തെരുവ് നായ്ക്കൾ ആടിനെ കടിച്ചു കൊന്നു
എസ്. സതീഷ്കുമാർ
വൈക്കം: പാലാംകടവിലും വെച്ചൂർ കൊടുതുരുത്തിലും ആടുകളെ തെരുവ് നായക്കൾ ആക്രമിച്ചു. പാലാംകടവ് വാക്കയിൽ അനൂപ് - ബീന ദമ്പതികളും കുടുംബവും ചേർന്ന് നടത്തുന്ന കാലിഫാമിലും കൊടുതുരുത്ത് മാർട്ടിൻ്റെ ആടുകളെയുമാണ് നായ്ക്കൾ ആക്രമിച്ചത്. പാലാംകടവിൽ ഒരു ആടിനെ കടിച്ച് കൊന്നു. മറ്റൊരു ആടിന് കഴുത്തിൽ കടിയേറ്റു. ശനിയാഴ്ച വൈകിട്ടായിക്കുന്നു നായ്ക്കളുടെ ആക്രമണം. ഫാമിലുണ്ടായിരുന്നവർ ഓടിയെത്തിയാണ് രണ്ട് ആടുകളെ രക്ഷിച്ചത്. ഫാമിൽ കൂടിൻ്റെ അറ്റകുറ്റണി നടക്കുന്നതിനിടെ പുറത്ത് കെട്ടിയിട്ടിരുന്ന മൂന്ന് ആടുകളെയാണ് മൂന്ന് തെരുവ് നായ്ക്കൾ ചേർന്ന് ആക്രമിച്ചത്. ഇതിൽ 5 മാസം പ്രായമുള്ള ആടാണ് ചത്തത്. കടിയേറ്റ ആടുകൾക്ക് ഡോക്ടർമാരുടെ നേതൃത്വത്തിൽ ചികിത്സ നൽകുകയാണ്.
15 ആടുകളും പശുക്കളും ഉള്ള ഫാമിലാണ് നായ്ക്കളുടെ ആക്രമണം ഉണ്ടായത്. കൊടുതുരുത്തിൽ മാർട്ടിൻ എന്നയാളുടെ മൂന്ന് ആടുകളെയാണ് നായ്ക്കൾ കഴിഞ്ഞ ദിവസം കടിച്ചത്. വൈക്കത്തും സമീപ പഞ്ചായത്തുകളിലും തെരുവ്നായ് ശല്യം കൂടിയിട്ടും യാതൊരു നടപടിയുമില്ലാത്തത് നാട്ടുകാർക്കും വളർത്ത് മൃഗങ്ങൾക്കും ഒരുപോലെ ഭീഷണി ഉയർത്തുകയാണ്. നായ്ക്കളെ പേടിച്ച് കാൽ നടയാത്രക്കാരും ഇരുചക്രവാഹന യാത്രക്കാരും റോഡുകളിലൂടെ പോകാൻ പോലും ഭയപ്പെടുന്ന സ്ഥിതിയാണ് .