|
Loading Weather...
Follow Us:
BREAKING

വൈക്കത്ത് നാളെ ദേശപൂത്താലം: ഉദയനാപുരത്ത് 4 ന് കാർത്തികവിളക്ക്

വൈക്കത്ത് നാളെ ദേശപൂത്താലം:  ഉദയനാപുരത്ത് 4 ന് കാർത്തികവിളക്ക്
വൈക്കത്തഷ്ടമിയുടെ രണ്ടാം ഉത്സവദിവസം നടന്ന പ്രഭാത ശിവേലി

ആർ.സുരേഷ് ബാബു

നവോത്ഥാന ഭൂമിയുടെ പൈതൃകം നെഞ്ചേറ്റി ദേശപൂത്താലം

വൈക്കം: എസ്.എൻ.ഡി.പി യോഗം വൈക്കം യൂണിയൻ വനിതാസംഘം മൂന്നാം ഉത്സവനാളിൽ ക്ഷേത്രത്തിലേക്ക് നടത്തിയിരുന്ന പൂത്താലം ഈ വർഷം മുതൽ ദേശപൂത്താലമായാണ് നടത്തുക. വനിതാസംഘം പ്രവർത്തകർക്ക് പുറമേ ധീവരസഭ, കെ.പി.എം.എസ്, പട്ടാര്യസമാജം, വണിക വൈശ്യസംഘം തുടങ്ങി വിവിധ ഹൈന്ദവ സമുദായ സംഘടനകളിൽ നിന്നുള്ളവരും പങ്കെടുക്കുമെന്ന് എസ്.എൻ.ഡി.പി യോഗം വൈക്കം യൂണിയൻ സെക്രട്ടറി എം.പി. സെൻ അറിയിച്ചു. വൈകിട്ട് 5 ന് ആശ്രമം സ്ക്കൂളിൽ യൂണിയൻ പ്രസിഡൻ്റ് പി.വി. ബിനീഷ് ഭദ്രദീപം തെളിക്കും. തുടർന്ന് സ്ക്കൂൾ അങ്കണത്തിൽ നിന്ന് പുറപ്പെടുന്ന പൂത്താലം കച്ചേരിക്കവലയിലെ ഗുരുമന്ദിരത്തിലെത്തി, പടിഞ്ഞാറെ ഗോപുരം വഴി ക്ഷേത്രത്തിൽ പ്രവേശിക്കും. വിവിധ തരം വാദ്യമേളങ്ങളും ദേവീദേവന്മാരുടെ വേഷങ്ങളും പൂത്താലത്തിന് പകിട്ടേകും.

വെള്ളാപ്പള്ളി എത്തും

വൈക്കത്തഷ്ടമി മൂന്നാം ഉത്സവനാളിലെ എസ്.എൻ.ഡി.പി യോഗം വൈക്കം  യൂണിയൻ അഹസ്സിൻ്റെ ഭാഗമായി ഇന്ന് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മഹാദേവ ക്ഷേത്രത്തിലെത്തും. രാവിലെ 7ന് ക്ഷേത്രത്തിലെത്തുന്ന വെള്ളാപ്പള്ളി ദർശനവും തുലാഭാരവും മറ്റ് വഴിപാടുകളും നടത്തും.

ഉദയനാപുരത്ത് തൃക്കാർത്തിക ദർശനം

ഉദയനാപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ തൃക്കാർത്തിക ദർശനം 4 ന് നടക്കും. വെളുപ്പിന് 4 ന് നടതുറന്ന് വടക്കും ചേരിമേൽ എഴുന്നള്ളിപ്പ് യാത്രയായതിന് ശേഷം 6 നാണ് കാർത്തിക ദർശനം. താരകാസുര നിഗ്രഹം കഴിഞ്ഞ് വിജയശ്രീലാളിതനായി വരുന്ന ദേവസേനാധിപനായ സുബ്രഹ്മണ്യനെ ദേവഗണങ്ങൾ നിറദീപം തെളിച്ച് വരവേറ്റ പുണ്യദിനമാണ് കാർത്തികയെന്ന് വിശ്വസിക്കപ്പെടുന്നു. ഈ ധന്യ മൂഹൂർത്തത്തിൽ  സർവ്വാഭരണ വിഭൂഷിതനായ ഉദയനാപുരത്തപ്പനെ ദർശിച്ച് അനുഗ്രഹം വാങ്ങുവാൻ നിരവധി ഭക്തർ ക്ഷേത്രത്തിലെത്തും.

