'തെക്കേനട പി.ഒ' ഇനി ഓർമ്മ
ആർ. സുരേഷ്ബാബു
വൈക്കം: വൈക്കം തെക്കേനടയിൽ പ്രവർത്തിച്ചിരുന്ന പോസ്റ്റ് ഓഫീസ് കഴിഞ്ഞ 16 മുതൽ നിർത്തലാക്കി.
ഒന്നര കിലോമീറ്റർ അകലെ വൈക്കം ഹെഡ് പോസ്റ്റോഫീസ് ഉണ്ട് എന്നതാണ് തെക്കേനടയിലെ പോസ്റ്റ് ഓഫീസ് നിർത്തുവാൻ കാരണം. തെക്കേനടയിലെ പോസ്റ്റ് ഓഫീസിനെ ആശ്രയിച്ചിരുന്നവർ വൈക്കം ഹെഡ് പോസ്റ്റ് ഓഫീസിനെയോ വല്ലകം പടിഞ്ഞാറെക്കരയിൽ പ്രവർത്തിക്കുന്ന പോസ്റ്റ് ഓഫീസിനെയോ ആശ്രയിക്കണം. അൻപത് വർഷം മുൻപ് തെക്കേനടയിൽ സബ് ഓഫിസായിരുന്ന കാലത്ത് ഒരു പോസ്റ്റ് മാസ്റ്ററും രണ്ടു പോസ്റ്റ്മാന്മാരും ഉണ്ടായിരുന്നു. 686142 പിൻകോഡിൽ ഉണ്ടായിരുന്ന പോസ്റ്റ് ഓഫീസിൽ ഡെലിവറി സംവിധാനവും നടത്തിയിരുന്നു. കൊടിയാട്, വാഴമന, ആറാട്ടുകളങ്ങര, ചെട്ടി മംഗലം, തോട്ടുവക്കം, തെക്കേനട, ചെരുംചുവട് പ്രദേശങ്ങളിൽ ഇവിടെ നിന്നാണ് തപാൽ ഉരുപ്പടികൾ എത്തിച്ചിരുന്നത്. കാൽ നൂറ്റാണ്ട് മുൻപ് പോസ്റ്റ് ഓഫീസ് നിർത്തലാക്കാൻ തീരുമാനിച്ചങ്കിലും ശക്തമായ എതിർപ്പ് ഉണ്ടായതോടെ ബ്രാഞ്ച് ഓഫീസാക്കുകയായിരുന്നു. തുടർന്ന് തപാൽ വിതരണം പടിഞ്ഞാറെനടയിലെ ഹെഡ് പോസ്റ്റ് ഓഫീസിൽ നിന്നും ആക്കി.
നാട്ടുകാർ തെക്കേനട ബ്രാഞ്ച് പോസ്റ്റ് ഓഫീസ് നിർത്തലാക്കരുതെന്ന് ആവശ്യപ്പെട്ട് നിവേദനം നൽകിയെങ്കിലും പരിഗണിച്ചില്ല. ലക്ഷക്കണക്കിന് രൂപയുടെ നിക്ഷേപവും നൂറുകണക്കിന് തപാൽ ഉരുപടികളുടെ ക്രയവിക്രയവും നടത്തിയിരുന്ന പോസ്റ്റ് ഓഫീസ് നിർത്തലാക്കിയതിൽ 19ാം വാർഡ് കോൺഗ്രസ് കമ്മറ്റി പ്രതിഷേധിച്ചു. രാധിക ശ്യാമിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അഡ്വ. കെ.പി. ശിവജി, ഷാജി വല്ലൂത്തറ, ഇ.എൻ. ഹർഷകുമാർ, പി.സോമൻ, ആന്റണി ജോസഫ് എന്നിവർ പ്രസംഗിച്ചു.