വീട് കത്തി നശിച്ചു
തലയോലപ്പറമ്പ്: മറവൻതുരുത്ത് മണിയശ്ശേരി ക്ഷേത്രത്തിന് സമീപം കുഴിക്കേടത്ത് അഭിലാഷിൻ്റെ ഉടമസ്ഥതയിലുള്ള അതിപുരാതനമായ നാല് കെട്ടാണ് തീപിടിച്ച് കത്തിനശിച്ചത്. ഒരു നൂറ്റാണ്ടിൽ അധികം പഴക്കമുള്ള കുടുംബവീട് ഭൂരിഭാഗവും തടിയിൽ തീർത്തതാണ്. തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. കുടുംബ വീട്ടിൽ ആൾ താമസം ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവാകുകയായിരുന്നു. തീ ആളിപ്പടർന്ന് ഓടിട്ട മേൽക്കൂരയും മച്ചും ഉൾപ്പടെ കത്തി നശിച്ച് നിലംപൊത്തി. വൈക്കത്ത് നിന്നും ഫയർഫോഴ്സ് യൂണിറ്റ് എത്തിയെങ്കിലും വാഹനം കടന്ന് ചെല്ലാൻ മാർഗ്ഗം ഇല്ലാത്തത് രക്ഷാപ്രവർത്തനത്തെ ബാധിച്ചു. തലയോലപ്പറമ്പ് എസ്.ഐ പി.എസ് സുധീരൻ്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തിയിരുന്നു. ഷോർട്ട് സർക്യൂട്ടാണ് തീപിടിക്കാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം