വൈക്കം മഹാദേവ ക്ഷേത്രത്തിലെ സ്ട്രോങ്ങ് റും തുറന്ന് പരിശോധന നടത്തണം
വൈക്കം: വൈക്കം മഹാദേവ ക്ഷേത്രത്തിലെ സ്ട്രോങ്ങ് റും തുറന്ന് പരിശോധന നടത്തണമെന്ന ഭക്തരുടെ ആവശ്യം ശക്തമാകുന്നു. വൈക്കം ഗ്രൂപ്പിലെ പല ക്ഷേത്രങ്ങളുടെയും തിരുവാഭരണങ്ങൾ വൈക്കം ക്ഷേത്രത്തിലെ സ്ട്രോങ്ങ് റൂമിലാണ് സൂക്ഷിച്ചിരിക്കുന്നത്. ഇവയുടെ കണക്കെടുപ്പ് നടത്തിയിട്ട് വർഷങ്ങളായതായി ഭക്തർ ആരോപിക്കുന്നു, ക്ഷേത്രത്തിൽ മുൻപുണ്ടായിരുന്ന ട്രഷറർ തസ്തിക നിർത്തലാക്കിയതും കണക്കെടുപ്പിനെ ബാധിച്ചു.
- ക്ഷേത്രങ്ങളിലെ സമർപ്പണം
വൈക്കം മഹാദേവ ക്ഷേത്രത്തിൽ ഉൾപ്പെടെയുള്ള വൈക്കം ഗ്രൂപ്പിലെ പല പ്രധാനപ്പെട്ട ക്ഷേത്രങ്ങളിലും ഭക്തർ സമർപ്പിക്കുന്ന സാധനങ്ങൾ സ്റ്റോക്ക് റജിസ്റ്ററിൽ ഇടം പിടിക്കാറില്ലെന്ന് ആരോപണമുണ്ട്. കഴിഞ്ഞ ദിവസം വൈക്കത്തെ മുൻ ഉപദേശക സമിതിയുടെ നേതൃത്വത്തിൽ 200 ലധികം കസേര ക്ഷേത്രത്തിൽ സമർപ്പിച്ചതും സ്റ്റോക്ക് രജിസ്റ്ററിൽ ചേർത്തിട്ടില്ല. ഊട്ടുപുരയിലേക്ക് ആവശ്യമായ ഡസ്ക്ക്, ബഞ്ച്, കസേര, പാത്രങ്ങൾ, ഫാൻ തുടങ്ങിയവയും നടയ്ക്കൽ സമർപ്പിക്കുന്ന അരി ഉൾപ്പടെയുടെയുള്ള വിഭവങ്ങൾ സ്റ്റോക്ക് രജിസ്റ്ററിൽ ചേർക്കുകയോ സമർപ്പിച്ച ഭക്തന് രസീത് നൽകുകയോ പതിവില്ലെന്നാണ് ഭക്തരുടെ പരാതി.
- വൈക്കത്തഷ്ടമി പടിവാതിൽക്കലെത്തി. ഒരുക്കങ്ങൾ ആയില്ല.
വൈക്കത്തഷ്ടമി ഇനി ഏകദേശം രണ്ടു മാസം. എന്നാൽ ഒരുക്കങ്ങൾ ആരംഭിച്ചില്ല. ക്ഷേത്രത്തിന്റെ പ്രധാന ഭാഗങ്ങളിലൊന്നായ തിടപ്പള്ളി മാസങ്ങളായി ചോർന്നൊലിക്കുന്നു. മുകളിൽ പടുത വിരിച്ച നിലയിലാണ്. വലിയടുക്കള, ചെറു കറിപ്പുര, മെസ് ഹാൾ എന്നിവിടങ്ങളിലെ മേൽക്കുരയിലെ ഓട് ഇളകി വീണത് ചോർച്ചയുണ്ടാക്കുന്നു. തെക്കു- പടിഞ്ഞാറു ഭാഗത്തെ പത്തായ പുരയുടെ മേൽക്കുരക്കും കേടുപാടുകളുണ്ട്. ക്ഷേത്ര ഓഡിറ്റോറിയത്തിലും വെള്ളം വീഴുന്ന അവസ്ഥയാണ്. ഓടകൾ തെളിക്കാത്തതുമൂലം ഒരു മഴ പെയ്താൽ ക്ഷേത്രം വെള്ളക്കെട്ടിലാകും. ക്ഷേത്രത്തിലെ മണൽ മുഴുവൻ ഒഴുകി പോയത് വെള്ളക്കെട്ട് രൂക്ഷമാക്കി. കൊടിമരത്തിന്റെ താഴെയും മലിനമാണ്. ക്ഷേത്രവളപ്പിൽ പാഴ്മരങ്ങളും പച്ചില പടർപ്പുകളും പടർന്ന് കയറിയ നിലയിലാണ്.
- സമയ ക്ലിപ്തയില്ല.
പൂജാദി കർമ്മങ്ങൾ നടത്തുന്നതിന് സമയ ക്ലിപ്തത പാലിക്കണമെന്ന ആവശ്യവും പരിഹരിച്ചിട്ടില്ല. ഇത് ദർശനതിനെത്തുന്ന ഭക്തർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു.
