തലയോലപ്പറമ്പ് മൽസ്യ മാർക്കറ്റ് അവഗണനയിൽ
എസ്. സതീഷ്കുമാർ
തലയോലപ്പറമ്പ്: കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കം ചെന്ന മാർക്കറ്റിലുള്ള തലയോലപറമ്പിലെ മൽസ്യ വിപണന ശാല അവഗണനയിൽ. മൽസ്യ മാർക്കറ്റിൻ്റെ ശോച്യാവസ്ഥ പരിഹരിക്കാത്തതാണ് കച്ചവടക്കാർ എത്താതിരിക്കാൻ കാരണം. രാജഭരണകാലത്ത് വേലുത്തമ്പി ദളവ സ്ഥാപിച്ച തലയോലപറമ്പ് മാർക്കറ്റ് തിരക്കേറിയതും പ്രധാനപ്പെട്ടതുമായ വാണിജ്യകേന്ദ്രമായിരുന്നു.
സസ്യമാർക്കറ്റിനു സമീപത്തായി പ്രവർത്തിക്കുന്ന മൽസ്യ മാർക്കറ്റിലെ കെട്ടിടങ്ങൾ കാലപ്പഴക്കത്താൽ തകർന്ന നിലയിലാണ്. ഈ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന വ്യാപാരികൾ ഇവിടെ കയറാറില്ല. ഇപ്പോൾ ഇവർ താൽക്കാലിക കടകളിൽ ഉണക്കമീൻ വ്യാപാരവും കോഴിക്കടയും നടത്തുകയാണ്. മാർക്കറ്റിൻ്റെ തറ പൂർണ്ണമായും തകർന്ന നിലയിലാണ്. ഇവിടെ ആളുകൾ എത്താതായതോടെയാണ് മൽസ്യ കച്ചവടക്കാരും കെട്ടിടം ഒഴിഞ്ഞത്. മത്സ്യമാർക്കറ്റിൽ ഇപ്പോൾ രാവിലെ മാംസ വിൽപന നടക്കുന്നുണ്ട്. ചന്തയിലെ മാലിന്യങ്ങളും ഇവിടെ കിടക്കുകയാണ്.. സമീപത്തെ കടകളിൽ നിന്നു വരെ പ്ലാസ്റ്റിക് ജൈവ മാലിന്യങ്ങൾ തള്ളുന്നുണ്ടെന്നാണ് നാട്ടുകാരുടെ ആരോപണം. മാലിന്യം മൃഗങ്ങളും പക്ഷികളും കൊത്തിവലിക്കുന്ന നിലയിലാണ്. ആധുനിക സൗകര്യങ്ങളുള്ള കെട്ടിട സമുച്ചയം തീർത്ത് മൽസ്യ മാർക്കറ്റിൻ്റെ പ്രവർത്തനം വിപുലീകരിക്കാൻ നടപടി വേണമെന്നാണ് ആവശ്യം ഉയരുന്നത്.