|
Loading Weather...
Follow Us:
BREAKING

സൂപ്പർ ഹിറ്റായി ഈ ആനവണ്ടി യാത്ര

സൂപ്പർ ഹിറ്റായി ഈ ആനവണ്ടി യാത്ര

എസ്. സതീഷ്കുമാർ

വൈക്കം: ഹിറ്റടിച്ച് കെ.എസ്.ആര്‍.ടി.സി യുടെ ബജറ്റ് ടൂറിസം യാത്രകൾ.
കെ.എസ്.ആര്‍.ടി.സി യുടെ ബജറ്റ് ടൂറിസം പദ്ധതി കോട്ടയം ജില്ലയിലും ഹിറ്റായി മാറുകയാണ്. പദ്ധതിയുടെ നവംബറിലെ മാത്രം വരുമാനം 40 ലക്ഷം രൂപയാണ്. കൂത്താട്ടുകുളം ഡിപ്പോയില്‍ നിന്നുള്ള ബജറ്റ് ടൂറിസം സര്‍വീസും കോട്ടയം ജില്ലയുടെ കണക്കിലാണ് ഉള്‍പ്പെടുത്തുന്നത്. സംസ്ഥാനത്തെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളെയും തീര്‍ഥാടന കേന്ദ്രങ്ങളെയും ബന്ധിപ്പിച്ചുകൊണ്ട് കെ.എസ്.ആര്‍.ടി.സി നടത്തുന്ന ഏകദിന യാത്രാ പാക്കേജാണ് ബജറ്റ് ടൂറിസം. കുറഞ്ഞ യാത്രാചെലവും ഒറ്റയ്ക്കും കൂട്ടമായും യാത്ര ബുക്ക് ചെയ്യാനുള്ള സൗകര്യവുമാണ് സഞ്ചരികളെ ഇതിലേക്ക് ആകര്‍ഷിക്കുന്നതെന്ന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പ്രശാന്ത് വേലിക്കകം പറഞ്ഞു. അവധിക്കാലത്ത് പുതിയ വിനോദയാത്രാ പാക്കേജും ബജറ്റ് ടൂറിസം സെല്‍ ഒരുക്കിയിട്ടുണ്ട്. ജില്ലയിലെ വിവിധ ഡിപ്പോകളില്‍ നിന്ന് ഞായറാഴ്ച മുതല്‍ പ്രത്യേക അവധിക്കാല യാത്രകള്‍ തുടങ്ങി. പൊന്മുടി, തെന്മല, കാപ്പുകാട്, ആഴിമല, കോവളം, മലക്കപ്പാറ, ചതുരംഗപ്പാറ, മാമലക്കണ്ടം, മറയൂര്‍, വട്ടവട, രാമക്കല്‍മേട്, വാഗമണ്‍, ഗവി തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും യാത്രകളുണ്ട്.

കോട്ടയം ജില്ലയിലെ ഏഴ് ഡിപ്പോകളില്‍ നിന്നും കൂത്താട്ടുകുളത്ത് നിന്നും യാത്രകള്‍ ഉണ്ടാകും. പുലര്‍ച്ചെ അഞ്ചിന് ആരംഭിച്ച് വൈകുന്നേരം അവസാനിക്കുന്ന ഏകദിന പാക്കേജിനുപുറമേ, കൊച്ചിയില്‍ നെഫര്‍ട്ടിറ്റി എന്ന ആഡംബര കപ്പല്‍ യാത്രയും ബജറ്റ് ടൂറിസം സെല്‍ വകയായുണ്ട്. ബസ് യാത്രാച്ചെലവും കപ്പല്‍ ചാര്‍ജും ഉള്‍പ്പെടുന്നതാണ് ഈ പാക്കേജ്. ശിവഗിരി, പന്തളം ക്ഷേത്രം, കൊട്ടാരക്കര ഗണപതിക്ഷേത്രം, തിരുവൈരാണിക്കുളം ക്ഷേത്രദര്‍ശനം തുടങ്ങിയ തീർത്ഥാടന പാക്കേജുകളുമുണ്ട്.
യാത്രക്കായി ബന്ധപ്പെടാനുള്ള നമ്പർ
വൈക്കം: 999598732, 9072324543.
എരുമേലി: 9562269963, 9447287735, പൊന്‍കുന്നം: 9497888032, 6238657110, ഈരാറ്റുപേട്ട: 9497700814, 9526726383,
പാലാ: 9447572249, 9447433090.
കോട്ടയം: 8089158178, 9447462823.
ചങ്ങനാശേരി: 8086163011, 9846852601. കൂത്താട്ടുകുളം: 9497415696, 9497883291.