രാഷ്ട്ര പുരോഗതിക്ക് സാമൂഹിക പ്രതിബദ്ധതയുള്ള പുതുതലമുറ അനിവാര്യം: പി.ജി.എം. നായര്‍ കാരിക്കോട്
വൈക്കം: സാമൂഹിക പ്രതിബദ്ധതയുള്ള യുവതലമുറ രാഷ്ട്ര പുരോഗതിക്ക് അനിവാര്യമാണെന്നും, സമുദായ സംഘടനകള്‍ക്ക് ഇക്കാര്യത്തില്‍ നിര്‍ണ്ണായക പങ്കു വഹിക്കുവാന്‍ കഴിയുമെന്നും വൈക്കം താലൂക്ക് എന്‍.എസ്.എസ്. യൂണിയന്‍ പ്രസിഡന്റ് പി.ജി.എം. നായര്‍ കാരിക്കോട് പറഞ്ഞു.
വൈക്കം താലൂക്ക് എന്‍.എസ്.എസ്. യൂണിയന്റെ നേതൃത്വത്തില്‍ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച പ്രതിഭകള്‍, റാങ്ക് ജേതാക്കള്‍, കലാ, സാഹിത്യ നായകര്‍ എന്നിവരെ അനുമോദിക്കാന്‍ സംഘടിപ്പിച്ച പ്രതിഭാ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കഴിവ് തെളിയിച്ച വിദ്യാര്‍ത്ഥികള്‍ക്ക് എന്‍.എസ്. എസ് ഹെഡ് ഓഫീസില്‍ നിന്നും അനുവദിച്ച വിദ്യാഭ്യാസ സഹായവും വിവിധ സ്‌ക്കോളര്‍ഷിപ്പുകളും എന്‍ഡോവ്‌മെന്റുകളും വിതരണം ചെയ്തു. താലൂക്കിലെ കരയോഗങ്ങളില്‍ നിന്ന് മുന്നൂറിലധികം പ്രതിഭകളെ ചടങ്ങില്‍ ആദരിച്ചു. കെ.എന്‍.എന്‍. സ്മാരക എന്‍.എസ്.എസ്. ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ യൂണിയന്‍ വൈസ് പ്രസിഡന്റ് പി. വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു. യൂണിയന്‍ സെക്രട്ടറി അഖില്‍ ആര്‍. നായര്‍ മുഖ്യ പ്രഭാഷണം നടത്തി. യൂണിയന്‍ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് എന്‍. മധു, ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പള്‍മാരായ എന്‍. ബിന്ദു, ബി. കൃഷ്ണകുമാര്‍, വനിതാ യൂണിയന്‍ വൈസ് പ്രസിഡന്റ് ജയ രാജശേഖരന്‍ എന്നിവര്‍ പ്രസംഗിച്ചു.