പ്രാര്‍ത്ഥനയുടെ പുണ്യമായി ദിവ്യകാരുണ്യ പ്രദക്ഷിണം
വൈക്കം: വൈക്കം സെന്റ് ജോസഫ് ഫൊറോനാപള്ളിയില്‍ ഇടവക ധ്യാനത്തിന്റെയും നാല്‍പതുമണി ആരാധനയുടെയും സമാപനത്തോടനുബന്ധിച്ച് ഞായറാഴ്ച വൈകിട്ട് പള്ളിയുടെ പുറത്തേയ്ക്ക് എഴുന്നള്ളിച്ച ദിവ്യകാരുണ്യ പ്രദക്ഷിണം ഭക്തി നിര്‍ഭരമായി. നാല്‍പതു മണിക്കൂര്‍ നീണ്ട പൊതുവാരാധനയുടെ ചടങ്ങുകള്‍ ഞായറാഴ്ച വൈകിട്ട് 5 നാണ് സമാപിച്ചത്. ഫൊറോനാ പള്ളി വികാരി ഫാദര്‍ ബര്‍ക്കുമാന്‍സ് കൊടയ്ക്കലിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ ഫാദര്‍ ജോസഫ് താമര വെളിയാണ് ആരാധനയുടെ സമാപന ചടങ്ങ് നടത്തിയത്. ഇടവകയില്‍ പെട്ട ഏഴ് വൈദികരും ചടങ്ങില്‍ കാര്‍മ്മികരായിരുന്നു. സഹ വികാരി ഫാദര്‍ ജോസഫ് മേച്ചേരിയും പങ്കെടുത്തു. ദിവ്യകാരുണ്യ പ്രദക്ഷിണത്തിന് ട്രസ്റ്റിമാരായ ഡെന്നി മംഗലശ്ശേരി, ജോര്‍ജ്ജ് ആവള്ളില്‍, വൈസ് ചെയര്‍മാന്‍ മാത്യു കൂടല്ലി, കണ്‍വീനര്‍ ജോയിച്ചന്‍ കാട്ടേത്ത് എന്നിവര്‍ നേതൃത്വം നല്‍കി.