വാക്ക് തർക്കം: സ്ക്കൂട്ടർ യാത്രക്കാരനെ കാറിടിപ്പിച്ചു
തലയോലപ്പറമ്പ്: റോഡ് അരികിൽ പാർക്ക് ചെയ്തിരുന്ന ഇന്നോവ കാർ പെട്ടെന്ന് പുറകിലേക്ക് എടുക്കുന്നതിനിടെ പിന്നാലെ എത്തിയ സ്കൂട്ടർ യാത്രക്കാരനുമായി വാക്ക് തർക്കം. സംഭവത്തിന് ശേഷം പോയ സ്കൂട്ടർ യാത്രികനെ പിന്തുടർന്ന് കാർ ഇടിച്ച് തെറിപ്പിച്ചു. റോഡിൽ തെറിച്ച് വീണ് സ്കൂട്ടർ യാത്രികനായ യുവാവിന് കാലിന് ഗുരുതരമായി പരിക്കേറ്റു. തലയോലപ്പറമ്പ് തലപ്പാറ ചേമ്പാലയിൽ ജോമോൻ സി.ജോൺസൺ (30) നാണ് പരിക്കേറ്റത്. തലയോലപ്പറമ്പ് മൈ സിനിമാസിന് സമീപം ഞായറാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ തെറിച്ച് എതിരെ വന്ന കാറിന് കോടു പാടുകൾ സംഭവിച്ചു. ഇതിനിടെ അപകടം ഇടയാക്കിയ ഇന്നോവ കടന്ന് കളഞ്ഞു. പരിക്കേറ്റ സ്കൂട്ടർ യാത്രികനെ മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം വിദഗ്ധ ചികിത്സക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. യുവാവിൻ്റെ മൊഴിയുടെ അടിസ്ഥാനത്തിൽ തലയോലപ്പറമ്പ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് സി.സി.ടി.വി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ അപകടത്തിന് ഇടയാക്കിയ ഇന്നോവ കാർ കസ്റ്റഡിയിൽ എടുത്തു. വാഹനം ഓടിച്ചിരുന്ന തലയോലപ്പറമ്പ് സ്വദേശിക്കായി പോലിസ് അന്വേഷണം ഊർജിതമാക്കി.