ശ്രീനാരായണ ദർശനങ്ങൾ വിശ്വമാനവികതയുടെ സന്ദേശങ്ങൾ: മന്ത്രി വി.എൻ. വാസവൻ

വൈക്കം: ശ്രീനാരായണ ദർശനങ്ങൾ ഏതെങ്കിലും ഒരു ജാതിയുടെയോ മതത്തിൻ്റെയോ പരിധിക്കുള്ളിൽ ഒതുങ്ങുന്നില്ലെന്നും അത് വിശ്വമാനവികതയുടെ സന്ദേശങ്ങളാണെന്നും മന്ത്രി വി.എൻ.വാസവൻ പറഞ്ഞു.
എസ്.എൻ.ഡി.പി യോഗം വൈക്കം യൂണിയൻ സംഘടിപ്പിച്ച ഗുരുജയന്തി ആഘോഷങ്ങളുടെ ഭാഗമായി നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ജാതി, മത, ദേശ ഭേദമില്ലാതെ ഗുരുദർശനങ്ങൾ പ്രചരിപ്പിക്കപ്പെടുന്നു. ലോകം മതത്തിൻ്റെയും മറ്റ് പല സങ്കുചിത താത്പര്യങ്ങളുടേയും പേരിൽ സംഘർഷ കലുഷിതമായിക്കൊണ്ടിരിക്കുന്ന വർത്തമാനകാലത്ത് വിശ്വമാനവികതയുടെ സന്ദേശമുയർത്തുന്ന ഗുരുദേവ ദർശനങ്ങൾ ഏറെ പ്രസക്തമാണ്. മതാതീത ആത്മീയതയും ഭൗതികതയും ഇഴചേരുന്ന ഗുരുവിൻ്റെ ദീർഘവീക്ഷണമാണ് ലോകത്തിന് വഴികാട്ടിയാകുന്നത്. ഗുരുദേവ ദർശനങ്ങൾ കാല, ദേശാതീതമാണ്. അതുകൊണ്ട് തന്നെയാണ് ശ്രീനാരായണഗുരുവിനെ മാത്രം വിശ്വഗുരുവെന്ന് വിശേഷിപ്പിക്കുന്നത്.
ഭാരതത്തിൻ്റെ ദേശീയ പ്രസ്ഥാനത്തിൻ്റെ സമര ചരിത്രത്തിൻ്റെ ഭാഗമായ വൈക്കം സത്യഗ്രഹത്തിന് ചാലകശക്തിയായത്
ശ്രീനാരായണ ഗുരുദേവനായിരുന്നു. ആ മഹാസമരത്തിന് നായകത്വം വഹിച്ച ടി.കെ. മാധവൻ്റെ കരുത്തും ഗുരുവിൻ്റെ അനുഗ്രഹാശിസ്സുകളായിരുന്നു. അന്ന് ബ്രാഹ്മണനല്ലാത്തതിനാൽ മഹാത്മാഗാന്ധിക്ക് പോലും പ്രവേശനം നിഷേധിച്ച, വൈക്കത്തെ സവർണ്ണമേധാവിത്വത്തിൻ്റെ കേന്ദ്രസ്ഥാനമായിരുന്ന ഇണ്ടംതുരുത്തി മന ഇന്ന് പിന്നാക്കക്കാർ ഏറെയുള്ള തൊഴിലാളി പ്രസ്ഥാനത്തിൻ്റെ ഓഫീസാണ്. ഇണ്ടംതുരുത്തി മന ദൂരെ നിന്ന് നോക്കിക്കാണാൻ പോലും അവകാശമില്ലാതിരുന്ന ഏത് അവർണ്ണനും ഇന്ന് അവിടെ യഥേഷ്ടം കയറിയിറങ്ങാം. കാലത്തിൻ്റെ കാവ്യനീതിയാണതെന്ന് അദ്ദേഹം പറഞ്ഞു.
ദേവസ്വം ബോർഡിൻ്റെ പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി ശബരിമലയുടെ വികസനം ലക്ഷ്യമാക്കിയാണ് ആഗോള അയ്യപ്പ സംഗമം എന്ന ആശയം ദേവസ്വം ബോർഡ് മുന്നോട്ടുവെച്ചത്. അതിന് സംസ്ഥാന സർക്കാർ അനുമതി നൽകി. ശബരിമലയുടെ വികസനത്തിൻ്റെ മാസ്റ്റർ പ്ലാൻ തയ്യാറാക്കിയിട്ടുണ്ട്. അത് നടപ്പാക്കുകയെന്നതാണ് ബോർഡിൻ്റെ മുന്നിലുള്ളത്. ശബരിമലയെ ആഗോള തീർത്ഥാടന കേന്ദ്രമാക്കി മാറ്റുകയെന്നതാണ് ലക്ഷ്യം. ശ്രീനാരായണഗുരു വിഭാവനം ചെയ്ത മതാതീത ആത്മീയതയാണ് ശബരിമലയുടേയും അടിസ്ഥാനം. ആ സന്ദേശമാണ് അവിടെ ആലേഖനം ചെയ്തിരിക്കുന്ന തത്വമസി എന്ന ആശയവും നൽകുന്നത്. നീ തേടിയെത്തിയത് നിന്നെ തന്നെയാണെന്ന് പറയുന്നതിലൂടെ എല്ലാ മനുഷ്യരിലും ദൈവാംശം എന്ന നന്മയുണ്ടെന്ന് തത്വമസി പറയുന്നു. ശബരിമലയിലെത്തുന്ന എല്ലാ തീർത്ഥാടകരും തുല്യരാണ്. അവർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കിക്കൊടുക്കാൻ ദേവസ്വം ബോർഡ് പ്രതിജ്ഞാബദ്ധമാണെന്നും അതിനായി നടത്തുന്ന അയ്യപ്പ സംഗമത്തിൽ വിവാദങ്ങൾക്ക് പ്രസക്തിയില്ലെന്നും മന്ത്രി പറഞ്ഞു.
ശ്രീനാരായണ നഗറിൽ (ആശ്രമം സ്ക്കൂൾ) ചേർന്ന സമ്മേളനത്തിൽ യൂണിയൻ പ്രസിഡൻ്റ് പി.വി. ബിനേഷ് അദ്ധ്യക്ഷനായിരുന്നു. എ.ഡി.ജി.പി എസ്. ശ്രീജിത്ത് ഐ.പി.എസ് ചതയദിന സന്ദേശം നൽകി. സിനിമ സംവിധായകൻ തരുൺ മൂർത്തി മുഖ്യാതിഥിയായിരുന്നു. യൂണിയൻ സെക്രട്ടറി എം.പി. സെൻ സ്വാഗതവും വൈസ് പ്രസിഡൻ്റ് കെ.വി. പ്രസന്നൻ നന്ദിയും പറഞ്ഞു. സമ്മേളനത്തോടനുബന്ധിച്ച് വർണ്ണാഭമായ ചതയദിന റാലി നടന്നു.
