ടോറസ് ലോറിയും ഇലക്ട്രിക് സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം
തലയോലപ്പറമ്പ്: ടോറസ് ലോറിയും ഇലക്ട്രിക് സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്‌കൂട്ടർ യാത്രികനായ യുവാവിന് ദാരുണാന്ത്യം. ഒപ്പം ഉണ്ടായിരുന്ന സുഹൃത്തിന് സാരമായി പരുക്കേറ്റു. തലയോലപ്പറമ്പ് കുറുന്തറ ചിറയിൽ വീട്ടിൽ ജയകുമാർ, രാജി ദമ്പതികളുടെ മകൻ സി.ജെ. രാഹുൽ (24) ആണ് മരിച്ചത്. ഒപ്പം ഉണ്ടായിരുന്ന സുഹൃത്ത് തലയോലപ്പറമ്പ് തറക്കണ്ടത്തിൽ നവീൻ (20)നാണ് പരിക്കേറ്റത്. ചൊവ്വാഴ്ച രാത്രി 8.30 ഓടെ തലയോലപ്പറമ്പ് - വൈക്കം റോഡിൽ നൈസ് സിനിമാ തീയറ്ററിന് സമീപമാണ് അപകടം. പ്രധാന റോഡിൽ നിന്നും പോക്കറ്റ് റോഡിലൂള്ള ഭൂതപുരം ഭാഗത്ത് താമസിക്കുന്ന രാഹുലിൻ്റെ സഹോദരി ജയലക്ഷമിയുടെ വീട്ടിലേക്ക് സ്കൂട്ടറിൽ പോകുന്നതിനിടെയാണ് അപകടം. വൈക്കത്ത് നിന്നും തലയോലപ്പറമ്പ് ഭാഗത്തേക്ക് വരികയായിരുന്ന ടോറസ് ലോറി പോക്കറ്റ് റോഡിലേക്ക് തിരിയുകയായിരുന്ന സ്കൂട്ടറിൽ തട്ടുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ തെറിച്ച് വീണ ഇരുവരെയും ഉടൻ മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാഹുലിൻ്റെ ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മുട്ടുചിറ ആശുപത്രി മോർച്ചറിയിൽ. തലയോലപ്പറമ്പ് പോലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ പൂർണ്ണമായും തകർന്നു. പ്രധാന റോഡിൽ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. മലേഷ്യയിൽ ഉപരിപഠനത്തിനായി പോയ രാഹുൽ അടുത്ത നാളിലാണ് നാട്ടിലെത്തിയത്.