|
Loading Weather...
Follow Us:
BREAKING

സോഷ്യൽ മീഡിയയിൽ വൈറലായി ഒരു പോസ്റ്റ് വുമൺ

സോഷ്യൽ മീഡിയയിൽ വൈറലായി ഒരു പോസ്റ്റ് വുമൺ
ആശ നടേശൻ

എസ്. സതീഷ്കുമാർ

വൈക്കം: ദിവസങ്ങളായി വീട്ടിലാളില്ലെങ്കിൽ തപാൽ കത്തുകൾ എങ്ങനെ കൊടുക്കും. അല്ലെങ്കിൽ എങ്ങനെ വീട്ടുകാരെ അറിയിക്കും. വൈക്കപ്രയാർ തപാൽ ബ്രാഞ്ച് ഓഫിസിലെ തപാൽക്കാരി ആശ നടേശൻ ഒരു പണി ചെയ്തു. അതിപ്പോൾ നാട്ടിൽ സോഷ്യൽ മീഡിയായിൽ വൈറലാണ്. രണ്ട് ദിവസമായി കത്തുമായി ചെന്നിട്ടും ആളില്ലാതിരുന്ന വീട്ടിൽ ആശ ഒരു സൂത്രപണി ചെയ്തു. അതിൻ്റെ ദൃശ്യം വീട്ടുകാരൻ സുഹൃത്തിന് അയച്ച് നൽകിയതാണ് നാട്ടിലെ സോഷ്യൽ മീഡിയ ഗ്രൂപ്പിൽ വൈറലായി ഓടുന്നത്. വൈക്ക പ്രയാറിലെ മാലിത്തറ റോബൻ്റെ വീട്ടിലാണ് ആശ രണ്ട് ദിവസമായി കത്ത് കൊടുക്കാൻ എത്തിയത്. വിദേശത്തായിരുന്ന വീട്ടുടമയുടെ മാതാവാണ് വീട്ടിലുണ്ടായിരുന്നത്. എന്നാൽ ആശ എത്തിയ രണ്ട് ദിവസങ്ങളിലും അമ്മ വീട്ടിൽ ഉണ്ടായിരുന്നില്ല. ഇനി ഈ കത്തിൽ അത്യാവശ്യം ഉള്ള വിവരങ്ങളാണെങ്കിലൊ, എന്ത് ചെയ്യുമെന്ന ആലോചിച്ചപ്പോഴാണ് ആശയുടെ മനസിൽ ലഡു പൊട്ടിയത്. ദാ മുമ്പിൽ സി.സി.ടി.വി. സ്കൂട്ടറിൽ കയറി മടങ്ങാൻ ഒരുങ്ങിയതിനിടെ ഓടിയെത്തി,

0:00
/0:16

പിന്നെ ഒന്നും നോക്കിയില്ല. കത്തും കാണിച്ച് ദേ കത്തുണ്ടെ അടുത്ത വീട്ടിൽ കൊടുത്തിട്ടുണ്ട് എന്നൊരു സന്ദേശമങ്ങ് തട്ടി. വിവരം ഫോണിലൂടെ വിദേശത്തിരുന്ന് വീട്ടുടമ കണ്ടു. തൻ്റെ നാട്ടിലെ പോസ്റ്റ് വുമണിൻ്റെ ആത്മാർത്ഥതയോടെയുള്ള പ്രവൃത്തി കണ്ട് വിവരം സുഹൃത്തിനെ അറിയിച്ചു. വീഡിയോയും കൈമാറി. ആശയുടെ സ്നേഹത്തോടെയും ആത്മാർത്ഥതയുള്ള കത്ത് വിതരണമാണ് ഇപ്പോൾ കൈയ്യടി നേടുന്നത്. വൈക്ക പ്രയാർ തപാൽ ബ്രാഞ്ച് ഓഫിസിൽ 16 വർഷം മുമ്പാണ് ടി.വി.പുരം മണ്ണത്താനം സ്വദേശിയായ ആശനടേശൻ ജോലിക്ക് കയറിയത്. ഒന്നര പതിറ്റാണ്ടായി നാടറിഞ്ഞും നാട്ടാരെ അറിഞ്ഞുമാണ് ആശയുടെ പ്രവർത്തനം. കത്ത് വിതരണത്തിൽ എന്തെങ്കിലും തടസമോ ബുദ്ധിമുട്ടോ ഉണ്ടായാൽ അല്ലെങ്കിൽ ആരേയെങ്കിലും കണ്ട് കത്ത് കൊടുക്കാൻ പറ്റാത്ത സാഹചര്യമുണ്ടെങ്കിൽ ആശ നാട്ടിലെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ വിവരം പങ്കു വച്ച് സഹായം തേടും. അങ്ങനെ കത്തുകളും തപാൽ ഉരുപ്പടികളും ഭദ്രമായി ആളുകളുടെ കൈകളിൽ എത്തിച്ചാണ് ആശ മാതൃകയാവുന്നത്. ഭർത്താവ് ജുബീഷുമായി മക്കളായ ആദിനാഥും വേദികക്കും ഭർതൃമാതാവുമൊപ്പം കടുത്തുരുത്തി മങ്ങാട് ആണ് താമസം. റയിൽവേയിലെ സീനിയർ അസിസ്റ്റൻ്റ് ലോക്കോ പൈലറ്റാണ് ആശയുടെ ഭർത്താവ് ജൂബിഷ്. മകൻ ആദിനാഥ് ഒമ്പതാം ക്ലാസിലും മകൾ വേദിക അഞ്ചാം ക്ലാസിലുമാണ് പഠിക്കുന്നത്. തപാൽ വിതരണത്തിലെ മാതൃകയും ആത്മാർത്ഥതയും കൊണ്ടാണ് ജോലിയേയും ആ നാടിനെയും സ്നേഹിക്കുന്ന ആശനടേശൻ എന്ന തപാൽക്കാരിയെ വേറിട്ടതാക്കുന്നത്.