കാർത്തിക വിളക്ക്   

ഉദയനാപുരം ക്ഷേത്രത്തിലെ തൃക്കാർത്തിവിളക്ക് 4 ന് രാത്രി 10 നാണ്. ഭഗവാൻ്റെ വലിയ ചട്ടം ഉപയോഗിച്ചുള്ള വിളക്ക് എഴുന്നള്ളിപ്പിന്  സ്വർണ്ണ നെറ്റിപ്പട്ടവും സ്വർണ്ണക്കുടയും ഉപയോഗിക്കും.

വൈക്കത്തപ്പൻ്റെ പ്രൗഢഗംഭീര എഴുന്നള്ളിപ്പുകൾ

വൈക്കത്തഷ്ടമിയുടെ പ്രൗഢിയാർന്ന  എഴുന്നളളിപ്പുകൾക്ക് നാളെ തുടക്കമാകും. വലിയ ചട്ടം ഉപയോഗിച്ചുള്ള എഴുന്നള്ളിപ്പ് മൂന്നാം ഉൽസവം മുതൽ കിഴക്കേ ആനപ്പന്തലിലാണ് നടക്കുന്നത്. കിഴക്കേ ആനപ്പന്തലിൽ എഴുന്നള്ളിപ്പ് എത്തിയാൽ ആചാരമനുസരിച്ച് കൊട്ടിപ്പാടി സേവ നടക്കും. വൈകിട്ട് നടക്കുന്ന വിളക്കെഴുന്നള്ളിപ്പിന് അഞ്ച് പ്രദക്ഷിണമാണ് ഉണ്ടാവുക. ഓരോന്നിനും നാദസ്വരം, പരുഷവാദ്യം, പഞ്ചവാദ്യം, ചെണ്ടമേളം, ഘട്ടിയം എന്നിവ അകമ്പടിയാകും.

ഉദയനാപുരത്ത് വടക്കുംചേരിമേൽ എഴുന്നളളിപ്പ്

ഉദയനാപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ കാർത്തിക ഉൽസവത്തിന്റെ ഭാഗമായ  വടക്കുംചേരിമേൽ എഴുന്നളളിപ്പ് 4ന് പുലർച്ചെ 5ന് നടക്കും. എട്ടാം ഉൽസവ ദിവസമായ 3 ന് നടക്കുന്ന വിളക്കെഴുന്നള്ളിപ്പാണ് വടക്കുംചേരിമേൽ എഴുന്നള്ളിപ്പ്. എഴുന്നള്ളത്തിന് മൂന്ന് ഗജവീരൻമാർ ഉണ്ടാവും. ചെമ്പ് ദേശം വരെ പോകുന്ന എഴുന്നള്ളിപ്പ് അവിടെ വച്ച് കമഴ്ത്തി പിടിച്ച് ശംഖ് ഊതി തിരിച്ചു പോരും. കൂട്ടുമ്മൽ ക്ഷേത്രത്തിലും ഇത്തിപ്പുഴ കൊട്ടാരത്തിലും  ഇറക്കിപ്പൂജയും നിവേദ്യവും ഉണ്ട്. 

കുലവാഴ പുറപ്പാട്

ഉദയനാപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ കാർത്തിക ഉൽസവത്തിന്റെ ഭാഗമായി സംയുക്ത എൻ.എസ്.എസ് കരയോഗങ്ങൾ നടത്തുന്ന കുലവാഴ പുറപ്പെട് നാളെ നടക്കും. വൈകിട്ട് 3 ന് വിവിധ കേന്ദ്രങ്ങളിൽ നിന്നും ആരംഭിക്കുന്ന കുലവാഴ പുറപ്പാട് 4.30 ന് ക്ഷേത്രത്തിൽ എത്തിച്ചേരും. വിവിധ വാദ്യമേളങ്ങൾ അകമ്പടിയാകും ഇരുമ്പുഴിക്കര 634 -ാം നമ്പർ കരയോഗം, വടക്കേ മുറി 697 -ാം നമ്പർ കരയോഗം, പടിഞാറെ മുറി 814-ാം നമ്പർ കരയോഗം തെക്കേ മുറി 958 -ാം നമ്പർ കരയോഗം എന്നിവരുടെ കുലവാഴ പുറപ്പാട് യഥാക്രമം ഇരുമ്പുഴിക്കര ആറാട്ടുകുളങ്ങര ദേവി ക്ഷേത്രം, പടിക്കൽ ഭഗവതി ക്ഷേത്രം, ശ്രീ നാരായണ പുരം ക്ഷേത്രം, വൈപ്പിൻ പടി കൊച്ചു ഭഗവതി ക്കൽ ക്ഷേത്രം എന്നിവിടങ്ങളിൽ നിന്നും ആരംഭിക്കും. ഭാരവാഹികളായ അയ്യേരി സോമൻ പി. അശോക് കുമാർ, മനോജ് തച്ചാട്ട്, എം.സി. ഹരിക്കുട്ടൻ, ചന്ദ്ര മോഹൻ, എം.ആർ. അനിൽകുമാർ എൻ. ശിവൻ നായർ, ജി.വി.കെ. നായർ, ആർ. രവികുമാർ എന്നിവർ നേതൃത്വം നല്കും.

