തിരുപുരം ഉത്സവത്തിന് കൊടിയേറി
തലയോലപ്പറമ്പ്: തലയോലപ്പറമ്പ് തിരുപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് ബുധനാഴ്ച രാവിലെ തന്ത്രി മനയത്താറ്റ് മനക്കല്‍ ചന്ദ്രശേഖരന്‍ നമ്പൂതിരിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ മനയത്താറ്റ് ഹരികൃഷ്ണന്‍ നമ്പൂതിരി കൊടിയേറ്റി. ശ്രീകോവില്‍ വച്ച് പൂജിച്ച കൊടിക്കൂറ തന്ത്രിയും പൂജാരികളും ചേര്‍ന്ന് കൊടിമരചുവട്ടിലേക്ക് എഴുന്നള്ളിച്ചു. ഭക്തര്‍ വായ്കുരവയോടെ ആനയിച്ചു. മേല്‍ശാന്തി എം.എസ്. സുനില്‍ സഹകാര്‍മികനായിരുന്നു. വാദ്യമേളങ്ങളും നെറ്റിപ്പട്ടം കെട്ടിയ ഗജവീരനും നിറദീപങ്ങളും അകമ്പടിയായിരുന്നു. രാവിലെ തിരുപുരം മഹാഗണപതിക്ക് 108 നാളികേരം ഉടച്ചാണ് ചടങ്ങ് തുടങ്ങിയത്. 8 ദിവസം നീളുന്ന ഉത്സവാഘോഷത്തില്‍ 15 ഗജരാജാക്കന്‍മാര്‍ അണിനിരക്കുന്ന തിരുപുരം പകല്‍പൂരം 25 ന് ക്ഷേത്രത്തിന്റെ തെക്കെ മൈതാനത്ത് അരങ്ങേറും. പാണ്ടിമേളവും കുടമാറ്റവും പൂരത്തിന് മികവേകും. വിവിധ ദിവസങ്ങളില്‍ പുഷ്പാഭിഷേകം, സംഗീതസന്ധ്യ, കൊടിക്കീഴില്‍ വിളക്ക്, ഉത്സവബലി, പ്രസാദഊട്ട്, കാഴ്ചശ്രീബലി, മേജര്‍സെറ്റ് കഥകളി, കളഭാഭിഷേകം, സെമി ക്ലാസ്സിക്കല്‍ ഡാന്‍സ്, തിരുവാതിര, നവീനകൈകൊട്ടിക്കളി, സംഗീത സദസ്സ്, നാടകം, സൂപ്പര്‍ഹിറ്റ് ഗാനമേള, ഡാന്‍സ്, വലിയ ശ്രീബലി എന്നിവ പ്രധാന പരിപാടികളാണ്. കൊടിയേറ്റ് ചടങ്ങിന് സബ് ഗ്രൂപ്പ് ഓഫീസര്‍ എസ്. അനില്‍കുമാര്‍, ക്ഷേത്രം പ്രസിഡന്റ്, ബി. അജിത്ത്, വൈസ് പ്രസിഡന്റ് കെ. ബി. മധുസൂദനന്‍ നായര്‍, സെക്രട്ടറി എസ്. ശ്രീജിത്ത്, ഭാരവാഹികളായ രവീന്ദ്രനാഥന്‍ നായര്‍, സുരേഷ് കുമാര്‍ ആതിര, ആര്‍. കെ. രാജേഷ്, സന്തോഷ് ശ്രീരംഗം, പ്രമോദ് സുഗുണന്‍, സന്തോഷ്‌കുമാര്‍, എച്ച്. ആര്‍. രാജേഷ്, എ. ഹരിദാസ്, ആര്‍. നിതിന്‍, അനില്‍കുമാര്‍ എന്നിവര്‍ നേതൃത്ത്വം നല്‍കി.