തകർന്ന റോഡ് നന്നാക്കാൻ അടിയന്തര നടപടി വേണം
വൈക്കം: പാലാംകടവ് - കെ.ആർ. ഓഡിറ്റോറിയം റോഡ് വൺവേയാക്കിതോടെ തിരക്കേറിയിട്ടും നന്നാക്കാൻ നടപടിയില്ലെന്ന് പരാതി. യാത്രക്കാർക്ക് ദുരിതയാത്രയെന്നും അപകടം പതിവെന്നും നാട്ടുകാർ. തലയോലപ്പറമ്പിലെ തിരക്കേറിയ റോഡുകളിൽ ഒന്നായ പാലംകടവ് - കെ.ആർ. ഓഡിറ്റോറിയം റോഡാണ് തകർന്ന് കിടക്കുന്നത്. തലയോലപ്പറമ്പ് ചന്തയിൽ നിന്നും പാലാംകടവ് ഭാഗത്തുനിന്നും എത്തുന്ന വാഹനങ്ങളെ ഇരുവശങ്ങളിലേക്കും തിരിച്ചുവിടുന്നതിന് വൺവേ സംവിധാനം ഏർപ്പെടുത്തിയതോടെ തകർന്നു കിടക്കുന്ന കെ.ആർ ഓഡിറ്റോറിയം റോഡിലൂടെ വേണം വാഹനങ്ങൾക്ക് പ്രധാന റോഡിലെത്താൻ. ടാറും മെറ്റലും ഇളകി കുണ്ടും കുഴിയുമായ ഈ റോഡിൽ മഴപെയ്താൽ വെള്ളക്കെട്ടും വേനലിൽ രൂക്ഷമായ പൊടി ശല്യവും രൂക്ഷമാണെന്നാണ് പരാതി.
വാഹനങ്ങൾക്ക് കേടുവരുന്നതും അപകടം ഉണ്ടാവുന്നതായുമാണ് പരാതി ഉയരുന്നത്. പാലാങ്കടവ് പാലത്തിലൂടെയും അടിയം റോഡിലൂടെയും എത്തുന്ന നൂറുകണക്കിന് വാഹനങ്ങൾ ദിവസേന ഈ റോഡിലൂടെ കടന്നു പോകുന്നത്. മറവന്തുരുത്ത്, ചെമ്പ്, വെള്ളൂർ, തലയോലപ്പറമ്പ് പഞ്ചായത്തുകളിലെ ആയിരക്കണക്കിന് യാത്രക്കാരും തൃപ്പൂണിത്തുറ ഭാഗത്തു നിന്നും കോട്ടയം ഭാഗത്തേക്ക് ഗൂഗിൾ മാപ്പ് നോക്കി എത്തുന്ന അനേകം വാഹനങ്ങളും തകർന്നു കിടക്കുന്ന ഈ റോഡിലൂടെയാണ് ദുരിത യാത്ര നടത്തുന്നത്. ഏകദേശം ഒരു കിലോമീറ്ററിനു താഴെ മാത്രമുള്ള റോഡ് വളവും തിരിവുമായി ഉള്ളതിനാൽ അപകടങ്ങൾ പതിവാണ്. കെ.എസ്.ടി.പി ഏറ്റെടുത്ത ചന്തപ്പാലം - മുളക്കുളം റോഡിൻ്റെ ഭാഗമായ ഈ റോഡ്, മുടങ്ങിക്കിടക്കുന്ന ചന്തപ്പാലം - മുളക്കുളം, വടയാർ -മുട്ടുചിറ റോഡിൻ്റ നിർമ്മാണം പുതിയ കരാറുകാർ ഏറ്റെടുത്തിട്ടുണ്ടെങ്കിലും നിർമ്മാണം മാത്രം തുടങ്ങിയില്ല. റോഡ് നന്നാക്കാൻ അടിയന്തിര നടപടി വേണമെന്ന് തലയോലപ്പറമ്പ് കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് എം.കെ. ഷിബു ആവശ്യപ്പെട്ടു.
Comments ()