ഭക്തിയുടെ നിറവിൽ കൊടിപ്പുറത്ത് വിളക്ക്

വൈക്കത്തഷ്ടമിക്ക് കൊടികയറിയതോടെ നടന്ന കൊടിപ്പുറത്ത് വിളക്ക് ഭക്തിസാന്ദ്രമായി. കട്ടി മാലകളും പട്ടുടയാടകളും കൊണ്ട് അലങ്കരിച്ച് വൈക്കത്തപ്പന്റെ തിടമ്പ് പുറത്തേക്ക് എഴുന്നളളിച്ചു. ഗജവീരൻ മുണ്ടയ്ക്കൽ ശിവനന്ദനൻ തിടമ്പേറ്റി. കുളമാക്കിൽ പാർത്ഥസാരഥി, തടുത്തവിള സുരേഷ് എന്നീ ഗജവീരന്മാരും വിവിധ വാദ്യമേളങ്ങളും അകമ്പടിയായി. കൊടി പ്പുറത്ത് വിളക്ക് ദർശനം നടത്തുവാൻ നിരവധി ഭക്തരും എത്തിയിരുന്നു. 

രുദ്രാഭിഷേകം

വടയാർ സമൂഹത്തിൽ രുദ്രാഭിഷേകം  ആരംഭിച്ചു. രാവിലെ 6.30 ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തോടെ ആരംഭിക്കുന്ന രുദ്രാഭിഷേകത്തിന് അയ്മനം സുരേഷ് വാദ്ധ്യാർ, എസ്. കൃഷ്ണസ്വാമി, പി. രംഗനാഥൻ, എസ്. മണിസ്വാമി, മറ്റക്കാട്ട് ലക്ഷ്മണയ്യർ, ശിവസുബ്രഹ്മണി, എസ്. നടരാജയ്യർ വെച്ചൂർ വെങ്കിടാചലം എന്നിവരണ് കാർമ്മികത്വം വഹിക്കുന്നത്.  വടയാർ സമൂഹത്തിൽ പ്രത്യേക ആചാരാനുഷ്ഠാനങ്ങളുടെ വൈക്കത്തഷ്ടമി ആഘോഷിക്കുക പതിവാണ്. അഷ്ടമി നാളിലാണ് രുദ്രാഭിഷേകം സമാപിക്കുക.

വൈക്കത്തഷ്ടമിയോടനുബന്ധിച്ച് വടയാർ സമൂഹത്തിൽ അയ്മനം സുരേഷ് വാദ്ധ്യാരുടെ കാർമ്മികത്വത്തിൽ രുദ്രാഭിഷേകം നടത്തുന്നു

വൈക്കം മഹാദേവക്ഷേത്രത്തിൽ നാളെ

രാവിലെ 5 മുതൽ പാരായണം, 8ന് ശ്രീബലി, 10.40 മുതൽ പാരായണം, 1 ന് ഉടുക്കുപാട്ട്, 1.30 ന് പ്രഭാഷണം, 2 ന് തിരുവാതിര, 3ന് സംഗീതകച്ചേരി, 3.30 ന് ഭക്തി ഗാനസുധ, 4 ന് ഭരതനാട്യം, 5 ന് കാഴ്ചശ്രീബലി, ഭരതനാട്യം, വൈകിട്ട് 7 ന് വൈക്കം എസ്.എൻ.ഡി.പി യൂണിയന്റെ നേതൃത്വത്തിൽ ദേശപൂത്താലം, ഭക്തിഗാനമഞ്ജരി, 8.45 ന് ഭക്തിഗാനസുധ, 9 ന് വിളക്ക്.

ഉദയനാപുരത്ത് നാളെ

രാവിലെ 5 മുതൽ പാരായണം, 9.30 ന് തിരുവാതിര, 10 ന് സാക്സോഫോൺ കച്ചേരി, 11 ന് തിരുവാതിര, 12 ന് പ്രസാദ ഊട്ട്, 3 ന് കുലവാഴപുറപ്പാട്, 4.30 ന് നൃത്തനൃത്യങ്ങൾ, 5 ന് കാഴ്ചശ്രീബലി, തേരോഴി രാമക്കുറുപ്പിന്റെ പ്രമാണത്തിൽ പഞ്ചാരിമേളം, 9 ന് ഡാൻസ്, വെളുപ്പിന് 5 ന് വടക്കുംചേരിമേൽ എഴുന്നള്ളിപ്പ്.