|
Loading Weather...
Follow Us:
BREAKING

വെള്ളാപ്പള്ളിക്കെതിരെ പത്രപ്രവർത്ത സംഘടന

വെള്ളാപ്പള്ളിക്കെതിരെ പത്രപ്രവർത്ത സംഘടന

കോട്ടയം: വെള്ളാപ്പള്ളി കേരളത്തെ വിഷലിപ്തമാക്കുന്നു കെ.യു.ഡബ്ല്യൂ.ജെ. മാധ്യമപ്രവർത്തകനെ തീവ്രവാദി എന്ന് വിളിച്ച് അധിക്ഷേപിച്ച എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ സ്ഥാപിത താൽപര്യങ്ങൾക്കായി ഏതറ്റം വരെയും പോകാൻ മടിക്കാത്ത മാടമ്പി ആണെന്ന് ആവർത്തിച്ചു തെളിയിക്കുകയാണെന്ന് കേരള പത്രപ്രവർത്തക യൂണിയൻ. കഴിഞ്ഞ ദിവസം ചോദ്യം ഉന്നയിച്ച മാധ്യമ പ്രവർത്തകൻ്റെ മൈക്ക് തട്ടി മാറ്റി പോടോ എന്ന് കയർത്ത വെള്ളാപ്പള്ളിയുടെ മാടമ്പി മനോഭാവവും ഫാഷിസ്റ്റ് നിലപാടും ജനാധിപത്യ സമൂഹത്തിന് ഒരു നിലയ്ക്കും അംഗീകരിക്കാൻ പാടില്ലാത്തതാണ്. അദ്ദേഹത്തെ തിരുത്തിക്കാൻ അടുപ്പമുള്ള നേതാക്കളും കേരളത്തിൽ സാമൂഹിക നവോത്ഥാനത്തിൻ്റെ ചാലകശക്തിയായ എസ്.എൻ.ഡി.പി യോഗവും ഇനിയെങ്കിലും ശക്തമായി രംഗത്ത് വരേണ്ടതുണ്ട്. കേരളത്തിന്‍റെ സാമൂഹികാന്തരീക്ഷം വിഷലിപ്തമാക്കുന്ന വിധത്തിലുള്ള നിരന്തര പെരുമാറ്റം ജനാധിപത്യത്തിലും സൗഹൃദ സമൂഹത്തിലും വിശ്വസിക്കുന്ന കേരള ജനത അവജ്ഞാപൂർവം തള്ളിക്കളയേണ്ടതുണ്ട്. വിശ്വ മാനവികതയുടെ പ്രവാചകൻ ആയിരുന്ന ശ്രീ നാരായണ ഗുരുവിൽ അല്പമെങ്കിലും വിശ്വാസം ബാക്കി നിൽക്കുന്നുണ്ടെങ്കിൽ അതിന് കടകവിരുദ്ധമായ വിഷലിപ്ത സമീപനത്തിൽ വെള്ളാപ്പള്ളി മാപ്പ് പറയണം. മാധ്യമങ്ങൾ അടക്കം എല്ലാവരും തങ്ങൾ പറയുന്നത് കണ്ണും പൂട്ടി കേട്ടു മടങ്ങണമെന്ന് ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിൽ ഇരിക്കുന്നവർ ധരിച്ചുവശാകുന്നത് ജനാധിപത്യ സമൂഹത്തിനു ഭൂഷണമല്ല. ജനങ്ങൾക്കു വേണ്ടിയാണ് മാധ്യമപ്രവർത്തകർ ചോദ്യങ്ങൾ ഉയർത്തുന്നത്. അതിനെ തട്ടിമാറ്റി മുന്നോട്ടുപോകാമെന്നു കരുതുന്നതു മൗഢ്യമാണെന്ന്
യൂണിയൻ സംസ്ഥാന പ്രസിഡന്‍റ് കെ.പി റജിയും ജനറൽ സെക്രട്ടറി സുരേഷ് എടപ്പാളും പറഞ്ഞു.