വനിതാ സ്ഥാനാർത്ഥിക്ക് മർദ്ദനമേറ്റു
എസ്. സതീഷ്കുമാർ
വൈക്കം: വൈക്കം നഗരസഭയിലെ അയ്യർ കുളങ്ങര 13-ാം വാർഡിൽ നിന്ന് രണ്ടാം തവണയും സി.പി.എമ്മിനെതിരെ മത്സരിച്ച് ജയിച്ച വനിത സ്ഥാനാർത്ഥിക്കും രണ്ടുപേർക്കും മർദ്ദനമേറ്റു. കഴിഞ്ഞതവണ സ്വതന്ത്ര സ്ഥാനാർത്ഥിയായി ജയിച്ച് സി.പി.എമ്മിന് ഒപ്പം നിന്ന എ.സി മണിയമ്മയ്ക്കാണ് മർദ്ദനമേറ്റത്. ഈ തെരഞ്ഞെടുപ്പിലും സി.പി.എം സ്ഥാനാർത്ഥിക്കെതിരെ മത്സരിച്ചു ജയിച്ചിരുന്നു. തെരഞ്ഞെടുപ്പ് ഫലം വന്നശേഷം വാർഡിലെ വീടുകളിൽ നന്ദി പറയാൻ മറ്റ് രണ്ടുപേരോടൊപ്പം പോകുന്നതിനിടയായിരുന്നു ആക്രമണം. മണിയമ്മയുടെ കഴുത്തിന് പുറകിൽ അടിയേറ്റു. ഒപ്പമുണ്ടായിരുന്ന വിനോദ് ശ്രീദേവി ദമ്പതികൾക്കും മർദ്ദനമേറ്റു. വിനോദിൻ്റെ മുഖത്ത് മുറിവുണ്ട്. പുരികത്തിന് താഴെയും ചുണ്ടിനും കവിളിലും ആണ് മുറിവുകൾ. ശ്രീദേവിയുടെ കൈക്കു മുറിവേറ്റിട്ടുണ്ട്. രണ്ടുപേരുടെയും കരണത്തടിച്ച ശേഷം ആയിരുന്നു മണിയമ്മയ്ക്ക് നേരെ ആക്രമണം ഉണ്ടായത്.
മുരിയൻകുളങ്ങരയിൽ വോട്ടർമാരുടെ വീട്ടിൽ നന്ദി പറയുന്നതിനിടെ ഓട്ടോയിൽ എത്തിയ രണ്ടുപേരാണ് ആക്രമണം നടത്തിയത്. ഇവർ മദ്യലഹരിയിൽ ആയിരുന്നെന്നും പറയുന്നു. മദ്യം വാങ്ങി നൽകി സി.പി.എം പ്രവർത്തകർ പറഞ്ഞു വിട്ടവരാണ് തന്നെ ആക്രമിച്ച എന്നാണ് മണിയമ്മയുടെ പരാതി. പരുക്കേറ്റ മൂന്ന് പേരും വൈക്കം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. മണിയമ്മ ഇത്തവണ 120 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. സംവരണ വാർഡിൽ മണിയമ്മ 288 വോട്ടുകൾ നേടിയപ്പോൾ സി.പി.എം സ്ഥാനാർഥിയായ ആശ ലിജി കുമാറിന് 168 വോട്ടുകൾ മാത്രമാണ് കിട്ടിയത്. വൈകിട്ടോടെ ഇവിടെ കൂടതൽ പേർക്ക് നേരെ ആക്രമണം ഉണ്ടാവുമെന്ന് ഭീഷണി ഉണ്ടെന്നു മർദ്ദനമേറ്റവർ പറയുന്നു.