തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ്: ഹരിത ചട്ടം നിർദ്ദേശങ്ങൾ
വൈക്കം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുമായി ബന്ധപെട്ട് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ ഹരിത ചട്ടം സംബന്ധിച്ച നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.
2016 മുതൽ സംസ്ഥാനത്ത് നടത്തപ്പെടുന്ന എല്ലാ വിഭാഗം തിരഞ്ഞെടുപ്പുകളും തിരഞ്ഞെടുപ്പ് കമ്മീഷന്റെയും. തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും ശുചിത്വ മിഷൻ്റേയും മേൽനോട്ടത്തിൽ ഗ്രീൻ പ്രോട്ടോകോൾ പാലിച്ച് ഹരിത തിരഞ്ഞെടുപ്പായിട്ടാണ് നടപ്പിലാക്കി വരുന്നത്.
ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവുകളുടെ അടിസ്ഥാനത്തിൽ ബോർഡുകൾ, ബാനറുകൾ, ഹോർഡിംഗുകൾ, കൊടികൾ എന്നിവ സ്ഥാപിക്കുന്നതും നീക്കം ചെയ്യുന്നതും സംബന്ധിച്ച് കേരള സംസ്ഥാന സർക്കാർ ഉത്തരവുകളും സർക്കുലറുകളും മുഖേന അധിക മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. കോടതി ഉത്തരവുകളും സർക്കാർ പുറപ്പെടുവിച്ച ഉത്തരവുകളും സർക്കുലറുകളും അടിസ്ഥാനമാക്കിയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചാരണത്തിന് ബോർഡുകൾ, ബാനറുകൾ, പോസ്റ്ററുകൾ. നോട്ടീസ്, ചുവരെഴുത്ത് എന്നീ മാർഗ്ഗങ്ങൾ വ്യാപകമായി ഉപയോഗിക്കുന്നു എന്ന കാര്യം പരിഗണിച്ചുമാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ ഹരിതചട്ട മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നത്.
നിർദേശങ്ങൾ:
- വിവിധ സ്ഥാനാർത്ഥികളും, രാഷ്ട്രീയ പാർട്ടികളും, തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്ന ബോർഡുകൾ. ബാനറുകൾ, ഹോർഡിംഗുകൾ, പോസ്റ്ററുകൾ തുടങ്ങിയവ നിർമ്മിക്കുന്നതിന് പി.വി.സി, ഫ്ലക്സ്, പോളിസ്റ്റർ, നൈലോൺ. കൊറിയൻ ക്ലോത്ത്, പ്ലാസ്റ്റിക് കോട്ടിംഗ് ഉള്ള തുണി, പോളിസ്റ്റർ കൊണ്ടുള്ള തുണി. തുടങ്ങി പ്ലാസ്റ്റിക്കിൻ്റെ അംശമോ, പ്ലാസ്റ്റിക് കോട്ടിങ്ങോ ഉള്ള പുനഃചംക്രമണം സാധ്യമല്ലാത്ത എല്ലാത്തരം സാമഗ്രികളുടെയും ഉപയോഗം ഒഴിവാക്കേണ്ടതാണ്. പകരം പരാമർശത്തിലെ ഉത്തരവിലെ നിബന്ധനകൾ പാലിച്ചുകൊണ്ട് പൂർണ്ണമായും പേപ്പർ, പി.സി.ബി സർട്ടിഫൈ ചെയ്ത 100% കോട്ടൺ, പോളിഎത്തിലിൻ തുടങ്ങിയ പുന:ചക്രമണം ചെയ്യാൻ കഴിയുന്ന പരിസ്ഥിതി സൗഹൃദ വസ്തുക്കൾ ഉപയോഗിച്ച് നിർമ്മിക്കുന്നവ മാത്രമേ പ്രചരണ പരിപാടികൾക്ക് ഉപയോഗിക്കുവാൻ പാടുള്ളു. പോളിഎത്തിലീൻ ഷീറ്റുകളിൽ പി.സി.ബി അംഗീകൃത ക്യൂ.ആർ.കോഡ്. പി.വി.സി ഫ്രീ റിസൈക്ലബൾ ലോഗോ പ്രിൻ്ററുടെ വിശദാംശംങ്ങൾ എന്നിവ നിർബന്ധമായും ഉണ്ടാകണം.
- ഇലക്ഷൻ ആവശ്യത്തിന് പരാമർശ പ്രകാരമുള്ള മെറ്റീരിയലുകൾ മാത്രമേ സ്റ്റോക്ക് ചെയ്യുന്നുള്ളുവെന്ന് ഡീലർമാരും ആയതിൽ മാത്രമേ പ്രിന്റ് ചെയ്യുന്നുള്ളുവെന്ന് പ്രിന്റർമാരും ഉറപ്പ് വരുത്തേണ്ടതാണ്.
- രാഷ്ട്രീയ പാർട്ടികൾ, സ്ഥാനാർഥികൾ പ്രചരണത്തിനും. അലങ്കാരത്തിനുമായി ഉപയോഗിക്കുന്ന കൊടിതോരണങ്ങൾ പൂർണ്ണമായും പ്ലാസ്റ്റിക്, പിവിസി വിമുക്തമാക്കേണ്ടതാണ്.
- തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഔദ്യോഗിക പരസ്യങ്ങൾ. സൂചകങ്ങൾ. ബോർഡുകൾ തുടങ്ങിയവ പൂർണ്ണമായും പേപ്പർ. പി.സി.ബി സർട്ടിഫൈ ചെയ്ത 100% കോട്ടൺ, പോളിഎത്തിലിൻ തുടങ്ങിയ പുന:ചക്രമണം ചെയ്യാൻ കഴിയുന്ന പരിസ്ഥിതി സൗഹൃദ വസ്തുക്കൾ ഉപയോഗിച്ച് നിർമ്മിക്കുന്നവ മാത്രമേ പ്രചാരണ പരിപാടികൾക്ക് ഉപയോഗിക്കുവാൻ പാടുള്ളു. തിരഞ്ഞെടുപ്പ് നടത്തിപ്പുമായി ബന്ധപ്പെട്ട മറ്റ് എല്ലാ ഔദ്യോഗിക ആവശ്യങ്ങൾക്കും പരമാവധി പരിസ്ഥിതി സൗഹൃദ വസ്തുക്കളും, പുന:ചക്രമണം ചെയ്യാൻ കഴിയുന്ന മറ്റ് വസ്തുക്കളും ഉപയോഗിക്കേണ്ടതാണ്. ആയത് ജില്ലാ കളക്ടർമാർ ഉറപ്പ് വരുത്തേണ്ടതാണ്.
- രാഷ്ട്രീയ പാർട്ടികളുടെ ഇലക്ഷൻ ഓഫീസുകൾ അലങ്കരിക്കുന്നതിന് പ്രകൃതി സൗഹൃദ വസ്തുക്കൾ, പുന:ചക്രമണം ചെയ്യാൻ കഴിയുന്ന വസ്തുക്കൾ മാത്രം ഉപയോഗിക്കേണ്ടതാണ്.
- തിരഞ്ഞെടുപ്പ് പ്രചാരണം. കൺവെൻഷനുകൾ, റോഡ് ഷോകൾ, യോഗങ്ങൾ, റാലികൾ, സമ്മേളനങ്ങൾ. തിരഞ്ഞെടുപ്പ് സംബന്ധിച്ച പരിശീലനങ്ങൾ, തിരഞ്ഞെടുപ്പ് പ്രക്രിയ എന്നിവയിലെല്ലാം തന്നെ പരാമർശം (2) പ്രകാരമുള്ള (തെർമോകോൾ. സ്റ്റെരോഫോം എന്നിവ ഉപയോഗിച്ചുണ്ടാക്കുന്ന പ്ലേറ്റുകൾ. കപ്പുകൾ. അലങ്കാര വസ്തുക്കൾ, പ്ലാസ്റ്റിക് കോട്ടിംഗ് ഉള്ള പേപ്പർ കപ്പുകൾ, ബൗളുകൾ തുടങ്ങിയവ) എല്ലാത്തരം നിരോധിത പ്ലാസ്റ്റിക് വസ്തുക്കളുടെയും ഡിസ്പോസബിൾ വസ്തുക്കളുടെയും ഉപയോഗം ഒഴിവാക്കിക്കൊണ്ട് മാലിന്യം രൂപപ്പെടുന്നതിനുള്ള സാഹചര്യം ഒഴിവാക്കേണ്ടതാണ്.
