തരിശുഭൂമിയിൽ പൊന്നുവിളയിച്ച് കൃഷിക്കൂട്ടം
എസ്. സതീഷ്കുമാർ
വൈക്കം: തരിശ് നിലത്തിൽ വിത്തിട്ട് വിളകൊയ്തെടുത്ത് വിരമിച്ച സർക്കാർ ഉദ്യോഗസ്ഥരുടെ കൃഷിക്കൂട്ടം. വൈക്കം മറവൻതുരുത്തിലാണ് വർഷങ്ങളായി തരിശു കിടന്ന ചെമ്മനാകരിയിലെ കൊടുപ്പാടത്താണ് കൃഷിക്കൂട്ടത്തിൻ്റെ നേതൃത്വത്തിൽ കൃഷിയിറക്കിയത്. നെൽകൃഷിയിൽ ഇവർ കൊയ്ത് എടുത്തത് മികച്ച വിളവ്. അറുപത്തി അഞ്ച് ഏക്കറുള്ള കൊടുപ്പാടത്തിലെ മൂന്നര ഏക്കറിലാണ് റിട്ടയേർഡ് ജീവനക്കാരുടെ കൂട്ടായ്മ നെല്ല് വിളയിച്ചത്.
കൊയ്ത്തുൽസവം പഞ്ചായത്തംഗം കെ.എസ്. വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. കൊയ്ത്ത് ഉൽസവത്തിൽ പങ്കാളികളായി വിളവ് ചാക്കിലാക്കാൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ. ശശികുമാറിൻ്റെ നേതൃത്വത്തിൽ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളും എത്തി. മുവാറ്റുപുഴയാറിൻ്റെ സമീപത്തെ പാടത്ത് വെള്ളം എത്തിക്കാനും താഴ്ന്ന ഭാഗങ്ങളിലെ ബണ്ട് ഉയർത്താനും നടപടി ഉണ്ടാകണമെന്നാണ് കർഷക കൂട്ടായ്മയുടെ ആവശ്യം. ഇതിനായുള്ള നടപടികൾ എടുക്കുമെന്നും കൃഷി മെച്ചപ്പെടുത്തി കൂടുതൽ വ്യാപിപ്പിക്കാൻ നടപടി സ്വീകരിക്കുമെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ. ശശികുമാർ പറഞ്ഞു. മറവൻതുരുത്ത് പഞ്ചായത്ത് അംഗങ്ങളും കൃഷിക്കൂട്ടം ഭാരവാഹികളും മറ്റ് കർഷകരും കൊയ്ത്ത് ഉൽസവ ആവേശത്തിൽ ആഹ്ലാദം പങ്കിടാൻ എത്തിയിരുന്നു.