സമൃദ്ധി കാർഷിക ഗ്രാമോത്സവം: മന്ത്രി വി. എൻ വാസവൻ ഉദ്ഘാടനം ചെയ്യും

തലയോലപ്പറമ്പ്: നാടിന്റെ ജീവനാഡിയായ കാർഷിക മേഖലയുടെ ഉണർവിന്, പുതിയൊരു കാർഷിക സംസ്കാരത്തിന്റെ ഉണർത്തു പാട്ടുമായി സമൃദ്ധി കാർഷിക ഗ്രാമോത്സവം -2025 30,31 തീയതികളിൽ തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളി മൈതാനിയിൽ നടക്കും. തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളി ഫാമിലി യൂണിയന്റെ നേതൃത്വത്തിൽ എറണാകുളം സഹൃദയ വെൽഫെയർ സർവീസസ്, തലയോലപ്പറമ്പ് പൗരാവലി എന്നിവയുടെ സഹകരണത്തോടെയാണ് ഗ്രാമോത്സവം നടത്തുക. 30 ന് രാവിലെ 8ന് കാർഷിക മേള ആരംഭിക്കും. കാർഷിക വിപണന പ്രദർശന വേദികൾ, വിഷയാധിഷ്ടിത സെമിനാറുകൾ, കലാ, സാംസ്‌കാരിക സംഗമം, ബിരിയാണി ചലഞ്ച്, ഭക്ഷണ പാനീയ കൗണ്ടറുകൾ എന്നിവ സമൃദ്ധിയിലുണ്ടാകും. 9. 30ന് ഗ്രാമോത്സവം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനംചെയ്യും. ചെയർമാൻ ഫാ. ഡോക്ടർ ബെന്നി മാരാപറമ്പിലിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ സി. കെ ആശ എംഎൽഎ മുഖ്യാതിഥിയായിരിക്കും. തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷിജി വിൻസെന്റ്, ജനറൽ കൺവീനർ ഇമ്മാനുവേൽ അരയത്തേൽ, ഷേർലി ജോസ് വേലിക്കകത്ത് എന്നിവർ പ്രസംഗി ക്കും. രാവിലെ 11മുതൽ വിവിധ വിഷയങ്ങളിൽ സെമിനാർ. അടുക്കളത്തോട്ടം മട്ടുപ്പാവ് കൃഷി, കേക്ക് നിർമ്മാണവും വിപണനവും, ക്ഷീര വികസന സംരംഭങ്ങൾ, ഗ്രഹ മാലിന്യ സംസ്കരണം, ആരോഗ്യമുള്ള ജീവിതത്തിന് 10 പ്രമാണങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ കെ. ജെ ഗീത, ഷെഫ് ജിഷോ കാരിമറ്റം, രാഗേഷ് .എം , ജീസ് പി. പോൾ, ഡോ.സി. അനഘൻ എന്നിവർ സെമിനാറിന് നേതൃത്വം നൽകും. വൈകിട്ടു 6.30ന് ചലച്ചിത്ര അഭിനേതാവ് ജയൻ ചേർത്തല കലാസന്ധ്യ ഉദ്ഘാടനം ചെയ്യും. ബേബി പുത്തൻപറമ്പിൽ, ജെറിൻ പാറയിൽ എന്നിവർ പ്രസംഗിക്കും. തുടർന്ന് കലാ പരിപാടികൾ. ഓണപ്പാട്ട് മത്സരം. 31ന് രാവിലെ 6.30 മുതൽ മേള ആരംഭിക്കും. 9.30ന് ഫാ. ജോസ് കൊളുത്തു വള്ളിലിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ബിഷപ്പ് മാർ തോമസ് ചക്യത്ത് കർഷക ശ്രേഷ്ഠരെ ആദരിക്കും. റിൻസൺ പന്നിക്കോട്ടിൽ, ആന്റണി കളമ്പുകാടൻ എന്നിവർ പ്രസംഗിക്കും. 11ന് ഹരിത കർമസേന അംഗങ്ങളെ ഡോ. ജോസ് പുഞ്ചക്കോട്ടിൽ ആദരിക്കും. തുടർന്ന് സെമിനാർ. വൈകിട്ട് 4ന് കലാ മത്സരങ്ങൾ 6ന് അസിസ്റ്റന്റ് വികാരി റവ. ഫാ. ആൽജോ കളപ്പുരയ് ക്കലിന്റെ അധ്യക്ഷതയിൽ ചേരുന്ന സമാപന സമ്മേളനത്തിൽ കെ. ഫ്രാൻസിസ് ജോർജ് എം. പി ആരോഗ്യപ്രവർത്തകരെ ആദരിക്കും. തങ്കച്ചൻ കളമ്പുകാട്, ബേബി പോളച്ചിറ, ജോയി കൊച്ചാനപറമ്പിൽ എന്നിവർ പ്രസംഗിക്കും. തുടർന്ന് സഹൃദയ മെലഡീസ് ഗാനമേള. ഫലവൃക്ഷതൈകൾ, കാർഷിക ഉത്പന്നങ്ങൾ, മാലിന്യ സംസ്കരണ വസ്തുക്കൾ, മാലിന്യ രഹിത ഉൽപ്പന്നങ്ങൾ തുടങ്ങിയവ മേളയിൽ ലഭ്യമാകും. ജോസ് കെ. മാണി എം.പി സമൃദ്ധി കാർഷികോത്സവത്തിൻ്റെ ലോഗോ പ്രകാശനം ചെയ്തു. ഇടവക വികാരി റവ. ഡോ. ബെന്നി ജോൺ മാരാംപറമ്പിൽ, ജനറൽ കൺവീനർ ഇമ്മാനുവേൽ അരയത്തേൽ, പബ്ലിസിറ്റി കൺവീനർ ആന്റണി കളമ്പുകാടൻ, ബേബി പോളച്ചിറ, ഷിബു പുളിവേലിൽ, ഷേർലി ജോസ് വേലിക്കകത്ത് എന്നിവർ പങ്കെടുത്തു.