പ്രായത്തെ വെല്ലുവിളിച്ച് വേമ്പനാട്ടു കായൽ കീഴടക്കി റൂബി മത്തായി
എസ്. സതീഷ്കുമാർ
വൈക്കം: ഈ വയസാം കാലത്ത് ഇതിൻ്റെ വല്ല കാര്യവുമുണ്ടൊ എന്ന് ആരെങ്കിലും ചോദിച്ചാൽ റൂബി മത്തായി എന്ന 63 കാരിയുടെ മറുപടി ഇതാണ്. ആ മറുപടി വാക്കിലൂടെ അല്ല പ്രവർത്തിയിലൂടെയാണ്. 63 വയസ്സിൽ വേമ്പനാട്ട് കായലിന് കുറുകെ നീന്തിയിരിക്കുകയാണ് റൂബി മത്തായി.
കോതമംഗലം വാരപ്പെട്ടിയിൽ മോളേൽ വീട്ടിൽ എം.എം മത്തായിയുടെ ഭാര്യ റുബി മത്തായി ആണ് കായലിന് കുറുകെ നീന്തി ഇന്ന് രാവിലെ വൈക്കം കായലോര ബീച്ചിൽ എത്തിയത്. ആലപ്പുഴ ചേർത്തല കുമ്പേൽ കടവിൽ നിന്നും ഒമ്പത് കിലോമീറ്ററോളം വരുന്ന ദൂരമാണ് റൂബി മുത്തശ്ശി നീന്തിയത്. കായലോളങ്ങൾ റൂബിക്ക് തടസ്സമായില്ല.
പ്രായത്തെ വെല്ലുന്ന മനധൈര്യവും ബിജു തങ്കപ്പൻ എന്ന പരിശീലകന്റെ മികവുമാണ് റൂബിമത്തായി എന്ന 63കാരിയുടെ ഈ സാഹസിക നീന്തലിന് പിന്നിൽ. രാവിലെ 7.13ഓടെ നീന്തൽ ചേർത്തല കൂമ്പേൽ കടവിൽ നിന്നും തുടങ്ങി. പെരുമ്പാവൂർ യൂണിയൻ ബാങ്ക് സീനിയർ ചീഫ് മാനേജർ അരവിന്ദൻ ഫ്ലാഗ് ഓഫ് ചെയ്തു. 9.20 ഓടെയാണ് 2 മണിക്കൂർ 7 മിനിറ്റ് കൊണ്ട് റുബി വൈക്കം ബീച്ചിൽ നീന്തി കയറിയത്. കോതമംഗലം ഡോൾഫിൻ ക്ലബ്ബിൽ നീന്തൽ പഠിക്കുവാൻ എത്തിയ റൂബി മുത്തശിയുടെ നീന്തലിലെ മികവ് കണ്ട് പരിശീലകൻ ബിജു തങ്കപ്പനാണ് കായലിൽ നീന്താൻ പ്രേരണയായത്. റൂബിയുടെ ഭർത്താവ് മത്തായിയും മക്കൾ ആയ ബാസിൽ മാത്യു, മകൾ ബ്ലെസ്സി എന്നിവരും പൂർണ്ണ പിന്തുണ നൽകി. ഭർത്താവ് മത്തായി വിദേശത്തു നിന്നും നാട്ടിൽ എത്തിയാണ് പിന്തുണയുമായി ഭാര്യക്കൊപ്പം നിന്നത്. കുത്തൊഴുക്കുള്ള മൂവാറ്റുപുഴയാറിലാണ് റുബി 6 മാസം രാവിലെയും വൈകിട്ടുമായി പരിശീലനം നടത്തിയത്. വേമ്പനാട്ട് കായൽ നീന്തുന്ന ഏറ്റവും പ്രായം കൂടിയ വനിത ആണ് റുബി മത്തായി എന്നാണ് സംഘാടകരുടെ അവകാശ വാദം. വൈക്കം ബീച്ചിൽ വച്ചു നടന്ന അനുമോദന യോഗത്തിൽ വൈക്കം നഗരസഭ എൽ.ഡി.എഫ് പാർലമെൻ്ററി പാർട്ടി നേതാവ് ഡി. രഞ്ജിത് കുമാർ അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ റെജിമോൾ സ്വാഗതം പറഞ്ഞ യോഗം നഗരസഭ ചെയർമാൻ അബ്ദുൽസലാം റാവുത്തർ ഉദ്ഘാടനം ചെയ്തു. റൂബിയെ പൊന്നാട അണിയിച്ചു ആദരിച്ചു. വിശിഷ്ടാതിഥിയായി പ്രദീപ് മാളവിക, ഫയർ &റെസ്ക്യൂ ഓഫീസർ പി. ഷൈൻ , മുരുകാ സ്വിമിങ് ക്ലബ് ഉദയനാപുരം നീന്തൽ പരീശീലകൻ ടി. ഷാജി കുമാർ പ്രോഗ്രാം കോഡിനേറ്റർ പി.എ. അൻസൽ എന്നിവർ സംസാരിച്ചു. ഡോൾഫിൻ അക്വാട്ടിക് ക്ലബ്ബിന്റെ നേതൃത്വത്തിൽ വേമ്പനാട്ട് കായലിൽ സാഹസിക നീന്തൽ നടത്തുന്ന 33-ാംമത്തെ താരമാണ് റുബി മുത്തശ്ശി.
Comments ()