സമഗ്രവികസനം; കരുതൽ; ജനങ്ങളോടൊപ്പം
എസ്. സതീഷ്കുമാർ
വൈക്കം കായലോരബീച്ചിന്റ മുഖം മാറ്റുമെന്നും അന്ധകാരതോട് നവീകരിച്ച് ദുരിതം ഒഴിവാക്കുമെന്നും സ്ഥാനമേറ്റ നഗരസഭ ചെയർമാൻ കെ.ജി. അബ്ദുള്‍ സലാം റാവുത്തര്‍.
സത്യപ്രതിജ്ഞക്ക് ശേഷം മാധ്യമ പ്രവർത്തരോട് സംസാരിക്കവെയാണ് ചെയർമാൻ തൻ്റെ പ്രഥമ പരിഗണനയുള്ള വികസന വിഷയങ്ങളേക്കുറിച്ച് പറഞ്ഞത്.
പ്രഥമ പരിഗണനയിലുള്ളത് ചെയർമാൻ പറഞ്ഞത്:
◾അന്ധകാരത്തോട് നവീകരണവും മുഖ്യപരിഗണനയിലുണ്ട്. തോടിന്റെ പല സ്ഥലങ്ങളും ഇടുങ്ങി. വീടുകള്‍, കടകള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മാലിന്യങ്ങളാണ് തോട്ടില്‍ തള്ളുന്നത്. ഇതിനെതിരെ മുഖംനോക്കാതെ നടപടിയുണ്ടാകും
◾നഗരസഭയുടെ ഉടമസ്ഥതയിലുള്ള കായലോരബീച്ചിൽ ക്യാമറകളും ലൈറ്റുകളും സ്ഥാപിക്കണമെന്നും കാടുകള്‍ വെട്ടിനീക്കി പരിസരം വൃത്തിയാക്കണമെന്നുമുള്ള ജനങ്ങളുടെ ആവശ്യം പരിഗണിക്കും.
ബീച്ചിന്റെ നിലവിലെ സ്ഥിതി മാറ്റും. ഇതിനായി വിദഗ്ധരുമായി ആലോചിച്ച് പ്രത്യേക മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കും.
◾തെരുവുനായശല്യം ഇല്ലായ്മ ചെയ്യല്‍, ഓടകളുടെ നവീകരണം, കെവി കനാല്‍ നവീകരണം, കോവിലകത്തുംകടവ് മാര്‍ക്കറ്റ് ആധുനികവത്കരണം തുടങ്ങിയവയും പ്രഥമ പരിഗണനാ ലിസ്റ്റിലുണ്ട്.
◾അനധികൃത വഴിയോരകച്ചവടം ജനങ്ങള്‍ക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. ഈ വിഷയത്തിൽ വഴിയോരകച്ചവടക്കാരുടെയും ജനങ്ങളുടെയും പ്രശ്നങ്ങൾ പരിഗണിച്ച് നടപടി സ്വീകരിക്കും. നടപ്പാതകളിലുള്ള കച്ചവടം പൂര്‍ണ്ണമായും ഒഴിവാക്കും. ആരെയും വ്യക്തിപരമായി ഉപദ്രവിക്കാനോ വിഷമിപ്പിക്കാനോ ഉള്ള നടപടിയുമായി മുന്നോട്ട് പോകില്ല. എന്നാൽ നാട്ടുകാർക്ക് ബുദ്ധിമുട്ട് ആകുന്ന വിഷയങ്ങളിൽ നടപടി എടുക്കും.
◾മറ്റ് നഗരസഭകളെ അപേക്ഷിച്ച് വൈക്കം നഗരസഭയില്‍ വരുമാനം കുറവാണ്. വരുമാനം കൂട്ടാനായുള്ള പദ്ധതികള്‍ തയ്യാറാക്കി നടപ്പിലാക്കും. കരം, വാടക തുടങ്ങിയവ കൃത്യമായി പിരിച്ചെടുക്കും.
◾നഗരസഭ ഷോപ്പിംഗ് കോംപ്ലക്‌സുകളിലെ മുറികള്‍ ഒഴിഞ്ഞു കിടക്കുന്നതിൻ്റെ ഒരു പ്രധാനകാരണം അമിതമായ ഡിപ്പോസിറ്റാണ്. സര്‍ക്കാരിന്റെ ഉത്തരവുകളും നിയമവശങ്ങളും പരിശോധിച്ച് ഇക്കാര്യത്തില്‍ മാറ്റം കൊണ്ടുവരും. നഗരസഭയുടെ ഉടമസ്ഥതയില്‍ പൊട്ടിപൊളിഞ്ഞു കിടക്കുന്ന കെട്ടിടങ്ങള്‍ക്ക് അറ്റകുറ്റപണികൾ പദ്ധതിയില്‍ ഉള്‍പ്പെടുത്തി അത് നടപ്പിലാക്കും.
◾കോടികള്‍ ചെലവഴിച്ച് നിര്‍മിച്ച ടൗണ്‍ ഹാള്‍ വരുമാനം ഉണ്ടാകുന്ന തരത്തിലേക്ക് മാറ്റിയെടുക്കും. ആര്‍.ടി ഓഫീസിന്റെ പ്രവര്‍ത്തനം അവിടെ ആരംഭിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. അക്കാര്യത്തില്‍ പരിശോധിച്ച് നടപടി എടുക്കും. നഗരസഭയിലെ സ്ഥല സൗകര്യങ്ങൾ ഇല്ലാത്ത ഓഫീസുകൾ കുടി ടൗണ്‍ ഹാളിലേക്ക് മാറ്റാനുള്ള ശ്രമങ്ങള്‍ നടത്തും.
◾നഗരസഭ ഓഫീസിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള ജനങ്ങളുടെ പരാതികള്‍ പരിഹരിക്കും. ജീവനക്കാരെ ഒപ്പം നിര്‍ത്തി ജനങ്ങളോടുള്ള സമീപനത്തിൽ മാറ്റം വരുത്തും. ഭരണം മുന്നോട്ട് കൊണ്ടുപോകുമ്പോൾ ജീവനക്കാരെ സംരക്ഷിക്കാന്‍ ആരുമില്ല എന്ന ആശങ്കയാണ് ജീവനക്കാർ പങ്കുവെയ്ക്കുന്നത്. എന്നാൽ അവരും നഗരസഭയുടെ ഭാഗമാണ്.
കൗണ്‍സിലര്‍മാരും ജീവനക്കാരും ജനങ്ങളും ഒരുപോലെ മുന്നോട്ട് പോകുന്ന നഗരസഭ ഭരണത്തിനാവും തൻ്റെ ശ്രമമെന്നും അബ്ദുൾ സലാം റാവുത്തർ പറഞ്ഞു.