- പോളിംഗ് ബൂത്തുകൾ സജ്ജമാക്കുമ്പോൾ നിരോധിത പ്ലാസ്റ്റിക് വസ്തുക്കൾ പൂർണ്ണമായും ഒഴിവാക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
- തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കുള്ള പരിശീലന പരിപാടികളിൽ ഗ്രീൻ പ്രോട്ടോകോൾ ഒരു സെഷനായി ഉൾപ്പെടുത്തേണ്ടതും ജില്ലാ ശുചിത്വമിഷൻ കോ-ഓർഡിനേറ്റർമാരെ സെഷൻ കൈകാര്യം ചെയ്യുന്നതിന് ജില്ലാ കളക്ടർമാർ ചുമതലപ്പെടുത്തേണ്ടതുമാണ്. പരിശീലന പരിപാടികളിലുടനീളം ഗ്രീൻ പ്രോട്ടോക്കോൾ പാലിക്കേണ്ടതും സ്റ്റീൽ ചില്ല് സെറാമിക് തുടങ്ങി കഴുകി ഉപയോഗിക്കാവുന്ന പാത്രങ്ങൾ, കപ്പുകൾ മാത്രം ഭക്ഷണ-പാനീയ വിതരണത്തിന് ഉപയോഗിക്കേണ്ടതുമാണ്.
- പോളിംഗ് ബൂത്തുകൾ/വോട്ടെണ്ണൽ കേന്ദ്രങ്ങൾ എന്നിവയുടെ ക്രമീകരണത്തിനും ഇലക്ഷൻ സാധനസാമഗ്രികളുടെ കൈമാറ്റത്തിനും പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം പരമാവധി നിയന്ത്രിക്കേണ്ടതാണ്.
- പോളിംഗ് ഉദ്യോഗസ്ഥരും, ഏജൻ്റമാരും ഭക്ഷണപദാർത്ഥങ്ങൾ. കുടിവെള്ളം മുതലായവ കൊണ്ടുവരുവാൻ പ്ലാസ്റ്റിക് ബോട്ടിലുകളും, കവറുകളും, കണ്ടെയിനറുകളും ഒഴിവാക്കേണ്ടതാണ്. പകരം കടിവെള്ളം ബൂത്തുകളിൽ തന്നെ ഡിസ്പെൻസറുകളിൽ സ്റ്റീൽ, ചില്ല് ഗ്ലാസുകൾ സഹിതം ക്രമീകരിക്കേണ്ടതാണ്. ഭക്ഷണത്തിന് പ്ലാസ്റ്റിക് പാഴ്സലുകൾ ഒഴിവാക്കി പകരം കുടുംബശ്രീ യൂണിറ്റുകൾ മുഖേന വാഴയിലയിലോ പാത്രങ്ങളിലോ ഭക്ഷണ പാഴ്സലുകൾ തയ്യാറാക്കാവുന്നതാണ്. ആയതിനുള്ള ക്രമീകരണം കുടുംബശ്രീ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഒരുക്കേണ്ടതാണ്.
- തിരഞ്ഞെടുപ്പിന് വോട്ടർമാർക്ക് ഔദ്യോഗികമായി നൽകുന്ന ഫോട്ടോ ഉൾപ്പെടുന്ന വോട്ടർ സ്ലിപ്പ് രാഷ്ട്രീയപാർട്ടികൾ നൽകുന്ന സ്ലിപ്പുകൾ എന്നിവ പോളിംഗ് ബൂത്തിൻ്റെ പരിസരങ്ങളിൽ ഉപേക്ഷിക്കുന്ന പ്രവണത കണ്ടുവരുന്നുണ്ട്. ആയത് ഒഴിവാക്കുന്നതിനായി ബുത്തിന്റെ പരിസരങ്ങളിൽ ബിന്നുകൾ സ്ഥാപിച്ച് സ്ലിപ്പുകൾ നിക്ഷേപിക്കേണ്ടതും ഇവ ഹരിത കർമ്മസേന മുഖേന ശേഖരിച്ച് സംസ്കരിക്കാനുള്ള നടപടികൾ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാർ സ്വീകരിക്കേണ്ടതുമാണ്.
- തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിതരണ. സ്വീകരണ, വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ വോട്ടെണ്ണലിന് ശേഷം അവശേഷിക്കുന്ന പേപ്പറുകളും മറ്റ് പാഴ് വസ്തുക്കളും സംഭരിക്കുന്നതിനും നീക്കം ചെയ്യുന്നതിനും പ്രസ്തുത കേന്ദ്രങ്ങൾ ശുചീകരിക്കുന്നതിനും അതത് തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാർ നടപടി സ്വീകരിക്കേണ്ടതാണ്.
- പോളിംഗ് സ്റ്റേഷനുകളിലും വിതരണ, സ്വീകരണ, വോട്ടെണ്ണൽ കേന്ദ്രങ്ങളിലും വോട്ടെടുപ്പ് - വോട്ടെണ്ണൽ ദിവസങ്ങളിൽ ജൈവ അജൈവ വസ്തുക്കൾ വെവ്വേറെ നിക്ഷേപിക്കുന്നതിന് വേണ്ട ബിന്നുകൾ സ്ഥാപിക്കുന്നതിന് അതത് തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാർ നടപടി സ്വീകരിക്കേണ്ടതുമാണ്.
- വോട്ടെടുപ്പ് അവസാനിച്ചാൽ ഉടൻ അതത് സ്ഥാനാർത്ഥികളും രാഷ്ട്രീയ കക്ഷികളും തിരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട എല്ലാത്തരം സാമഗ്രികളും ശേഖരിച്ച് അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഹരിതകർമ്മ സേനയ്ക്ക് യൂസർഫി സഹിതം കൈമാറേണ്ടതാണ്.
ആയതിനുള്ള രസീത് ഹരിതകർമ്മ സേന/ അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ/ സ്ഥാനാർത്ഥികൾ/ രാഷ്ട്രീയ പാർട്ടികൾക്ക് ലഭ്യമാക്കേണ്ടതാണ്. ഇപ്രകാരം നീക്കം ചെയ്യുന്നില്ലെങ്കിൽ വോട്ടെടുപ്പ് അവസാനിച്ച് അഞ്ചു ദിവസത്തിനുള്ളിൽ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറി പ്രസ്തുത സാമഗ്രികൾ നീക്കം ചെയ്യേണ്ടതും പുന:ചംക്രമണം നടത്തുന്നതിന് ക്ലീൻകേരള കമ്പനി സർക്കാർ അംഗീകൃത ബന്ധപ്പെട്ട എജൻസികൾക്ക് കൈമാറുന്നതിനുള്ള നടപടി സ്വീകരിക്കേണ്ടതുമാണ്. ആയതിൻ്റെ ചെലവ് പ്രസ്തുത സാമഗ്രികളുടെ ഗുണഭോക്താവായ സ്ഥാനാർത്ഥിയിൽ നിന്നും ഈടാക്കുന്നതിനാവശ്യമായ നിയമനടപടികളും സ്വീകരിക്കേണ്ടതാണ്.
- പോളിംഗ് സ്റ്റേഷൻ. വിതരണ-സ്വീകരണ കേന്ദ്രങ്ങൾ എന്നിവയ്ക്കായി ഉപയോഗിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള പൊതു/ സ്വകാര്യ കെട്ടിടങ്ങളിലെ ചുമരുകളിലും പരിസരത്തും ബോധവൽക്കരണത്തിനായി കമ്മീഷന്റെ നിർദ്ദേശാനുസരണം പതിക്കുന്ന പോസ്റ്ററുകളും ബോർഡുകളും മറ്റും നീക്കം ചെയ്ത് വൃത്തിയാക്കുന്നതിന് ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർ ആവശ്യമായ നടപടി സ്വീകരിക്കേണ്ടതാണ്.
