തലയോലപ്പറമ്പിൽ യൂസ്ഡ് കാർ ഷോറുമിൽ തീപിടുത്തം
തലയോലപ്പറമ്പ്: യൂസ്ഡ് കാർ ഷോറുമിൽ ഉണ്ടായ തീപിടുത്തത്തിൽ ഏ.സിയും ഇതിനോട് ചേർന്ന് ഓഫിസിന് ഉള്ളിൽ വച്ചിരുന്ന ബാറ്ററികളും കത്തിനശിച്ചു. ബുധനാഴ്ച വൈകിട്ട് 7.30 ന് തലപ്പാറയിലാണ് സംഭവം. തലപ്പാറ ഏരണയ്ക്കൽ മുഹമ്മദ് അസ്ലാമിൻ്റെ ഉടമസ്ഥതയിലുള്ള ഫ്ലൈവീൽസ് എന്ന യൂസ്ഡ് കാർ ഷോറുമിലാണ് തീപിടുത്തം ഉണ്ടായത്. വൈകിട്ട് സ്ഥാപനം അടച്ച് പോയ ശേഷമാണ് തീപിടുത്തം. തീ പടരുന്നത് സമീപത്തെ കാർ വർക്ക്ഷോപ്പ് ജീവനക്കാരാണ് ആദ്യം കണ്ടത്. ഓഫീസിന് പുറത്ത് എ.സി സ്ഥാപിച്ചിരിക്കുന്ന ഭാഗത്താണ് തീപിടുത്തം ഉണ്ടായത്. പിന്നീട് ഉള്ളിലേക്ക് ആളിപ്പടരുകയായിരുന്നു. തുടർന്ന് സ്ഥാപനത്തിലെ ജീവനക്കാർ ഉടൻ ഓടിയെത്തി ഓഫീസ് മുറിയോട് ചേർന്ന് വില്പനക്കായി ഇട്ടിരുന്ന 8 ഓളം കാറുകൾ ഉടൻ അവിടെ നിന്നും മാറ്റിയതിനാൽ വൻദുരന്തമാണ് ഒഴിവായത്. ഇതിന് സമീപത്തായി പ്രവർത്തിക്കുന്ന തലയോലപ്പറമ്പ് പണിക്കശ്ശേരിൽ അജിത്തിൻ്റെ ഉടമസ്ഥതയിലുള്ള വിഷ്ണു ഓട്ടോമൊബൈൽ വർക്ക്ഷോപ്പിലേക്കും തീ പടർന്നു. വർക്ക്ഷോപ്പിൻ്റെ വശങ്ങളിൽ സ്ഥാപിച്ചിരുന്ന ഗാർഡൻ നെറ്റ്, ഇലക്ട്രിക്ക് വയറിംഗ് എന്നിവയിലേക്ക് തീ ആളി പടർന്ന് കത്തി നശിച്ചു. വർക്ക്ഷോപ്പിൽ അറ്റകുറ്റപണികൾക്കായി ഇട്ടിരുന്ന രണ്ട് ജീപ്പുകൾ തീ പടരുന്നത് കണ്ട് ഉടൻ മാറ്റി ഫയർ എക്സ്റ്റിംഗ് യൂഷർ ഉപയോഗിച്ചതിനാലാണ് ദുരന്തത്തിൻ്റെ വ്യാപ്തി കുറഞ്ഞത്. പിന്നീട് സമീപ സ്ഥലങ്ങളിൽ നിന്നും കൂടുതൽ എക്സ്റ്റിംഗ് യൂഷർ എത്തിച്ച് തീ നിയന്ത്രണ വിധേയമാക്കുകയായിരുന്നു. സംഭവം അറിഞ്ഞ് വൈക്കത്ത് നിന്നും രണ്ട് ഫയർ യൂണിറ്റ് സ്ഥലത്തെത്തിയാണ് തീ പൂർണ്ണമായി കെടുത്തിയത്. തലയോലപ്പറമ്പ് പോലീസ് സ്ഥലത്തെത്തി. തീ പിടിക്കാനുണ്ടായ കാരണം വ്യക്തമല്ല.