വൈക്കം എസ്.എന്‍.ഡി.പി. യൂണിയന്റെ 11-ാമത് ശിവഗിരി തീര്‍ത്ഥാടന പദയാത്ര പുറപ്പെട്ടു
വൈക്കം: എസ്.എന്‍.ഡി.പി. യോഗം വൈക്കം യൂണിയന്റെ നേതൃത്വത്തില്‍ നടത്തി വരുന്ന 11-ാമത് ശിവഗിരി തീര്‍ത്ഥാടന പദയാത്ര ഞായറാഴ്ച രാവിലെ ശ്രീ നാരായണ ഗുരുവിന്റെ സ്വന്തം മണ്ണായ ആശ്രമം സ്‌കൂള്‍ മൈതാനത്ത് നിന്ന് പുറപ്പെട്ടു. തീര്‍ത്ഥാടന പദയാത്രയുടെ ക്യാപ്റ്റന്‍ വൈക്കം എസ്.എന്‍.ഡി.പി. യൂണിയന്‍ പ്രസിഡന്റ് പി.വി. ബിനേഷിന് ധര്‍മ്മ പതാക കൈമാറി നഗരസഭാ ചെയര്‍മാന്‍ കെ.ജി. അബ്ദുള്‍ സലാം റാവൂത്തര്‍ പ്രയാണം ഉദ്ഘാടനം ചെയ്തു.
യൂണിയന്റെ കീഴിലുള്ള വിവിധ ശാഖാ യോഗങ്ങളില്‍ നിന്നുമെത്തിയ പീതവസ്ത്രധാരികളായ 150 പേരാണ് പദയാത്രയില്‍ അണിചേര്‍ന്നത്. 4 ദിവസം നീളുന്ന പദയാത്ര 200 കിലോമീറ്റര്‍ താണ്ടി പുതുവര്‍ഷ പുലരിയില്‍ ശിവഗിരി കുന്നിലെത്തും. പദയാത്രാ സമ്മേളനത്തില്‍ യൂണിയന്‍ പ്രസിഡന്റ് പി.വി. ബിനേഷ്, വൈസ് പ്രസിഡന്റ് കെ.വി. പ്രസന്നന്‍, യൂണിയന്‍ സെക്രട്ടറി എം.പി. സെന്‍, യോഗം അസിസ്റ്റന്റ് സെക്രട്ടറി പി.പി. സന്തോഷ്, ഡയറക്ടര്‍ ബോര്‍ഡ് അംഗം രാജേഷ് മോഹന്‍, യൂണിയന്‍ കൗണ്‍സിലര്‍മാരായ സെന്‍ സുഗുണന്‍, എം.എസ്. രാധാകൃഷ്ണന്‍, മധു പുത്തന്‍തറ, എം.പി. ബിജു, പി.എ. സതീഷന്‍, രമേശ് പി. ദാസ്, വി. വേലായുധന്‍, പി.വി. വിവേക്, കെ.ആര്‍. പ്രസന്നന്‍, വനിതാ സംഘം പ്രസിഡന്റ് ഷീജ സാബു, സെക്രട്ടറി സിനി പുരുഷോത്തമന്‍, യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് മനു ചെമ്മനാകരി എന്നിവര്‍ പ്രസംഗിച്ചു.