|
Loading Weather...
Follow Us:
BREAKING

തിരഞ്ഞെടുപ്പ് അജണ്ട യു.ഡി.എഫ് തീരുമാനിക്കും: നൂറിലധികം സീറ്റുകൾ ഉറപ്പെന്ന് വി.ഡി. സതീശൻ

തിരഞ്ഞെടുപ്പ് അജണ്ട യു.ഡി.എഫ് തീരുമാനിക്കും: നൂറിലധികം സീറ്റുകൾ ഉറപ്പെന്ന് വി.ഡി. സതീശൻ

കല്പറ്റ: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ നൂറിലധികം സീറ്റുകൾ നേടി യു.ഡി.എഫ് അധികാരത്തിൽ തിരിച്ചെത്തുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ബത്തേരിയിൽ നടന്ന കോൺഗ്രസ് നേതൃക്യാംപില്‍ തിരഞ്ഞെടുപ്പ് നയരേഖ അവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. വെറുതെ ഇടതുമുന്നണിയെ കുറ്റം പറയുകയല്ല, മറിച്ച് അവർ പരാജയപ്പെട്ട മേഖലകളിൽ മികച്ച ബദൽ കൊണ്ടുവരികയാണ് യു.ഡി.എഫിന്റെ ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി.

സാമ്പത്തിക ഭദ്രതയും നികുതി പിരിവും

കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥ തകർച്ചയിലാണെന്നും സംസ്ഥാനത്തെ കടക്കെണിയിൽ നിന്ന് രക്ഷിക്കാൻ കൃത്യമായ ഫിനാൻഷ്യൽ മാനേജ്‌മെന്റ് ആവശ്യമാണെന്നും സതീശൻ പറഞ്ഞു. നികുതി പിരിവ് കാര്യക്ഷമമാക്കി ഖജനാവ് നിറയ്ക്കും. നികുതി വർദ്ധിപ്പിക്കുക എന്നതല്ല, മറിച്ച് ഖജനാവിൽ നിന്ന് കൊള്ളയടിക്കപ്പെട്ട പണം തിരികെ എത്തിക്കുക എന്നതാണ് യു.ഡി.എഫ് നയം. ഈ പണം ഉപയോഗിച്ച് ക്ഷേമ-വികസന പ്രവർത്തനങ്ങൾ നടത്തുമെന്നും അദ്ദേഹം ഉറപ്പുനൽകി.

പ്രായോഗികമായ വികസന നയം

വാഗ്ദാനങ്ങൾ നൽകി ജനങ്ങളെ കബളിപ്പിക്കില്ല. നൂറുശതമാനം നടപ്പിലാക്കാൻ കഴിയുന്ന പ്രായോഗികമായ പദ്ധതികളാണ് യു.ഡി.എഫ് മുന്നോട്ട് വെക്കുന്നത്. കാർഷിക, ആരോഗ്യ മേഖലകളിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരും. കേരളത്തിന്റെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കുന്ന പദ്ധതികളായിരിക്കും വരാനിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നേതൃത്വത്തിൽ തർക്കമില്ല

മുഖ്യമന്ത്രി സ്ഥാനത്തിനായി കോൺഗ്രസിൽ തർക്കമുണ്ടെന്നത് സി.പി.എമ്മിന്റെ വ്യാജപ്രചാരണം മാത്രമാണ്. മുഖ്യമന്ത്രിയാകാൻ യോഗ്യതയുള്ള നിരവധി നേതാക്കൾ പാർട്ടിയിലുണ്ട്. എന്നാൽ ആ പദവിക്കായി ആരും തമ്മിലടിക്കില്ല. ഇടതുപക്ഷ സഹയാത്രികർ പോലും ഇത്തവണ യു.ഡി.എഫിനൊപ്പം നിൽക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.