- ഓരോ രാഷ്ടീയ പാർട്ടികളുടെയും തിരഞ്ഞെടുപ്പ് ഓഫീസുകളിൽ മാലിന്യം തരംതിരിച്ച് നിക്ഷേപിക്കുന്നതിന് ബിന്നുകൾ, ഭക്ഷണ പാനീയ വിതരണത്തിന് കഴുകി ഉപയോഗിക്കാവുന്ന പാത്രങ്ങൾ. ഗ്ലാസുകൾ എന്നിവ സ്വന്തം നിലയിൽ സജ്ജീകരിക്കേണ്ടതാണ്.
- പൊതു നിരത്തുകൾ കേന്ദ്രീകരിച്ച് നടത്തുന്ന റാലികളിലും റോഡ് ഷോകളിലും മാലിന്യം നിരത്തുകളിൽ നിക്ഷേപിക്കുന്ന, ഉപേക്ഷിക്കുന്ന രീതി ഒഴിവാക്കേണ്ടതാണ്. ഇത്തരം പരിപാടികൾക്ക് ശേഷം രാഷ്ട്രീയ പാർട്ടികൾ പ്രസ്തുത ഇടങ്ങൾ ശുചീകരിക്കുന്നതിന് മുൻകൈ എടുക്കേണ്ടതാണ്. മാലിന്യം നിക്ഷേപിക്കപ്പെട്ടാൽ ആയത് നീക്കം ചെയ്യാനും കുറ്റക്കാർക്കെതിരെ നിയമാനുസൃത നടപടികൾ സ്വീകരിക്കുവാനും ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാർ നടപടി സ്വീകരിക്കേണ്ടതാണ്.
- പൊതു തിരഞ്ഞെടുപ്പിനു ശേഷം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ക്ലീൻകേരള കമ്പനി, ഹരിത കർമസേന, സന്നദ്ധ സംഘടനകൾ, വിവിധ രാഷ്ട്രീയ പാർട്ടികൾ തുടങ്ങിയവയുടെ സഹായത്തോടെ ഇലക്ഷനുമായി ബന്ധപ്പെട്ട പാഴ് വസ്തുക്കൾ നീക്കം ചെയ്ത് ശുചീകരണ പ്രവർത്തനങ്ങൾ നടത്തേണ്ടതാണ്.
- പ്രചരണ പ്രവർത്തനങ്ങളിൽ ശബ്ദമലീനകരണം ഒഴിവാക്കേണ്ടതും നിയമം അനുശാസിക്കുന്ന വിധത്തിൽ മാത്രം ലൗഡ്‌സ്പീക്കർ, പബ്ലിക്ക് അഡ്രസ്സിങ് സിസ്റ്റം തുടങ്ങിയ ഉപയോഗിക്കേണ്ടതാണ്.
- പടക്കം. വെടിക്കെട്ട് മുതലായവ നിലവിലുള്ള നിയമങ്ങൾ അനുശാസിക്കും വിധം മാത്രമേ ഉപയോഗിക്കുവാൻ പാടുള്ളൂ.
- നിരോധിത ഉൽപ്പന്നങ്ങളുടെ ഉപയോഗം, മാലിന്യം പൊതു നിരത്തിലും ജലസ്രോതസ്സുകളിലും നിക്ഷേപിക്കൽ, കത്തിക്കൽ തുടങ്ങിയ നിയമലംഘനങ്ങൾ കണ്ടത്തിയാൽ അതാത് തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാർ. ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ്, ഇലക്ഷൻ സ്ക്വാഡ് എന്നിവർ നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കേണ്ടതാണ്.
- പൊതു തിരഞ്ഞെടുപ്പു കാലയളവിൽ ഹരിത പെരുമാറ്റച്ചട്ടം നടപ്പിലാക്കുന്നതു സംബന്ധിച്ച നോഡൽ ഓഫീസർ ശുചിത്വമിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ആയിരിക്കും.
