ശിവഗിരി മഠത്തിന് രാഷ്ട്രീയമില്ല: സ്വാമി ശുഭാംഗാനന്ദ
വൈക്കം: മതാതീത ആത്മീയതയുടെ കേന്ദ്രമായ ശിവഗിരി മഠത്തിന് മേൽ ഒരു പ്രത്യേക വിഭാഗത്തിൻ്റെ പേര് ചാർത്താൻ ചില ഭാഗങ്ങളിൽ നിന്ന് ശ്രമം നടക്കുന്നതായി ആരോപണമുയരുന്നു. ഈഴവരുടെ ഉന്നമനം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന എസ്.എൻ.ഡി.പി യോഗത്തേക്കാൾ കടുത്ത ഭാഷയിൽ മുന്നണികൾ സ്ഥാനാർത്ഥി നിർണയത്തിൽ ഈഴവർക്ക് മതിയായ പ്രാധാന്യം നൽകുന്നില്ലെന്ന് ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദ കഴിഞ്ഞ ദിവസം പ്രസ്താവിച്ചതടക്കമുള്ള ചില വിഷയങ്ങളാണ് വിവാദങ്ങൾക്ക് തിരികൊളുത്തിയത്. മഠത്തിനകത്തും പുറത്തും ഇത് വലിയ വിമർശനങ്ങൾക്കിടയാക്കി. മതങ്ങൾക്ക് മീതെ മനുഷ്യനെയും മനുഷ്യനിൽ ദൈവത്തെയും കാണുന്ന ശിവഗിരി മഠത്തിൻ്റെ അന്തസത്തക്ക് ചേരാത്ത അഭിപ്രായപ്രകടനമാണ് മഠാധിപതി നടത്തിയതെന്നാണ് പരക്കെ ആക്ഷേപം.

തുടർന്ന് ശിവഗിരി ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ ഇത്തരം വിഷയങ്ങളിലെ മഠത്തിൻ്റെ പൊതുവായ നിലപാട് വ്യക്തമാക്കിയിരുന്നു.നിയമസഭാ തിരഞ്ഞെടുപ്പിൽ മുന്നണികളുടെ സ്ഥാനാർത്ഥി നിർണ്ണയത്തിലും എസ്.എൻ.ഡി. പി യോഗത്തിന്റെ കേസിലും ശിവഗിരി ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും അത് ശിവഗിരി മഠത്തിന്റെ അഭിപ്രായമല്ലെന്നുമാണ് സ്വാമി ശുഭാംഗാനന്ദ ഇന്നലെ പറഞ്ഞത്.

ഏതെങ്കിലും കേസ് ജയിക്കുമ്പോൾ സന്തോഷിക്കുന്നതും പരാജയപ്പെടുമ്പോൾ ദു:ഖിക്കുന്നതും മഠത്തിന്റെ സമീപനരീതിയല്ലെന്ന്. സ്വാമി ശുഭാംഗാനന്ദ പറഞ്ഞു. ശിവഗിരി മഠത്തിന്റെ പൊതുവായ അഭിപ്രായം ട്രസ്റ്റ് ചേർന്നാണ് തീരുമാനിക്കുന്നത്.മഠാധിപതി അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാകും പറഞ്ഞത്. ശിവഗിരിമഠത്തിന്റെ നയപരമായ കാര്യങ്ങളിൽ നിലപാട് വ്യക്തമാക്കുന്നത് ഡയറക്ടർ ബോർഡാണ്. ഇക്കാര്യങ്ങളൊന്നും ഡയറക്ടർ ബോർഡിൽ ചർച്ച ചെയ്യപ്പെട്ടിട്ടില്ല. ആവശ്യമെങ്കിൽ ചർച്ച ചെയ്ത് സ്ഥിതിഗതികൾ വിലയിരുത്തി നിലപാട് അറിയിക്കും.എല്ലാ രാഷ്ട്രീയ പാർട്ടികളെയും അംഗീകരിക്കുന്ന പാരമ്പര്യമാണ് ശിവഗിരി ധർമ്മസംഘം ട്രസ്റ്റിനുള്ളത്. ഒരു മുന്നണികളോടും അതൃപ്തി ഇല്ല. കക്ഷി രാഷ്ട്രീയത്തിന് അതീതമായി പ്രവർത്തിക്കുന്ന ആത്മീയ കേന്ദ്രമാണ് ശിവഗിരിമഠം. അതിന്റെ അടിസ്ഥാനത്തിൽ ശിവഗിരിമഠം രാഷ്ട്രീമായ കാര്യങ്ങളിൽ ഇടപെടാറില്ല. രാഷ്ട്രീയ വിവാദങ്ങളുടെയും സംഘടനാവിരുദ്ധ പ്രവർത്ത നങ്ങളുടെയും കേന്ദ്രബിന്ദുവാക്കി ശിവഗിരി മഠത്തെ മാറ്റാൻ ആരെയും അനുവദിക്കില്ല. വാദങ്ങളും വിവാദങ്ങളും മഠത്തിന്റെ ലക്ഷ്യമല്ല. ശിവഗിരി മഠത്തിന് രാഷ്ട്രീയ നിലപാടില്ല.എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും പ്രവർത്തകർ ശിവഗിരിയിൽ വരാറുണ്ട്. ഗുരുവിന്റേത് സൗഹാർദ്ദത്തിന്റെ പാതയാണ്.

ഇവിടെ വരുന്നവരെയെല്ലാം സൗഹാർദ്ദപരമായിട്ടാണ് കാണുന്നത്. മഠത്തിന് കക്ഷി രാഷ്ട്രീയവുമില്ല. അതിന് അതീതമായിട്ടാണ് മഠം പ്രവർത്തിക്കുന്നത്. മഠത്തിലെത്തുന്ന ഭക്തന്മാർ പല ആവശ്യങ്ങളും പറയാറുണ്ട്. അവരുടെ ദു:ഖങ്ങൾ പങ്കുവയ്ക്കാറുണ്ട്. അവർക്കായി ചെയ്യാൻ കഴിയുന്നത് മഠം ചെയ്യാറുണ്ട്. അത് പ്രത്യക്ഷമായി വിളിച്ചു പറയാറില്ല. ട്രസ്റ്റ് പ്രസിഡന്റ് യു.ഡി.എഫ്. സ്ഥാനാർത്ഥി നിർണ്ണയത്തെപ്പറ്റി പറഞ്ഞതും ശിവഗിരിമഠത്തിന്റെ പൊതു അഭിപ്രായമല്ലെന്നും സ്വാമി ശുഭാംഗാനന്ദ പറഞ്ഞു.ഇതെക്കുറിച്ച് സ്വാമി സച്ചിദാനന്ദ പറഞ്ഞത് ഇന്നലെ ചെമ്പഴന്തി ഗുരുകുലത്തിൽ വച്ച് മാദ്ധ്യമ പ്രവർത്തകർ ചോദിച്ചപ്പോഴായിരുന്നു സ്വാമി ശുഭാംഗാനന്ദയുടെ പ്രതികരണം.
Comments ()