തീവ്ര ന്യൂനമർദ്ദം സെൻയാർ ചുഴലിക്കാറ്റായി: സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം മഴ മുന്നറിയിപ്പ്
തിരുവനന്തപുരം: തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും തെക്കുകിഴക്കൻ ശ്രീലങ്കയ്ക്കും സമീപമായി രൂപംകൊണ്ട ന്യൂനമർദ്ദം ശക്തിപ്രാപിച്ച് തീവ്ര ന്യൂനമർദ്ദമായി. ഇത് നിലവിൽ വടക്ക്-വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുകയാണെന്നും, അടുത്ത 48 മണിക്കൂറിനുള്ളിൽ കൂടി ശക്തിപ്രാപിച്ച് തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ വഴി വടക്കൻ തമിഴ്നാട്-പുതുച്ചേരി തീരത്തേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മലേഷ്യയ്ക്കും മലാക്ക കടലിടുക്കിനും മുകളില്‍ സ്ഥിതി ചെയ്തിരുന്ന മറ്റൊരു തീവ്ര ന്യൂനമർദ്ദം സെൻയാര്‍ ചുഴലിക്കാറ്റായി ശക്തിപ്രാപിച്ച് ഇന്തോനേഷ്യയിൽ കരയിലെത്തി. ഇപ്പോൾ വടക്കുകിഴക്കൻ ഇന്തോനേഷ്യയുടെ തീരപ്രദേശത്ത് ഇത് നിലകൊള്ളുകയാണ്. ഈ ചുഴലിക്കാറ്റ് പടിഞ്ഞാറ്-തെക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് നവംബർ 27-ാം തീയതി രാവിലെ വരെ അതിന്റെ ശക്തി നിലനിർത്തും. തുടര്‍ന്ന് ശക്തി കുറഞ്ഞ് കിഴക്കോട്ട് വഴിമാറാനുള്ള സാധ്യതയുണ്ട്.ഇതിന്റെ സ്വാധീന ഫലമായാണ് കേരളത്തിൽ ശക്തമായ മഴ പ്രതീക്ഷിക്കുന്നത്. സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയുള്ളതിനാൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.