമാർ
കോട്ടയം: കോട്ടയത്ത് പോളിംഗ് സാമഗ്രികളുടെ വിതരണവും പോളിംഗ് ബൂത്തുകളിലെ ക്രമീകരണങ്ങളും പൂർത്തിയായി. നാളെ രാവിലെ ഏഴ് മുതൽ വൈകിട്ട് ആറ് വരെയാണ് പോളിംഗ്. ആറ് മണിവരെ വരി നിൽക്കുന്നവർക്ക് ടോക്കൺ നൽകി വോട്ട് ചെയ്യുന്നതിന് സൗകര്യമുണ്ടാകും. ത്രിതല പഞ്ചായത്തുകളും നഗരസഭകളും ഉൾപ്പെടെ ജില്ലയിലെ 89 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ 1611 നിയോജകമണ്ഡലങ്ങളിൽ 16,41,249 പേരാണ് വിധിയെഴുതുക. വോട്ടർമാരിൽ 8,56,321 സ്ത്രീകളും 7,84,842 പുരുഷൻമാരും ട്രാൻസ് ജെൻഡർ വിഭാഗത്തിൽപെട്ട 13 പേരും പ്രവാസി വോട്ടർമാരും ഉൾപ്പെടുന്നു. ആകെ 5281 പേരാണ് ജനവധി തേടുന്നത്. ജില്ലാ പഞ്ചായത്ത്-83, ബ്ളോക്ക് പഞ്ചായത്ത്-489, ഗ്രാമപഞ്ചായത്ത്- 4032, നഗരസഭ-677 എന്നിങ്ങനെയാണ് വിവിധ തലങ്ങളിലെ സ്ഥാനാർഥികളുടെ എണ്ണം. വോട്ടിംഗ് യന്ത്രങ്ങൾ ഉൾപ്പെടെയുള്ള തെരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണം ഇന്ന് ഉച്ചയോടെ പൂർത്തിയായി.11 ബ്ലോക്കു പഞ്ചായത്തുകളിലും ആറ് നഗരസഭകളിലും സജ്ജമാക്കിയ 17 സ്വീകരണ, വിതരണ കേന്ദ്രങ്ങളിൽ നിന്നാണ് ജില്ലയിലെ 1925 ബൂത്തുകളിലേയ്ക്കുള്ള സാമഗ്രികൾ വിതരണം ചെയ്തത്. അതത് റിട്ടേണിംഗ് ഓഫീസർമാരുടെ നേതൃത്വത്തിൽ വിവിധ കൗണ്ടറുകൾ ക്രമീകരിച്ചായിരുന്നു വിതരണം. പ്രിസൈഡിംഗ് ഓഫീസർമാരും ടീം അംഗങ്ങളും ചേർന്ന് ഏറ്റുവാങ്ങിയ സാമഗ്രികൾ ചെക്ക് ലിസ്റ്റ് വെച്ച് പരിശോധിച്ച് ഉറപ്പുവരുത്തിയാണ് പ്രത്യേകമായി ഏർപ്പെടുത്തിയ വാഹനങ്ങളിൽ ഉദ്യോഗസ്ഥരെ പോളിംഗ് ബൂത്തുകളിലെത്തിച്ചത്. ബസുകൾ ഉൾപ്പെടെ 724 വാഹനങ്ങളാണ് ഇതിനായി ഏർപ്പെടുത്തിയത്. പെൻസിൽ, പേന, പേപ്പർ, നൂൽ, മെഴുക്, പശ, മെഴുകുതിരി, തീപ്പെട്ടി തുടങ്ങി പോളിംഗ് ബൂത്തുകളിൽ ആവശ്യമുള്ള 28 സ്റ്റേഷനറി ഇനങ്ങൾ പ്രത്യേകം കവറിലാക്കിയാണ് നൽകിയത്. വോട്ടർ പട്ടികയുടെ പകർപ്പ്, വിവിധ സീലുകൾ, ഫോറങ്ങൾ, കവറുകൾ, ടെണ്ടർ വോട്ടിനുള്ള ബാലറ്റുകൾ തുടങ്ങിയവയും വിതരണം ചെയ്തു. വോട്ടെടുപ്പിന് ശേഷം ചൊവ്വാഴ്ച വൈകുന്നേരത്തോടെ സ്വീകരണ കേന്ദ്രങ്ങളിൽ എത്തിക്കുന്ന വോട്ടിംഗ് യന്ത്രങ്ങൾ സ്‌ട്രോംഗ് റൂമുകളിലേക്ക് മാറ്റും. വിതരണ കേന്ദ്രങ്ങൾ തന്നെയാണ് സ്വീകരണ കേന്ദ്രങ്ങളായി പ്രവർത്തിക്കുന്നത്. ഇതേ കേന്ദ്രങ്ങളിൽ തന്നെയാണ് 13ന് വോട്ടെണ്ണൽ നടക്കുക. ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലേക്കുള്ള തപാൽ വോട്ടുകൾ ജില്ലാ പഞ്ചായത്ത് ഹാളിലായിരിക്കും എണ്ണുക.