തെരുവിൽ അവശനായി കിടന്ന നായയെ രക്ഷിച്ച് യുവാവ്
എസ്. സതീഷ്കുമാർ
പെരുവ: പാത്രത്തിൻ്റെ ദ്വാരത്തിൽ മുൻകാലുകളും തലയും കുടുങ്ങി തെരുവിൽ അവശനായി കിടന്ന നായയെ രക്ഷിച്ച് യുവാവ്. പെരുവ സ്വദേശിയും നായ് സംരക്ഷകനുമായ ടി.എം. സദനാണ് പെരുവ കുന്നപള്ളി റോഡരുകിൽ നടക്കാനും ഭക്ഷണം കഴിക്കാനും കഴിയാതെ കിടന്ന നായയുടെ രക്ഷകനായത്.
രാവിലെ പതിനൊന്നരയോടെയാണ് അതുവഴി പോയപ്പോൾ സദൻ കുന്നപ്പള്ളി ബാപ്പുജി സ്കൂളിന് സമീപം അവശനിലയിൽ നായയെ കണ്ടത്. രാഷ്ട്രീയ പ്രവർത്തകൻ കൂടിയായ സദൻ പോളിംഗ് ദിനത്തിൽ ഈ നായക്ക് ഭക്ഷണം കൊടുത്തിരുന്നു. ആ അടുപ്പം വച്ച് അടുത്ത് ചെന്നെങ്കിലും പേടിച്ച് അവശനിലയിലായ നായയുടെ ആക്രമണം ഭയന്ന് വായ് ചരട് കൊണ്ട് കെട്ടിയ ശേഷമായിരുന്നു രക്ഷാപ്രവർത്തനം. ആദ്യം മുൻകാലുകൾ രണ്ടും ദ്വാരത്തിൽ നിന്ന് പുറത്തെടുത്ത ശേഷം തലയും ഊരി മാറ്റിയ ശേഷം വായുടെ കെട്ടഴച്ച് വിട്ടു. ആക്രമണ സ്വഭാവം കാണിക്കാതെ രക്ഷപ്പെട്ടതിൻ്റെ ആശ്വാസത്തിൽ അല്പനേരം കിടന്ന ശേഷമാണ് നായ് നടന്നകന്നത്. എട്ട് വർഷമായി തെരുവ് നായ്ക്കളെയടക്കം പൂച്ചകളുടെയും സംരക്ഷകനാണ് സദൻ. കോവിഡ് കാലത്ത് 55 ദിവസം പ്രദേശത്തെ തെരുവ് നായ്ക്കൾക്ക് അടക്കം രണ്ട് നേരം ഭക്ഷണം നൽകിയിരുന്നു. ഇതിനകം അലഞ്ഞ് നടന്നിരുന്ന ഇരുന്നൂറിലധികം നായ്ക്കളെയും പൂച്ചകളെയും സംരക്ഷിച്ച് സോഷ്യൽ മീഡിയ വഴി ആവശ്യക്കാരെ കണ്ടെത്തി കൈമറിയിട്ടുണ്ട് സദനെന്ന രാഷ്ട്രീയക്കാരൻ കൂടിയായ മൃഗസ്നേഹി.