|
Loading Weather...
Follow Us:
BREAKING

വിദ്യാർത്ഥികൾ വിളയിച്ച കരനെൽ കൃഷി കൊയ്തെടുത്തു

വിദ്യാർത്ഥികൾ വിളയിച്ച കരനെൽ കൃഷി കൊയ്തെടുത്തു
കൊയ്തെടുത്ത നെൽകറ്റകളുമായി കുട്ടികൾ

എസ്. സതീഷ് കുമാർ

വൈക്കം: സ്കൂളിൽ കൊയ്ത നെല്ലിൻ്റെ പായസം രുചിക്കാൻ വിദ്യാർഥികൾ.
മറവന്തുരുത്തിലെ സർക്കാർ യു.പി. സ്കൂളിൽ വിദ്യാർത്ഥികൾ വിളയിച്ച കരനെൽ കൃഷി കൊയ്തെടുത്തു. ഇനി അത് അരിപ്പായസമായി കുട്ടികൾക്ക് വിളമ്പും. കുട്ടികളിൽ നെൽകൃഷിയെപ്പറ്റി അറിവും, അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ യായിരുന്നു ഈ കരനെൽകൃഷി. നെൽകൃഷിയുടെ വിതയും പരിപാലനവും കൊയ്ത്തും മെതിയുമെല്ലാം ഒരു പുതിയ അനുഭവമായി മാറി സ്കൂളിലെ കുരുന്നുകൾക്ക്. നിലം ഒരുക്കൽ മുതൽ വിത്ത് വിതക്കലും വളം ഇടലും നനക്കലും കൊയ്ത്തും ഒക്കെ കുട്ടികളുടെ സഹകരണത്തോടെ ആയിരുന്നു നടത്തിയത്.

0:00
/0:46

എൽ.കെ.ജി, യു.കെ.ജി കുരുന്നുകളും ഒന്നു മുതൽ ഏഴ് വരെ ക്ലാസ്സുകളിലുമുള്ള കുട്ടികൾക്കാണ് നെൽകൃഷി പാഠങ്ങൾ അനുഭവം കൂടിയായി മാറിയത്. ഏഴാം ക്ലാസ്സിലെ കുട്ടികളായിരുന്നു കൃഷിയുടെ പരിപാലനത്തിൽ പങ്കാളികളായത്. കർഷക സംഘം മറവന്തുരുത്ത് മേഖലാ കമ്മിറ്റി ആയിരുന്നു കൃഷിക്ക് നേതൃത്വം നൽകിയത്. പരീക്ഷണടിസ്ഥാനത്തിൽ സ്കൂളിൻ്റെ പുതിയ ബ്ലോക്കിൻ്റെയും പഴയ ബ്ലോക്കിൻ്റെയും സമീപത്തും മാവിൻ ചുവട്ടിലുമായി 4 സെൻ്റിലധികം സ്ഥലത്തായിരുന്നു വിത്തിട്ടത്. കൃഷിഭവൻ്റെ സഹായത്തോടെ ആദ്യമായി സ്കൂളിൽ നിലമൊരുക്കിയതും അരിവാൾ കൊണ്ട് കൊയ്ത് കാല് കൊണ്ട് മെതിച്ച് നെല്ലാക്കിയതും പുതുതലമറ കൗതുകപൂർവ്വം കണ്ടറിഞ്ഞപ്പോൾ ചുമതലക്കാരായ പി.ടി.എ. പ്രസിഡന്റ്‌ അഡ്വ. പി.ആർ. പ്രമോദിനും, ഹെഡ്മാസ്റ്റർ സി.പി. പ്രമോദിനും കൃഷിയുടെ ചുമതല വഹിച്ച അധ്യാപകൻ ബോബി ജോസിനും അഭിമാനത്തിൻ്റെ നിമിഷങ്ങളായി മാറി. സ്കൂളിൽ നെല്ല് വിതച്ച പി.വി. ഹരിക്കുട്ടൻ ബ്ലോക്ക്‌പഞ്ചായത്ത്‌ അംഗമായാണ് നെല്ല് കൊയ്തെടുക്കാൻ സ്കൂളിൽ എത്തിയത്. സ്കൂൾ വിദ്യാർത്ഥിയുടെ മുത്തശിയായ രത്നമ്മ ചേച്ചിയാണ് കൊയ്യാനും മെതിക്കാനും നേതൃത്വമായത്. ഇനി കൊയ്തെടുത്ത നെല്ല് അരിയാക്കി കുട്ടികൾക്ക് പായസം വച്ച് കൊടുക്കാനാണ് സ്കൂളിൻ്റെ തീരുമാനം . രക്ഷിതാക്കളായ ആർ ഗിരിമോൻ, സൗദ നവാസ്, ഷെജീന, അധ്യാപകരായ അരുണിമ ബലരാമൻ, ഐശ്വര്യ വി, സൗമ്യ സദാനന്ദൻ കർഷക സംഘം നേതാക്കളായ സനീഷ് തോട്ടുവേലി, ബാബു വെളുത്തേടത്ത് എന്നിവരും കരനെൽ കൃഷി വിളവെടുപ്പിൽ പങ്കാളികളായി.