സംഗീത സംവിധായകൻ എസ്.പി. വെങ്കടേഷ് അന്തരിച്ചു
ചെന്നൈ: തെന്നിന്ത്യൻ സംഗീത സംവിധായകനായ എസ്.പി.വെങ്കിടേഷ് അന്തരിച്ചു.ചെന്നൈയിലെ വസതിയിൽ ആയിരുന്നു അന്ത്യം. നിരവധി മലയാളത്തിലെ സൂപ്പർ ഹിറ്റ് ഗാനങ്ങൾക്ക് സംഗീതം ഒരുക്കിയിട്ടുണ്ട്. 500 ൽ അധികം ചിത്രങ്ങളിൽ സംഗീതം നൽകിയിട്ടുണ്ട്. കനക നിലാവേ തൊഴിലുണരൂ, പിന്നിലെ ഗന്ധർവ്വ വീണകൾ, ശാന്തമീ രാത്രിയിൽ, തളിർ വെറ്റിലയുണ്ടോ, പാതിരാ കിളി വരൂ തുടങ്ങി മലയാളത്തിലെ നിരവധി സൂപ്പർ ഹിറ്റ് ഗാനങ്ങൾ എസ്.പി. വെങ്കിടേശിൻ്റെയാണ്. 1955 മാർച്ച് 5ന് തമിഴ്നാട്ടിലായിരുന്നു ജനനം. പിതാവ് പഴനി മാൻഡലിൻ വാദകനായിരുന്നു. പിതാവിൻ്റെ ശിക്ഷണത്തിൽ മൂന്ന് വയസ് മുതൽക്കെ മാൻഡലിൻ വായിക്കാൻ പഠിച്ച വെങ്കിടേഷ് ഗിറ്റാറിലും ബാഞ്ചോയിലും കഴിവ് തെളിയിച്ചു.

ആദ്യകാലങ്ങളിൽ രവീന്ദ്രൻ, എ.ടി. ഉമ്മർ തുടങ്ങിയവരുടെ സംഗീത സഹായിയായി പ്രവർത്തിച്ചിരുന്നു. 1968 മുതൽ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം സിനിമകളിലെ നിരവധി ചിത്രങ്ങളുടെ ഓർക്കസ്ട്രയിൽ എസ്.പി.വിയും ഉണ്ടായിരുന്നു. ഓർക്കസ്ട്രയിലുള്ള അപാരമായ മികവാണ് എസ്പി.വെങ്കിടേഷിൻ്റേത്.
1971-ൽ സംഗീത സംവിധായകനായ വിജയഭാസ്കറിനൊപ്പം സിനിമയിൽ ഗിറ്റാർ വായിച്ചാണ് തുടക്കം. 1975-ൽ കന്നട സിനിമയിൽ അസിസ്റ്റൻ്റ് മ്യൂസിക് ഡയറക്ടറായി ചുവടുറപ്പിച്ച എസ്.പി.വി 1981-ൽ പ്രേമയുദ്ധ എന്ന തെലുങ്ക് ചിത്രത്തിലൂടെ സ്വതന്ത്ര സംഗീത സംവിധായകനായി. 1983-ലാണ് മലയാള സംഗീതത്തിൽ സജീവമാകുന്നത്. അതിനു മുൻപേ തന്നെ മലയാളവുമായി എസ്.പി.വിക്ക് അടുപ്പമുണ്ടായിരുന്നു.
കണ്ണൂർ രാജൻ, ദേവരാജൻ മാസ്റ്റർ, ബാബുരാജ്, എം.കെ.അർജുനൻ മാസ്റ്റർ, ദക്ഷിണാമൂർത്തി സ്വാമി, രാഘവൻ മാസ്റ്റർ എന്നിവർക്കൊപ്പം പ്രവർത്തിച്ചിരുന്ന അദ്ദേഹം മാൻഡലിൻ വായിച്ചും അസിസ്റ്റൻറ് മ്യൂസിക് ഡയറക്ടറായും ഓർക്കസ്ട്രകനായും ഇവർക്കൊപ്പം ഏറെ നാൾ പ്രവർത്തിച്ചു. 1986-ൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ടി.പി.ബാലഗോപാലൻ എം.എ. എന്ന സിനിമയിൽ എ.ടി. ഉമ്മറിൻ്റെ അസിസ്റ്റൻ്റായി പ്രവർത്തിച്ച് എസ്.പി.വി ഈ സിനിമയ്ക്ക് പശ്ചാത്തല സംഗീതമൊരുക്കി. പിന്നീടാണ് മലയാള സിനിമയിൽ സ്വതന്ത്ര സംഗീത സംവിധായകനാവുന്നത്.
1986-ൽ തമ്പി കണ്ണന്താനം സംവിധാനം ചെയ്ത രാജാവിൻ്റെ മകൻ എന്ന സിനിമയ്ക്ക് പശ്ചാത്തല സംഗീതവും സംഗീതവും നൽകിക്കൊണ്ടാണ് മലയാള സിനിമയിൽ എസ്.പി.വിയുടെ തുടക്കം. സിനിമ പോലെ തന്നെ അതിലെ സംഗീതവും വലിയ തോതിൽ പ്രേക്ഷക പ്രീതി നേടിയതോടെ പിന്നീട് എസ്.പി.വിയുടെ ഗാനങ്ങൾ മലയാളത്തിൽ ഒരു തരംഗമായി മാറുകയായിരുന്നു. ഇന്ദ്രജാലം, പൈതൃകം, തുടർക്കഥ, വാത്സല്യം, ജോണിവാക്കർ, കിലുക്കം, ഹിറ്റ്ലർ, സോപാനം എന്നിങ്ങനെ നിരവധി സിനിമകളിൽ എസ്.പി.വി സൂപ്പർഹിറ്റ് ഗാനങ്ങൾ ഒരുക്കി. അപ്പു, മഹായാനം, ദേവാസുരം തുടങ്ങിയ ചിത്രങ്ങൾക്ക് നൽകിയ പശ്ചാത്തല സംഗീതം മലയാളത്തിൽ എസ്.പി.വിക്ക് പ്രശസ്തി നൽകി. 1985-2000 കാലയളവിൽ മലയാള ചലച്ചിത്ര രംഗത്ത് സജീവ സാന്നിധ്യമായിരുന്ന എസ്.പി.വി മലയാള സിനിമയിൽ നിരവധി ഹിറ്റ് ഗാനങ്ങൾ സൃഷ്ടിച്ചു. എസ്.പി.വി ഈണമിട്ട മലയാള ചലച്ചിത്ര ഗാനങ്ങളിൽ ഏറെ ഗാനങ്ങളും ആലപിച്ചത് കെ.എസ്. ചിത്രയാണ്. മലയാളത്തിൽ ഇതുവരെ 150 ചിത്രങ്ങൾക്ക് ഈണം പകർന്ന എസ്.പി.വി മലയാളം കൂടാതെ തമിഴ്, തെലുങ്ക് ചിത്രങ്ങളിലും ഒരു കാലഘട്ടത്തിൽ സജീവ സാന്നിധ്യമായിരുന്നു.