|
Loading Weather...
Follow Us:
BREAKING

പുഴയുടെ രക്ഷകനായി അനിൽ കുമാർ

പുഴയുടെ രക്ഷകനായി അനിൽ കുമാർ
അനിൽകുമാർ

എസ്. സതീഷ്കുമാർ

വൈക്കം: ഒരു പുഴക്കായി മൂന്നാണ്ട് സമർപ്പിച്ച ഒരാളുണ്ട് വൈക്കം ഏനാദിയിൽ. അനിൽകുമാർ എന്ന സാധാരണക്കാരൻ. നാടിനായി അനിൽകുമാർ വീണ്ടെടുത്തത് അധികാരികൾ കൈയ്യൊഴിഞ്ഞ ഒരു പുഴയെ ആണ്. പുല്ലും പോളയും തിങ്ങി നീരൊഴുക്കില്ലാതെ കിടന്ന പുല്ലാന്തിയാർ മൂന്ന് വർഷത്തെ ശ്രമം കൊണ്ട് ഒറ്റയ്ക്ക് ശുചിയാക്കി ശ്രദ്ധ നേടുകയാണ് ഈ ഏനാദിക്കാരൻ. പ്രദേശവാസിയായ ചെറുതുരുത്തിൽ അനിൽകുമാറാണ് ഒൻപത് കിലോമീറ്ററോളം നീളത്തിലുള്ള പുല്ലാന്തിയാറിലെ അഞ്ചുകിലോമീറ്റർ മൂന്നുവർഷവും നാലു മാസവും കൊണ്ട് വൃത്തിയാക്കിയത്. മുവാറ്റുപുഴയാറിൻ്റെ കൈവഴിയായ പുല്ലാന്തിയാറിൽ പുല്ലും പായലും തിങ്ങി ചെറുവള്ളത്തിനു പോലും പോകാൻ കഴിയാത്ത സ്ഥിതിയായിരുന്നു.

0:00
/1:55

ആഴത്തിൽ വളർന്ന പുല്ലും പോളയും ആറ്റിലേക്ക് വളർന്നിറങ്ങിയ കാടും പടലുമെല്ലാം നീക്കിയാണ് അനിൽകുമാർ പുല്ലാന്തിയാറിൻ്റെ അഞ്ച് കിലോമീറ്റർ ഭാഗത്ത് നീരൊഴുക്കും യാത്രയും സാധ്യമാക്കിയത്. മരംവെട്ടുകാരനായ അനിൽകുമാർ സ്വന്തം വള്ളത്തിൽ പുഴയിലൂടെ പോയി ദിവസവും ഉച്ച വരെയാണ് മാലിന്യം നീക്കുന്നത്. ഇതിനിടെ പഞ്ചായത്ത് ഭരണസമിതിയും ജനകീയ സമിതി രൂപീകരിച്ച് പുഴ ശുചീകരിക്കാൻ ശ്രമം നടത്തിയിരുന്നു. എന്നാൽ 65അംഗ സംഘം ഒരാഴ്ച കിണഞ്ഞു ശ്രമിച്ചിട്ടും 100 മീറ്ററോളം മാത്രമേ വൃത്തിയാക്കാൻ കഴിഞ്ഞുള്ളുവെന്ന് അനിൽകുമാർ പറയുന്നു. മാലിന്യങ്ങൾ നീങ്ങി തുടങ്ങി ജലാശയം തെളിയും തോറും കിട്ടിയ ആവേശവും സംതൃപ്തി മാത്രമായിരുന്നു അനിൽകുമാറിൻ്റെ കൈമുതൽ. ചൊറിച്ചിലടക്കമുള്ള രോഗം പരത്തി പുഴവെള്ളം ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു അനിൽകുമാറിൻ്റെ ഈ സേവനം. നിലവിൽ നീരൊഴുക്ക് ഉണ്ടായ പുഴ ജലയാത്രക്കും കുളിക്കാനും കൃഷിക്കും ഉപയോഗ യോഗ്യമായതിൻ്റെ സന്തോഷത്തിലാണ് പ്രദേശവാസികൾ. ചെമ്പ് എനാദി കാട്ടിത്തറ മുതൽ കല്ലുകുത്താംകടവ് വരെയും മണപ്പുറം മുതൽ ചെമ്പകശേരി പാലം, ചെറുതുരുത്തി ദേവസ്വം കരി വരെയുള്ള അഞ്ചു കിലോമീറ്റർ ദൂരം പുല്ലാന്തിയാറിലൂടെ ഇപ്പോൾ വള്ളത്തിൽ സഞ്ചരിക്കാൻ കഴിയും. അനിൽകുമാറിൻ്റെ ഈ നിസ്വാർത്ഥ സേവനത്തിന് നാടിൻ്റെയും സംഘടനകളുടെയും ആദരവും ലഭിച്ചിട്ടുണ്ട്. പുല്ലാന്തിയാറിൻ്റെ ബാക്കി ഭാഗം കൂടി ശുചിയാക്കാനുള്ള ആഗ്രഹവുമായി അനിൽകുമാർ ഇനിയും പുല്ലാന്തിയാറിൽ ഇറങ്ങും. ഒരു നാടിനായി, നാടിൻ്റെ പുഴയെ വീണ്ടെടുക്കാൻ...