- പ്രാതൽ
പ്രാതൽ വഴിപാടായി നടത്തുന്ന ഭക്തരെ പിഴിഞ്ഞു കലവറയിലും ഊട്ടുപുരയിലും ദക്ഷിണ വാങ്ങുന്നത് ഒഴിവാക്കണമെന്ന ആവശ്യവും ഉയരുന്നു. വഴിപാടുകാരുടെ എണ്ണത്തിനനുസരിച്ച് പ്രാതൽ ഒരുക്കുന്നില്ലന്ന ആക്ഷേപവുമുണ്ട്. പ്രാതൽ വിതരണം നടത്തുന്നവർ ഭക്തരോട് അപമാര്യാദയായി പെരുമാറുന്നതായും പരാതിയുണ്ട്.
- ലക്ഷദിപം
ലക്ഷദീപം എന്ന ചുറ്റുവിളക്ക് തെളിയിക്കുവാൻ എത്തുന്ന ഭക്തരോട് ക്ലീനിംഗ് ചാർജ് വരെ മേടിക്കാറുണ്ടങ്കിലും എണ്ണ, തിരി എന്നിവ പോലും വേണ്ട രീതിയിൽ ഇടാറില്ലന്ന് പരാതിയുണ്ട്.
- ചുറ്റുവിളക്ക്
വൈക്കം മഹാദേവ ക്ഷേത്രത്തിലെ ലക്ഷദീപം എന്ന നാമത്തിൽ അറിയപ്പെടുന്ന ചുറ്റുവിളക്ക് പുതുതായി സ്ഥാപിക്കുന്നതിന് ഉപദേശക സമിതി 'വൈക്കത്തപ്പന് ഒരു വിളക്ക് ' എന്ന പേരിൽ ലക്ഷങ്ങൾ പിരിച്ചങ്കിലും കാലാകാലങ്ങളിൽ മാറി വന്ന ഉപദേശക സമിതിയോ ദേവസ്വമോ പതിനായിരത്തിൽപരം വരുന്ന ലക്ഷദീപം എന്ന ചുറ്റുവിളക്ക് സ്ഥാപിക്കുവാൻ നടപടിയെടുത്തില്ല.
- പാർക്കിംഗ് ഗ്രൗണ്ട്
വടക്കേ നടയിലെ പാർക്കിംഗ് ഗ്രൗണ്ട് ടാർ ചെയ്ത് ഭക്തരുടെ വാഹനങ്ങൾ സൗജന്യമായി പാർക്കു ചെയ്യുവാനുള്ള സൗകര്യ ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വടക്കേ നടയിലെ ശുചിമുറിയുടെ പോരായ്മകളും പരിഹരിക്കണം.
- ഊട്ടുപുര പന്തൽ
മുൻ ദേവസ്വം ബോർഡിന്റെ കാലത്ത് വൈക്കം ക്ഷേത്രത്തിലെ ഊട്ടുപുരയോട് ചേർന്ന് പന്തൽ സ്ഥാപിക്കുന്നതാന്ന് ഏകദേശം 2 കോടി രൂപ അനുവദിക്കുകയും ശിലാസ്ഥാപനം നടത്തുകയും ചെയ്തു.എന്നാൽ നിർമ്മാണം ഇതുവരെ തുടങ്ങിയിട്ടില്ല.
- പകരക്കാർ
ക്ഷേത്രജോലികൾ ചെയ്യുന്ന പകരക്കാരെ ഒഴിവാക്കുകയും ജീവനക്കാർക്ക് യൂണിഫോം നിർബന്ധമാക്കുകയും വേണമെന്നും ഭക്തർക്കിടയിൽ ആവശ്യമുയരുന്നുണ്ട്.
- കാണിക്ക വഞ്ചി
ക്ഷേത്രത്തിൽ കാണിക്കവഞ്ചി തുറന്ന് പല പ്രാവിശ്യം മോഷണം നടന്നിട്ടും പ്രതികളെ കണ്ടെത്താത്തത് അധികൃതരുടെ അനാസ്ഥയാണന്നും ഭക്തർ പറയുന്നു. നിലവിലുളള സി.സി. ടി.വി.യ്ക്ക് പുറമെ കൂടുതലായി സി.സി. ടി.വി സ്ഥാപിക്കുകയും ക്ഷേത്രത്തിൽ കമ്പ്യൂട്ടർ സംവിധാനം ഏർപ്പെടുത്തുകയും വേണം.
- അനധികൃത കച്ചവടം, ഭിക്ഷാടനം
വൈക്കം ക്ഷേത്രത്തിന്റെ വടക്കേ ഗോപുരം മുതൽ കൊട്ടാരം വരെയുള്ള ഭാഗത്ത് കച്ചവടം പാടില്ലന്ന ഉത്തരവ് അവഗണിച്ച് അനധികൃത കച്ചവടം നടത്തിവരുന്നത് തടയുവാൻ നടപടി സ്വീകരിക്കണം. വൈക്കം മഹാദേവ ക്ഷേത്രത്തിൽ ഭിക്ഷാടനവും ലോട്ടറി വില്പനയും കോടതി ഉത്തരവ് പ്രകാരം നിരോധിച്ചിട്ടുണ്ടങ്കിലും അതെല്ലാം നിർബാധം നടക്കുന്നുണ്ട്. നടപടിയെടുക്കുവാൻ ബന്ധപ്പെട്ടവർ തയ്യാറാകുന്നില്ല.
- തെരുവ് നായ ശല്യം
ക്ഷേത്രത്തിൽ തെരുവ് നായ ശല്യം രൂക്ഷമാണ്. 15 ലധികം നായകൾ ക്ഷേത്രത്തിൽ വിഹരിക്കുന്നു. പരസ്പരം കടിപിടികൂടുന്ന നായ്ക്കൾ ഭക്തർക്കും ഭീക്ഷണിയാണ്.