വൈക്കത്ത് നാളെ മുതൽ ഒരു മാസം ജലവിതരണം തടസപ്പെടും
വൈക്കം: വൈക്കം മേഖലയിൽ 11 മുതൽ ഡിസംബർ 12 വരെ ജലവിതരണത്തിൽ തടസം നേരിടും. ഇടുക്കി ജലവൈദ്യുത പദ്ധതിയിലെ ജനറേറ്ററുകളിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ 30 ദിവസത്തേയ്ക്ക് ഷട്ട് ഡൗൺ അറിയിപ്പ് കെ.എസ്.ഇ.ബിയിൽ നിന്നും ജല അതോറിറ്റിക്ക് ലഭിച്ചിട്ടുണ്ട്. കടുത്തുരുത്തി, കല്ലറ, വെള്ളൂർ, മുളക്കുളം, ഞീഴൂർ, ഉഴവൂർ, വെളിയന്നൂർ, ചെമ്പ്, മറവൻതുരുത്ത്, തലയോലപറമ്പ്, ഉദയനാപുരം, ടി.വി. പുരം, തലയാഴം, വെച്ചൂർ പഞ്ചായത്തുകളിലും വൈക്കം മുനിസിപ്പാലിറ്റിയിലുമാണ് ജലവിതരണം തടസപ്പെടുക. ഇവിടെ കുടിവെള്ളം എത്തിക്കുന്ന മേവെള്ളൂർ 45 എം.എൽ.ഡി ജല ശുദ്ധീകരണ ശാലയുടെ പ്രധാന ജലസ്രോതസായ മൂവാറ്റുപുഴയാറിൽ ഷട്ട് ഡൗൺ കാലയളവിൽ ജലനിരപ്പ് താഴാൻ സാദ്ധ്യതയുണ്ട്. ഇടുക്കി ഡാമിൽ നിന്ന് തുറന്നു വിടുന്ന ജലമാണ് തൊടുപുഴയാർ വഴി മൂവാറ്റുപുഴയാറിലെത്തുന്നത്. ഷട്ട് ഡൗൺ സമയത്ത് 3 മില്യൻ ക്യുബിക് മീറ്റർ ജലത്തിന് പകരം 1 എം.എം.സി ജലം മാത്രമാണ് ലഭ്യമാക്കുവാൻ സാധിക്കുകയെന്നാണ് കെ.എസ്.ഇ.ബി അറിയിച്ചിരിക്കുന്നത്. കുടിവെള്ള വിതരണത്തിൽ തടസ്സം ഉണ്ടാകാൻ സാധ്യതയുള്ളത് മുന്നിൽ കണ്ട് ജനങ്ങൾ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് ജല അതോറിറ്റി കടുത്തുരുത്തി എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.