|
Loading Weather...
Follow Us:
BREAKING

വൃശ്ചിക വേലിയേറ്റം ശക്തം: വൈക്കത്ത് ആയിരത്തോളം വീടുകൾ വെള്ളക്കെട്ടിൽ

വൃശ്ചിക വേലിയേറ്റം ശക്തം: വൈക്കത്ത്  ആയിരത്തോളം വീടുകൾ വെള്ളക്കെട്ടിൽ
ശക്തമായ വേലിയേറ്റത്തിൽ ഉദയനാപുരം നേരെകടവ് റോഡിൽ വെള്ളം കയറിയ നിലയിൽ

വൈക്കം വാർത്ത എക്സ്ക്ലൂസിവ്

എസ്. സതീഷ്കുമാർ

വൈക്കം: ശക്തമായ വൃശ്ചിക വേലിയേറ്റത്തിൽ വൈക്കത്ത് തീരെ മേഖലയിലെ ആയിരത്തോളം വീടുകൾ വെള്ളക്കെട്ടിലായി. തണ്ണീർമുക്കം ബണ്ട് അടയ്ക്കുകയും വേലിയേറ്റം ശക്തമാകുകയും ചെയ്തതോടെയാണ് തീരമേഖലയിൽ ഈ ദുരിതം. നേരെ കടവിൽ മാത്രം നൂറോളം വീടുകളും ഉദയനാപുരം നേരെകടവ് റോഡിൻ്റെ ഒന്നര കിലോമീറ്റർ ഭാഗവും വെള്ളത്തിലായി. റോഡിൽ വെള്ളം കയറിയതോടെ യാത്രാദുരിതം മാത്രമല്ല ഉപ്പുവെള്ളം കയറി വാഹനങ്ങൾക്ക് കേടുവരുന്ന സ്ഥിതിയുമാണ്. നേരെ കടവ് സ്കൂളിൻ്റെ മുൻഭാഗത്തും റോഡിൽ വെള്ളക്കെട്ട് രൂക്ഷമായതോടെ വിദ്യാർത്ഥികൾക്ക് സ്കൂളിലെത്താനും ഈ മലിനജലം നീന്തണം.

വീടുകളിലെ കിണറുകളും ശുചിമുറികളും മലിനജനം നിറഞ്ഞതോടെ തീരമേഖലയിലെ നിരവധി കുടുംബങ്ങൾ രോഗഭീതിയിലുമാണ്. ദിവസങ്ങൾക്കു മുമ്പ് തുടങ്ങിയ ദുരിതം മാർച്ച് അവസാനം വരെ നീളും എന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. കായലിന്റെ ആഴം കുറഞ്ഞതും ഇടത്തോടുകൾ മാലിന്യം നിറഞ്ഞതും വേലിയേറ്റം ശക്തമായപ്പോൾ വെള്ളപ്പൊക്കത്തിന് തോത് കൂട്ടിയതായാണ് പരാതി. റോഡിൽ ഉപ്പുവെള്ളം നിറയുന്നതോടെ ഓട്ടോറിക്ഷ തൊഴിലാളികളും പ്രതിസന്ധിയിലാണ്.

0:00
/2:24

ഓരു വെള്ളത്തിൽ വാഹനങ്ങൾ കേടുവരുമെന്നതിനാൽ ഓട്ടം പോകാൻ കഴിയാത്ത സ്ഥിതിയാണെന്ന് ഇവർ പറയുന്നു. വെള്ളക്കെട്ട് പ്രദേശത്ത് പകർച്ചവ്യാധി മാത്രമല്ല റോഡിൽ അപകടങ്ങൾക്കും സാധ്യതയും കൂട്ടുകയാണ്. പുലർച്ചെ നാലുമണിയോടെയാണ് വീടിൻ്റെ പടിക്കെട്ട് വരെ വെള്ളം ഉയരുന്നത്. രാവിലെ എട്ടുമണിയോടെ വെള്ളം ഇറങ്ങിത്തുടങ്ങിയാലും പ്രദേശം മുഴുവൻ ചെളിയിൽ മുങ്ങും. ചെളി ഉണങ്ങി തുടങ്ങി പുറത്തിറങ്ങാറുകുമ്പോൾ അടുത്ത വേലിയേറ്റത്തിന് നേരമാകും. ഈ ദുരവസ്ഥയാണ് കായലോര മേഖലയിലെ നൂറുകണക്കിന് കുടുംബങ്ങൾക്ക് ഇപ്പോൾ ദുരിതമായി മാറുന്നത്. വർഷംതോറും വേലിയേറ്റം ശക്തമായി വരുന്നതിനാൽ ശാസ്ത്രീയമായി പഠനം നടത്തി ശാശ്വതമായ പരിഹാരം ഉണ്ടാകണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.