വരൂ കായലോര ബീച്ചിലേയ്ക്ക്: കുടുംബശ്രീയുടെ രുചിയേറും വിഭവങ്ങള്‍ ആസ്വദിക്കാം
വൈക്കം: കുടുംബശ്രീ കോട്ടയം ജില്ലാ മിഷന്റെ നേതൃത്വത്തില്‍ വൈക്കം കായലോര ബീച്ച് മൈതാനത്ത് തുടങ്ങിയ ഭക്ഷ്യമേള നഗരസഭ ചെയര്‍മാന്‍ അബ്ദുള്‍ സലാം റാവൂത്തര്‍ ഉദ്ഘാടനം ചെയ്തു. ഇനിയുള്ള അഞ്ച് ദിവസങ്ങളില്‍ കേരളത്തിന്റെ വിവധ ജില്ലകളില്‍ നിന്നെത്തുന്ന കുടുംബശ്രീ യൂണിറ്റുകള്‍ തയ്യാറാക്കുന്ന വൈവിധ്യമാര്‍ന്ന രുചിയേറുന്ന ഭക്ഷ്യവിഭവങ്ങള്‍ ആസ്വദിക്കാന്‍ വേദിയാവുകയാണ്. വൈകിട്ട് 3 മണി മുതല്‍ രാത്രി 10 മണി വരെയാണ് ഭക്ഷ്യമേള. ഇതോടൊപ്പം കായലോര ബീച്ചിന്റെ സൗന്ദ്യര്യവും വേമ്പനാട്ട് കായലിലെ കാറ്റിന്റെ കുളിര്‍മയും ആസ്വദിക്കാം. കേരളത്തിലെ വിവധ ജില്ലകളിലെ സംരംഭകരാണ് രുചിയേറും വിഭവങ്ങള്‍ തയ്യാറാക്കുന്നത്. വിവധ യൂണിറ്റുകളുടെ വിഭവങ്ങളും തനത് ഉല്‍പ്പന്നങ്ങളും പ്രദര്‍ശിപ്പിക്കും. ലൈവ് ഫുഡ് സ്റ്റാളുകളും, ലൈവ് ജ്യൂസ് കൗണ്ടറുകളും തയ്യാറായിട്ടുണ്ട്. കുടുംബശ്രീയും അയല്‍ക്കൂട്ടങ്ങളും അവതരിപ്പിക്കുന്ന കലാമേളയും അരങ്ങേറും. ഉദ്ഘാടന സമ്മേളനത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശശികുമാര്‍ അദ്ധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ ഡി.എം.സി. അഭിലാഷ് കെ. ദിവാകരന്‍, കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ സല്‍ബി ശിവദാസ്, നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ സൗദാമിനി അഭിലാഷ് ജില്ലയിലെ തൃതല പഞ്ചായത്ത് ജനപ്രതിനിധികള്‍ എന്നിവരും പങ്കെടുത്തു.