രോഗിയുടെ വീട്ടിലെ കണക്ഷൻ വിഛേദിച്ചത് പുനസ്ഥാപിച്ച് അധികൃതർ
തലയോലപ്പറമ്പ്: വൈദ്യുതി ബിൽ യഥാസമയം അടച്ചില്ല. ഓക്സിജൻ സിലിണ്ടറിൻ്റെ സഹായത്തോടെ ശ്വാസം നിലനിർത്തുന്ന നിർധനരോഗിയുടെ വീട്ടിലെ വൈദ്യുതി കണക്ഷൻ വിച്ഛേദിച്ചു. പക്ഷേ വീട്ടുകാരുടെ അവസ്ഥ മനസ്സിലായതോടെ പണം അടക്കാതെ തന്നെ അധികൃതർ മണിക്കുറുകൾക്കകം വൈദ്യുതി ബന്ധം പുന:സ്ഥാപിച്ച് നൽകി. തലയോലപ്പറമ്പ് വടയാർ പഴമ്പട്ടിയിൽ അറുപതിൽ വീട്ടിൽ എ.കെ. രമേശ(52) നാണ് വൈദ്യുതി ഇല്ലാതെ പ്രയാസം നേരിട്ടത്. സെപ്തംബർ മാസം അടയ്ക്കേണ്ട ബില്ല് അടയ്ക്കാത്തതിനെ തുടർന്ന് വ്യാഴാഴ്ച വിലെ 11 മണിയോടെ തലയോലപ്പറമ്പ് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ എത്തി രമേശൻ്റെ വീട്ടിലെ വൈദ്യുതി വിച്ഛേദിക്കുകയായിരുന്നു. കെട്ടിട നിർമ്മാണ തൊഴിലാളിയായ രമേശന് 2018 ജൂലൈ മുതൽ ശ്വാസംമുട്ടൽ ആരംഭിച്ചതോടെ വൈക്കം താലൂക്ക് ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും ഏറെ നാൾ ചികിത്സയിലായിരുന്നു. 2021 ജൂൺ മാസമാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ വിശദമായ പരിശോധനയിൽ ശ്വാസകോശം ചുരുങ്ങുന്ന അസുഖമാണെന്ന് കണ്ടെത്തിയത്. ഇതോടെ ഓക്സിജൻ ഉപയോഗിക്കണമെന്ന് ഡോക്ടർ നിർദേശിക്കുകയായിരുന്നു. കൂടുതൽ ബുദ്ധിമുട്ട് അനുഭവപ്പെടുമ്പോൾ ഓക്‌സിജൻ മാസ്ക് ഉപയോഗിച്ച് വലിക്കേണ്ട സ്ഥിതി വന്നതോടെ രമേശന് കൂലിപ്പണിക്ക് പോകാൻ പറ്റാത്ത സ്ഥിതിയായി. ഇതിനിടെ രണ്ടുതവണ രോഗം മൂർച്ഛിച്ച് ഗുരുതരാവസ്ഥയിൽ വൈക്കം താലൂക്ക് ആശുപത്രിയിലും, കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും വെന്റിലേറ്ററിൽ കിടക്കേണ്ടിയും വന്നു. ശ്വാസം മുട്ടലിനുള്ള കുത്തിവയ്പ്പിനും മരുന്നിനുമായി മാസം മൂവായിരത്തിലധികം രൂപ വേണം. അതിനിടെയാണ് സെപ്തംബറിൽ വൈദ്യുതിബിൽ എത്തിയത്. ഭാര്യ ഷൈല എഴുപുന്നയിൽ ചെമ്മീൻ കമ്പനിയിൽ ജോലിക്ക് പോയി ലഭിക്കുന്ന തുച്ഛമായ തുക മാത്രമാണ് കുടുംബത്തിന്റെ ഏക വരുമാനം. ഇവരുടെ സ്ഥിതി മനസ്സിലാക്കിയാണ് പണം അടയ്ക്കാതെ തന്നെ കൂടുതൽ സാവകാശം നൽകി വൈദ്യുതി ബന്ധം വൈകിട്ട് തന്നെ പുന:സ്ഥാപിച്ച് നൽകിയതെന്ന് തലയോലപ്പറമ്പ് കെ.എസ്. ഇ.ബി അധികൃതർ പറഞ്ഞു. അതെ സമയം ഇന്ന് രാവിലെ ഇവരുടെ ബില്ല് കുടിശിഖയായ 2720 രൂപ അടച്ച് തീർത്തു.