- വിവിധ വകുപ്പുകൾ. സർക്കാർ എജൻസികൾ എന്നിവയുടെ ഏകോപനം ഉണ്ടാകുന്നു എന്നും 2025 ലെ തദ്ദേശ സ്വയംഭരണ പൊതു തിരഞ്ഞെടുപ്പ് പരിസ്ഥിതി സൗഹാർദ്ദമായി നടപ്പിലാക്കുന്നുവെന്നും അതത് ജില്ലാ കളക്ടർമാർ ഉറപ്പ് വരുത്തേണ്ടതാണ്.
ഗ്രീൻ പ്രോട്ടോകോൾ പൊതു തത്വം
ഒഴിവാക്കേണ്ടത്
എല്ലാത്തരം ഡിസ്പോസിബിൾ വസ്തുക്കളും പ്ലാസ്റ്റിക് കുപ്പിവെള്ളവും (പ്ലാസ്റ്റിക് കോട്ടിംഗ് ഉള്ള പേപ്പർ/ പ്ലാസ്റ്റിക്/ തെർമോകോൾ കപ്പുകൾ, പാത്രങ്ങൾ എന്നിവയുൾപ്പെടെ)
നിരോധിത പ്ലാസ്റ്റിക് വസ്തുക്കളടങ്ങുന്ന എല്ലാത്തരം ബാനറുകൾ, ബോർഡുകൾ ഹോർഡിംഗുകൾ
പ്ലാസ്റ്റിക് കൊടികൾ, തോരണങ്ങൾ, തെർമോകോൾ ഉപയോഗിച്ചുള്ള ആർച്ചുകൾ
പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ ആഹാര വസ്തുക്കൾ
സ്ഥാനാർത്ഥിയെ സ്വീകരിക്കാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഹാരങ്ങൾ, പ്ലാസ്റ്റിക് ബൊക്കെ
മാലിന്യം കൂട്ടിക്കലർത്തൽ
ഉപയോഗിക്കാവുന്നത്
വാട്ടർ ക്യാനുകൾ, സ്റ്റിൽ കുപ്പികൾ, സ്റ്റീൽ/ ചില്ലു ഗ്ലാസ്സുകൾ, സ്റ്റീൽ/ സിറാമിക് പ്ലെയിറ്റുകൾ.
100% കോട്ടൺ തുണി, പേപ്പർ, ചണം, തടി/ലോഹം, പോളിഎത്തിലിൻ നിർമ്മിതമായ ബോർഡുകൾ, പൂർണ്ണമായും പ്രകൃതി സൗഹൃദ ഉല്പന്നങ്ങളാൽ നിർമ്മിതമായ ബോർഡുകൾ (മുള, ഈറ, പനമ്പായ, പാള മുതലായവ)
തുണി/പേപ്പർ തോരണങ്ങൾ, തുണിയിൽ എഴുതിയ ആർച്ചുകൾ, പോളിഎത്തിലിൻ പ്രിന്റുകൾ
വാഴയിലയിൽ പൊതിഞ്ഞ വരുന്ന ഭക്ഷണ പദാർത്ഥങ്ങൾ
പൂക്കളിലുള്ള ഹാരങ്ങൾ, പുസ്തകങ്ങൾ, കുടുംബശ്രീ ബഡ്സ് സ്കൂൾ ഉല്പന്നങ്ങൾ, പുനരുപയോഗസാധ്യമായ ഉല്പന്നങ്ങൾ
ജൈവ-അജൈവ മാലിന്യം തരംതരിച്ച് നിക്ഷേപിക്കുന്നതിന് ബിന്നുകൾ സ്ഥാപിക്കൽ, ബിന്നുകൾ യഥാസമയം കാലിയാക്കൽ
- ഈ വിഷയത്തിൽ നിലവിലുള്ള നിയമത്തിലെ വ്യവസ്ഥകളും ബഹുമാനപ്പെട്ട കോടതി പുറപ്പെടുവിക്കുന്ന ഉത്തരവുകളും സർക്കാരിൻ്റെയും സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷന്റെയും മാർഗ്ഗനിർദ്ദേശങ്ങളും എല്ലാ സ്ഥാനാർത്ഥികളും വ്യക്തികളും രാഷ്ട്രീയ കക്ഷികളും പാലിക്കേണ്ടതാണ്.