സംസ്ഥാനത്ത് 78.16% പോളിംഗ്; 40 മണ്ഡലങ്ങളിൽ 80% മുകളിൽ പോളിംഗ്
തിരുവനന്തപുരം: സംസ്ഥാനത്ത് 78.16% പോളിംഗ്. 40 മണ്ഡലങ്ങളിൽ 80% മുകളിൽ പോളിംഗ് എന്നാണ് അവസാന വിവരം ഔദ്യോഗിക അറിയിപ്പ് പ്രകാരം ലഭിക്കുന്നത്. സമഗ്ര വോട്ടർപട്ടിക പരിഷ്കരണത്തിനു (എസ്ഐആർ) ശേഷം നടന്ന ആദ്യ നിയമസഭാ തിരഞ്ഞെടുപ്പിൽ രാത്രി ഏഴു വരെയുള്ള കണക്കനുസരിച്ച് 77.69 ശതമാനം പോളിങ്. സംസ്ഥാനത്തു പലയിടത്തും പോളിങ് അവസാനിക്കാത്തതിനാൽ നിരക്കു ഉയരുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ അധികൃതർ വ്യക്തമാക്കുന്നത്. 80% കടക്കുമെന്നാണ് സൂചന. മെയ് 4 നാണ് വോട്ടെണ്ണൽ നടക്കുക. ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുള്ള സർക്കാരിനെ പുറത്താക്കിയ ശേഷം 1960ൽ നടന്ന തിരഞ്ഞെടുപ്പിലായിരുന്നു സംസ്ഥാന ചരിത്രത്തിലെ ഏറ്റവും ഉയർന്ന പോളിങ്, 85.72%. അന്ന് 108 സീറ്റിൽ മത്സരിച്ച കമ്യൂണിസ്‌റ്റ് പാർട്ടി 29 സീറ്റും 80 സീറ്റിൽ മത്സരിച്ച കോൺഗ്രസ് 63 സീറ്റും നേടിയിരുന്നു. 87ലും വോട്ടിങ് 80 ശതമാനം കടന്നതായാണ് രേഖകൾ. നിലവിൽ വോട്ടിങ് ശതമാനത്തിന്റെ ഉയർച്ച താഴ്ചകൾ ഏതെങ്കിലും മുന്നണിക്ക് അനുകൂലമാണെന്ന് ഉറപ്പിച്ചു പറയാനാകില്ലെന്ന് ശരിവയ്ക്കുന്നതാണ് മുൻകാല അനുഭവങ്ങൾ. എസ്.ഐ.ആറിന്റെ ഭാഗമായി ആദ്യഘട്ടത്തിൽ 24.08 ലക്ഷം വോട്ടർമാരെയാണ് ഒഴിവാക്കിയത്. ഇവരിൽ 16.69 ലക്ഷം പേർ ഹിയറിങ്ങിന് ശേഷം വീണ്ടും പട്ടികയുടെ ഭാഗമായി. വോട്ടർപട്ടിക പരിഷ്കരണവും പുതിയ വോട്ടർമാർ ചേർന്നതും ഉൾപ്പെടെ നിലവിലുള്ളത് 2,71,42,952 വോട്ടർമാരാണ്. 2021ൽ 2,75,03,768 വോട്ടർമാരാണ് ഉണ്ടായിരുന്നത്. ഇതിൽ 2,09,03,230 പേർ വോട്ട് ചെയ്തിരുന്നു. എസ്.ഐ.ആറിനു ശേഷം ആകെ വോട്ടർമാരുടെ എണ്ണത്തിൽ 3.6 ലക്ഷത്തോളം കുറവു വന്നിട്ടും പോളിങ് ശതമാനത്തിൽ വർധനവുണ്ടായത് ആണ് ഈ തിരഞ്ഞെടുപ്പിൽ ശ്രദ്ധേയമാക്കുന്നത്.
Comments ()